പള്ളുരുത്തി: വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി തങ്ങളുടെ വീടൊരുക്കി സല്‍ക്കരിക്കുന്ന ഹോം സ്റ്റേ ഉടമകള്‍ വലിയ പ്രതിസന്ധിയില്‍. ഓണക്കാലത്ത് ഹോം സ്റ്റേ ഉടമകള്‍ ഡിലൈറ്റ് ഹോം സ്റ്റേയിലായില് ഒത്തുചേര്‍ന്നു. കേരള ഹാറ്റ്സിന്റെ ഡെസ്റ്റിനേഷന്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പതോളം പേര് സംഗമത്തില്‍ പങ്കെടുത്തു. ഓരോ സീസണിലും വലിയ വരുമാനം നേടിക്കൊടുത്ത വീടുകള്‍ ഇപ്പോള്‍ അറ്റകുറ്റപണികള്‍ പോലും നടത്താനാവാതെ പ്രതിസന്ധിയിലാണ്. മലയാളത്തിന്റെ തനിമയും, ഗന്ധവുമുള്ള ഇത്തരം വീടുകള്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതായിരുന്നെന്ന് ഹോം സ്റ്റേ സംരഭകയായ ഷീബ പറയുന്നു.
ഒന്നര വര്‍ഷത്തിനു ശേഷം വലിയ ഇളവുകളോടെ ഹോംസ്റ്റേകള്‍ തുറക്കാന്‍ അനുവദിച്ച നടപടിയില്‍ സന്തോഷവും ഇവര്‍ പങ്കുവച്ചു. ഇനി കൊവിഡാനന്തര കാലഘട്ടം എന്നതിന് പ്രസക്തിയില്ല. കൊവിഡിനൊപ്പം ജീവിക്കുക എന്നതിലാണ് കാര്യം. ഡിലൈറ്റ് ഹോം സ്റ്റേ ഉടമ ഡേവിഡ് ലോറന്‍സ് പറഞ്ഞു. ഇതിനായി ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, നിങ്ങള്‍ ഇവിടേക്ക് എത്തിച്ചേരേണ്ടതേയുള്ളൂ ഹെറിറ്റേജ് ഹോംസ്റ്റേ ഉടമ സന്തോഷ് ടോം പറയുന്നു.
കൊച്ചിയുടെ നാഡിയിടിപ്പാണ് ഇവിടുത്തെ ഹോം സ്റ്റേകള്‍. പ്രതിസന്ധിയെ മറികടക്കാനുള്ള തീരുമാനം കൈക്കൊണ്ടാണ് അവരുടെ സംഗമം അവസാനിച്ചത്. ഉച്ചഭക്ഷണത്തിനായി ഓരോരുത്തരും സ്വന്തം വീടുകളില്‍ ഉണ്ടാക്കിയ വിഭവങ്ങളുമായാണ് സംഗമത്തില്‍ പങ്കെടുത്തത്. സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം.പി. ശിവദത്തന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉഷ, ജെയ്സണ്‍, ജോര്‍ജ്, ഷീബ ആഷ്ലെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: