കോട്ടയം: മാപ്പിളക്കലാപനേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും സിപിഎമ്മും മുസ്ലിംലീഗും വാരിപ്പുണരുന്നതിന് പിന്നിലെ ലക്ഷ്യം വോട്ട് ബാങ്ക്. 1975-ല്‍ കേരള സര്‍ക്കാര്‍, മുഖ്യമന്ത്രി അച്യുതമേനോന് അവതാരിക എഴുതി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഡയറക്ടറിയില്‍ വാരിയംകുന്നനെയും ആലി മുസ്ലിയാരുടെയും പേരുണ്ടായിരുന്നില്ല. മൊത്തം 632 പേജുള്ള ഈ ഡയറക്ടറിയില്‍ 387 മാപ്പിളക്കലാപകാരികളും ഇല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
1972ല്‍ ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്കി സ്വാതന്ത്ര്യസമര ഭടന്മാരെ ആദരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 57 പേരെയാണ് അന്ന് ആദരിച്ചത്. ഈ ആദരിച്ചവരുടെ പട്ടികയിലും വാരിയംകുന്നനും ആലി മുസ്ലിയാരും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ദേശീയ ന്യൂനപക്ഷ മേല്‍നോട്ട സമിതിഅംഗം എ. വിനോദ് ചൂണ്ടിക്കാണിക്കുന്നു. അന്ന് വാരിയംകുന്നനോടും ആലി മുസ്ലിയാരോടും തോന്നാത്ത സ്നേഹം ഇപ്പോള്‍ തോന്നുന്നതിന് പിന്നിലെ രഹസ്യം പരസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1921ല്‍ നടന്ന മാപ്പിളക്കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നെങ്കില്‍ 1975ല്‍ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഡയറക്ടറിയില്‍ അവര്‍ സ്വാതന്ത്ര്യ സമരസേനാനികളായി ഉള്പ്പെടുമായിരുന്നില്ലേയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ സിപിഐ-കോണ്‍ഗ്രസ്-മുസ്ലിംലീഗ് സഖ്യമാണ് 1970 മുതല്‍ 77 വരെ കേരളം ഭരിച്ചത്. മുസ്ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി. കെ. കരുണാകരന് ആഭ്യന്തരവകുപ്പ് മന്ത്രിയും. വക്കം പുരുഷോത്തമനും എ.കെ. നാഹയും കെ.എം. മാണിയും ആര്. ബാലകൃഷ്ണപിള്ളയുമെല്ലാം അന്ന് മന്ത്രിസഭാംഗങ്ങളായിരുന്നു. 1981ല്‍ ഡിസംബര്‍ അഞ്ചിന് ഇന്ദിരാഗാന്ധി സര്‍ക്കാരാണ് മാപ്പിള കലാപത്തെ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ മുന്നണി രാഷ്ട്രീയ താല്പര്യത്തിനായി മുസ്ലിംലീഗിന്റെ ആവശ്യപ്രകാരമായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: