പാശ്ചാത്യ ഭൗതികശാസ്ത്രം പരീക്ഷണശാലയുടെ ശാസ്ത്രമാകുന്നു. പരീക്ഷണശാലയാകട്ടെ, ശാസ്ത്രജ്ഞനു പുറത്ത് അയാളുടെ പരിസ്ഥിതി(vironment) യിലുമാണ്. ശാസ്ത്രജ്ഞന് വേറെ, പരിസ്ഥിതി വേറെ. പരിസ്ഥിതിയെ പ്രകൃതി(nature) എന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അപൂര്‍ണ്ണതയെ പൂര്‍ണ്ണതയെന്നു തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. റിപ്പോര്‍ട്ടുകളുടെ ഭാഷയില്‍ കര്‍മ്മണി (passive voice) പ്രയോഗിച്ച് ശാസ്ത്രജ്ഞന് എന്ന വ്യക്തിയുടെ സാന്നിദ്ധ്യം ഒളിച്ചുവെച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഒരിക്കല്‍ തിരിഞ്ഞു കുത്തുകതന്നെ ചെയ്യും.
പാശ്ചാത്യശാസ്ത്രത്തില്‍ ശാസ്ത്രജ്ഞന്റെ ഇന്ദ്രിയങ്ങളും മസ്തിഷ്കങ്ങളുമടങ്ങുന്ന ഭൗതികശരീരമാണ് എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്നത്. ഉപകരണങ്ങളും കമ്പ്യൂട്ടറുകളും കണ്ടേക്കാം. എന്നാല്‍ അവയും പരിസ്ഥിതിയിലുള്ള അതേ ദ്രവ്യങ്ങള്‍തന്നെ. ശാസ്ത്രജ്ഞന് എന്ന വ്യക്തി പുറത്തുനിന്നുകൊണ്ട് പരിസ്ഥിതിയെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയിലെ ദ്രവ്യങ്ങള്‍ തിരിച്ച് ശരീരത്തെ നിയന്ത്രിക്കുന്നുമുണ്ടല്ലോ. ഇവിടെ ചാക്രികം(circularity) എന്ന യുക്തിഭംഗം സംഭവിക്കുന്നു.
ന്യൂട്ടന്റെ ഭൗതികം അളവുകളുടേയും ഗണിതത്തിന്റേയും ഭാഷയിലുള്ള കൃത്യമായ പരിസ്ഥിതി വിവരണം മാത്രമാണ്. ആ ശാസ്ത്രത്തിന് പരമാവധി ഒരൊറ്റ വ്യവഹാരസമ്പ്രദായത്തില്‍ എത്തിക്കാനെ സാധിക്കുകയുള്ളു. ഇന്നത്തെ ഭൗതികശാസ്ത്രത്തില്‍ ബബേല്‍ ഗോപുരത്തിലുണ്ടായിരുന്നതിനേക്കാള്‍ അധികം ഗണിതഭാഷകള്‍ നിലവിലുണ്ടുതാനും! ആധുനികശാസ്ത്രത്തിന്റെ പ്രകൃതിദര്‍ശനം അസ്വാഭാവികമാകുന്നു.
പാശ്ചാത്യ ശാസ്ത്രത്തിന് ഒരിക്കലും ഒരു അന്തിമസിദ്ധാന്തത്തിലെത്താന് സാധിക്കുകയില്ല. അനിശ്ചിതത്വവും (uncertainty) ആപേക്ഷികത്വവും (relativity) കടന്നുവരികതന്നെ ചെയ്യും. ഒളിച്ചുവെച്ച ശാസ്ത്രജ്ഞന് എന്ന വ്യക്തി തിരിച്ചു കുത്തുകയാണ്. രണ്ടു തത്വങ്ങളും ഇല്ലാത്ത (ആവശ്യമില്ലാത്ത) മൂലപ്രകൃതിയില്‍ അവയെ ആരോപിച്ച് ശാസ്ത്രജ്ഞന് രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും ആധുനിക ഭൗതികശാസ്ത്രം അതിസങ്കീര്ണ്ണതയുടെയും വൈരുദ്ധ്യങ്ങളുടെയും പടുകുഴിയില്‍ താണുപോകുന്നതാണ് ഇന്നത്തെ മുന്‍നിര ഗവേഷണരംഗത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്.
പാശ്ചാത്യ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും അവകാശസ്ഥാപനത്തിനുവേണ്ടിയുള്ള അപേക്ഷകള്‍ (patent applications) ആയി തരം താണിരിക്കുന്നു.
അവിടെ ഉള്ളത് പരീക്ഷണശാലയിലേയും പണിശാലയിലേയും ആചരണങ്ങള്ക്കുവേണ്ട കുറിപ്പടികളും സൂത്രവിദ്യകളും മാത്രം. ജ്ഞാനത്തിലേക്കല്ല, അജ്ഞേയവാദത്തിലേക്കാണ് ആ ശാസ്ത്രം നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഭാരതത്തിന്റെ ശരിയായ പ്രകൃതിശാസ്ത്രം
പരിസ്ഥിതിയെ മാത്രം പരിഗണിച്ചുകൊണ്ട് പരീക്ഷണശാലയെ മാത്രം ആശ്രയിക്കുന്ന പാശ്ചാത്യശാസ്ത്രങ്ങള്‍ക്ക് മേല്പറഞ്ഞ പരിമിതികള്‍ ഉണ്ട്. ശാസ്ത്രജ്ഞന് തന്റെ പരിസ്ഥിതിയില്‍ ലയിച്ചു ചേരുമ്പോഴേ മൂലപ്രകൃതിയാവുകയുള്ളു. ശരീരം പരിസ്ഥിതിയിലും ജീവാത്മാവ് പരമാത്മാവിലും ലയിച്ച് സാക്ഷാത്ക്കാരം നേടേണ്ടിയിരിക്കുന്നു. ശരീരബോധം തീര്‍ത്തും ഇല്ലാതാവേണ്ടിയിരിക്കുന്നു. ഒളിച്ചുകളി കൊണ്ടായില്ല. മഹാസമാധി വരെ കാത്തിരിക്കേണ്ടതുമില്ല.
നമ്മുടെ ഋഷീശ്വരന്മാര് പ്രകൃതിയെ കണ്ടത് മനഃകണ്ണുകൊണ്ടും ആരാധിച്ചിരുന്നത് മാനസപൂജകൊണ്ടുമായിരുന്നു. പരീക്ഷണനിരീക്ഷണങ്ങള്‍ കൊണ്ടല്ല, ചൂഷണം ചെയ്തതുമില്ല. അവരുടെ പ്രകൃതിദര്‍ശനം സ്വാഭാവികമായിരുന്നു. ഇടപെടാതെ കാണുന്ന (ഈ ക്ഷണം ചെയ്യുന്ന) ഒരു സമഷ്ടിവ്യക്തിത്വ (സാക്ഷി, ഈശ്വരന്)ത്തിന് വിഷയമായിട്ടുള്ളതാണ് പ്രകൃതി. ജീവാത്മാവിന് തന്റെ പരിസ്ഥിതിയെ മാത്രമെ കാണാനാവുകയുള്ളു.
ഭാരതത്തിന്റെ അപരാവിദ്യകള് ‘തഥത’ അഥവാ തനതായ (as it is) പ്രകൃതിശാസ്ത്രങ്ങളാണ്. അവ നിയന്ത്രണബുദ്ധിയോടെയല്ല, സമര്‍പ്പണബുദ്ധിയോടെയാണ് പ്രകൃതിയെ സമീപിക്കുന്നത്. ബലപ്രയോഗമല്ല, വിധേയത്വമാണ് അവയുടെ മുഖമുദ്ര. എല്ലാ പ്രകൃതിശാസ്ത്രങ്ങളും, യാതൊരു നീക്കുപോക്കുമില്ലാതെ പരമേശ്വരനും പരമാത്മാവിനുമുള്ളതുമാകുന്നു. മനുഷ്യന് എന്ന ജീവാത്മാവിനുള്ളതല്ല. സംശയങ്ങള്‍ തീര്‍ത്ത് നിശ്ചയത്തിലെത്തുന്നതോടെ മനുഷ്യന് ഈശ്വരപദത്തിലേക്കുയരുന്നു. ഗവേഷണം ആരാധനയാകുന്നു.
തന്നെ ഗര്‍ഭം ധരിച്ച അമ്മയായാണ് ഭാരതീയര്‍ പ്രകൃതിയെ സങ്കല്പിക്കുകയും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നത്. ഭാരതത്തിന്റെ പ്രകൃതിദര്‍ശനമാണ് ശരിയായ പ്രകൃതിദര്‍ശനം. പ്രസ്തുത ദര്‍ശനത്തിന് കീഴില്‍, പാശ്ചാത്യ ശാസ്ത്രശൈലിയെ വെല്ലുന്ന ഒരു ആദ്ധ്യാത്മിക പ്രകൃതിശാസ്ത്രം നമുക്ക് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. നമ്മുടെ
പൂര്‍വ്വസൂരികളോടുള്ള കടമ നിര്‍വ്വഹിക്കുക തന്നെ വേണം. അതാണ് ഭാരതീയ ഭൗതികശാസ്ത്രജ്ഞന്മാരുടെ സമകാലിക കര്‍ത്തവ്യം. സ്തുതി നിന്ദകള്‍ നിരര്‍ത്ഥകങ്ങളാകുന്നു.
സത്യേന്ദ്രനാഥ് ബോസിന്റെ ശാസ്ത്രം
പടിഞ്ഞാറിന്റേത് ബാഹ്യദൃഷ്ടിയും, ഭാരതത്തിന്റേത് ‘തഥത’യുടെ അന്തര്ദൃഷ്ടിയുമാകുന്നു. പാശ്ചാത്യ ഭൗതികശാസ്ത്രത്തില്‍ ‘തഥതാ’ദര്ശനമില്ലാത്തതാണ് ആ ശാസ്ത്രത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പരിഹരിക്കേണ്ടത് ‘തഥതാ’ ദര്‍ശനം കൊണ്ടുതന്നെ. അപ്പോള്‍ ബലപ്രയോഗങ്ങള്‍ സമൂഹനൃത്തചലനങ്ങളായി മാറും. ഹിംസാമത്സരങ്ങളും വിധ്വംസകപ്രവര്‍ത്തനങ്ങളും ത്യജിച്ച് ലക്ഷ്യം പരമാനന്ദമാകും. ഉപകരണവിദ്യകള് സമൂഹശ്രേയപ്രേയസ്സുകള്ക്കുവേണ്ടി മാത്രമാകും.
1920 കളില്‍ സത്യേന്ദ്രനാഥ് ബോസ് എന്ന ഭാരതീയ ഭൗതികശാസ്ത്രജ്ഞന്‍ പ്രകാശകണങ്ങളുടെ സ്വത്വത്തിലെ ഏകത്വം കണ്ടെത്തി. പാശ്ചാത്യശാസ്ത്രജ്ഞര് ആദ്യം കൈക്കില കൂട്ടാതെ തള്ളിക്കളഞ്ഞു. ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് എന്ന മഹാനായ ശാസ്ത്രജ്ഞന്റെ കണ്ണില്പ്പെട്ടതുകൊണ്ടുമാത്രം ബോസ് സ്മരിക്കപ്പെടുന്നു. ബോസിന്റെ കണക്കല്ലാതെ, അതില്‍ അടങ്ങിയിരിക്കുന്ന ഭാരതത്തിന്റെ ഉള്‍ക്കാഴ്ച (അളവുകളുടെ പരിമിതി) ഇന്നും പാശ്ചാത്യര്‍ക്ക് ബോധിച്ചിട്ടില്ല.
പാശ്ചാത്യ ശാസ്ത്രശൈലിയില് ഭാരതത്തിന്റെ ‘തഥത’യുടെ മൂലപ്രകൃതി ശാസ്ത്രം അവതരിപ്പിക്കാനുള്ള വഴിയാണ് ബോസ് തുറന്നുതന്നിരിക്കുന്നത്. ശതാബ്ദിക്ക് മൂന്നുവര്‍ഷം മാത്രം ബാക്കി നില്‍ക്കുമ്പോഴും കണ്ടെത്തലിന്റെ ഭൗതികം പാശ്ചാത്യശാസ്ത്രത്തിന് അന്യമായിത്തന്നെ തുടരുന്നു.
ബോസിന്റെ കണ്ടെത്തലിനെ കണങ്ങളുടെ ചലനതന്ത്രത്തില് സന്നിവേശിപ്പിച്ചാല്‍ മാത്രം മതി. സ്വയംഭ്രമണ (spin) യുഗ്മ (couple)ങ്ങളുടെ ചലനത്തെ സമൂഹനൃത്തമായും പ്രകൃതിയിലെ സംഭവങ്ങളെ (events) നൃത്തത്തിലെ ചുവടുമാറ്റങ്ങളായും കണ്ടാല്‍ മതി. ലക്ഷണമൊത്ത ‘തഥത’യുടെ പ്രകൃതിശാസ്ത്രമാകും. നമ്മുടെ ഭൗതികശാസ്ത്രജ്ഞര്‍ തന്നെ മുന്‍കൈയെടുക്കേണ്ടിവരും.
ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജനനാ-
ന്ത്യത്തോളം പരമഹാമായതന്റെഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: