കാലടി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഉത്തരപേപ്പറുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നിലച്ചു. മൂന്ന് മാസം മുമ്പാണ് സര്‍വകലാശാലയിലെ എംഎ സംസ്കൃതം സാഹിത്യവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ ഉത്തരപേപ്പറുകള്‍ കാണാതായത്. സംഭവം പുറത്തായതോടെ സര്‍വകലാശാല പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരപേപ്പറുകള്‍ ഡെപ്യൂട്ടി രജിസ്റ്റാറുടെ മുറിയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസിന്റെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിച്ച് പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നാല് പേരിലേക്ക് എത്തിയപ്പോഴാണ് നിലച്ചത്.
അന്വേഷണം നിലയ്ക്കാന്‍ ഭരണകക്ഷിയിലെ ഉന്നതരുടെ ഇടപെടലുകള്‍ നടന്നതായി ആരോപണമുണ്ട്. ഇതിനിടയില്‍ ഉത്തരപേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷ മൂല്യനിര്‍ണയ ചെയര്‍മാനും ഇടതുപക്ഷ അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ പ്രസിഡന്റുമായ ഡോ. കെ.എസ്. സംഗമേശന് ജില്ലാകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജ്യാമത്തിന് അപേക്ഷിച്ചു.
സംസ്കൃതം സാഹിത്യവിഭാഗത്തിലെ മൂന്നാം സെമസ്റ്ററിലെ ഒന്‍പത് വിഷയങ്ങളിലെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്. സര്‍വകലാശാലയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പല നിര്‍ണായക തെളിവുകളും പോലീസിന് ലഭിക്കുമെന്ന് കരുതിയെങ്കിലും പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേയും സിസിടിവികളും പ്രവര്‍ത്തന രഹിതമാണ്. അനധികൃത നിയമനവിവാദങ്ങളും ഉത്തരക്കടലാസുകള്‍ കാണാതായ സംഭവവും നിലനില്‍ക്കെ ഇന്ന് സര്‍വകലാശാലയില്‍ നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) പിയര്‍ സംഘം സന്ദര്‍ശനം നടത്തും. സര്‍വകലാശാല ഗ്രേഡിങ് നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സന്ദര്‍ശനമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: