കണ്ണൂര്‍: കാര്‍ഷിക വായ്പയ്ക്ക് അപേക്ഷയുമായെത്തിയ യുവതിക്ക് ഫോണില്‍ അശ്ലീല സംഭാഷണങ്ങള്‍ അയച്ച് സിപിഎം നേതാവ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിലെ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട യുവതിയോടാണ് നേതാവ് വാട്സ്ആപ്പിലൂടെ മോശമായി പെരുമാറിയത്. പിണറായി ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിയാണ് യുവതിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം.
നിഖിലിനെതിരേ യുവതി പരസ്യമായി രംഗത്തെത്തിയെങ്കിലും സിപിഎം പാര്‍ട്ടിതലത്തില്‍ ഇയാള്‍ക്കെതിരേ ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ഭരണസമിതി ബാങ്കില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സഹകരണ സൊസൈറ്റിയില്‍ വന്ന യുവതിയോട് യുവാവ് അസഭ്യമായ ഭാഷയില്‍ പ്രതികരിക്കുന്നതിന്റെ തെളിവുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് യുവതി സഹകരണ സൊസൈറ്റിയില്‍ അന്‍പതിനായിരം രൂപ വ്യക്തിഗത വായ്പയെടുക്കാനായെത്തിയത്. നിഖിലിനെ കണ്ട് വായ്പാ ഫോറം പൂരിപ്പിച്ചു നല്കിയ യുവതി ജാമ്യക്കാരായി അച്ഛനെയും മറ്റൊരാളെയും കൊണ്ടുവരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് നിഖില്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. വായ്പയ്ക്കായെത്തിയ യുവതിയുടെ ഫോണില്‍ സൊസൈറ്റി സെക്രട്ടറിയായ നിഖില്‍ നരങ്ങോലി അര്‍ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സ്ആപ്പില്‍ നിരന്തരം മെസേജ് അയയ്ക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. രാത്രിയില്‍ യുവതിയുമായി വാട്സ് ആപ്പില്‍ ചാറ്റു ചെയ്ത നിഖില്‍, ലോണ്‍ വേണമെങ്കില്‍ തനിക്ക് ശാരീരികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. സിപിഎം അണ്ടലൂര്‍ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയായ നിഖിലിന്റെ ശല്യപ്പെടുത്തല്‍ യുവതി പിതാവിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഇതിനുശേഷം ഇവര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയെ വിവരം അറിയിക്കുകയും സൊസൈറ്റി പ്രസിഡന്റുകൂടിയായ ഇയാളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരം കിടക്കുമെന്ന് യുവതി അറിയിച്ചു. തുടര്‍ന്നായിരുന്നു നടപടി. പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്നമൊതുക്കി തീര്‍ക്കാനുള്ള ഇടപെടലുകള്‍ നടന്നതായും ആരോപണമുണ്ട്. ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖില്‍ തുടരുന്നുണ്ട്. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: