ചാത്തന്നൂര്‍: കൊവിഡ് മഹാമാരിയില്‍ വിപണി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് കൈത്താങ്ങായി ചിറക്കര കൃഷിഭവന്. ഓണസമൃദ്ധി 2021-ന്റെ ഭാഗമായി കൃഷിഭവന് ഒരുക്കിയ കര്ഷകച്ചന്തയിലൂടെ ഒന്നര ടണ്‍ പഴം-പച്ചക്കറികളാണ് സംഭരിച്ചത്. കരിമ്പും കറിനാരകവും മുതല്‍ ഞവരയും ചേറാടിയും വരെ ഇതിലുള്‍പ്പെടും.
കര്‍ഷകരുടെ കൈ നിറയണം, വാങ്ങുന്നവരുടെ മനസ്സും എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചന്തയില്‍ ഏകദേശം 77,000 രൂപയുടെ സാധനങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ചു. ഇതിലൂടെ ഓണത്തിനുള്ള പച്ചക്കറികള്‍ പരമാവധി വിഷരഹിത സുരക്ഷിത ഉത്പന്നങ്ങളാകണമെന്ന ലക്ഷ്യവും സാധ്യമാക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. ചിറക്കരയിലെ കര്‍ഷകരില്‍നിന്ന് അധികൃതര്‍ പ്രതീക്ഷിച്ചതിലുമധികം സാധനങ്ങളാണ് ചന്തയില്‍ എത്തിയത്. കര്‍ഷകര്‍ അധികമായി എത്തിച്ച കറിനാരങ്ങ, പാവല്‍, മൊന്തന്‍ കായ, ഇഞ്ചി തുടങ്ങിയ സാധനങ്ങള്‍ മറ്റ് കൃഷിഭവനുകളുടെ ചന്തകളിലേക്കും നല്കി.
ഉരുളക്കിഴങ്ങ്, സവാള, ബീന്‍സ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ സാധനങ്ങള്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് എടുത്തത്. സംഭരിച്ച ഉത്പന്നങ്ങള്‍ക്ക് വിപണിയിലെ സംഭരണവിലയേക്കാള്‍ കൂടിയ വിലയാണ് നല്‍കിയത്. സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കാനും കഴിഞ്ഞെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: