കോഴിക്കോട്: ഓണക്കാലത്ത് മലബാര്‍ മില്‍മയുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. ഉത്രാടവും തിരുവോണവുമുള്പ്പെടെ നാലു ദിവസങ്ങളില്‍ 36.38 ലക്ഷം ലിറ്റര്‍ പാലും 6.31 ലക്ഷം കിലോ തൈരും മില്‍മ മലബാര്‍ മേഖലാ യൂണിയന് വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാല് വില്‍പ്പനയില്‍ 10 ശതമാനവും തൈര് വില്‍പ്പനയില്‍ ഒരു ശതമാനവുമാണ് വര്‍ധന.
ഉത്രാട ദിനത്തില്‍ മാത്രം 13.95 ലക്ഷം ലിറ്റര്‍ പാല് വില്‍പ്പന നടത്തി. ഒരു ദിവസം ഇത്രയും പാല് വില്‍ക്കുന്നത് മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും ചെയര്മാന് കെ.എസ്. മണി, മാനേജിങ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ അറിയിച്ചു.
കൂടാതെ 341 മെട്രിക് ടണ്‍ നെയ്യും 88 മെട്രിക് ടണ്‍ പാലടയും, 34 മെട്രിക് ടണ്‍ പേഡയും ഓണക്കാലത്ത് വിറ്റു. ഇത്തവണത്തെ ഓണക്കിറ്റില്‍ 50 മില്ലിഗ്രാം വീതമുള്ള 43 ലക്ഷം നെയ് കുപ്പികളാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന് നല്‍കിയത്. കായിക വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ 1700 കായിക വിദ്യാര്‍ഥികള്‍ക്ക് മില്‍മ ഉത്പന്നങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മലബാര്‍ മേഖലാ യൂണിയന് കീഴിലെ ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് മില്‍മ ഉത്പന്നങ്ങള്‍ അടങ്ങിയ 43,000 സ്പെഷല്‍ കോമ്പോ കിറ്റ് ഓണക്കാലത്ത് ഡിസ്കൗണ്ട് നിരക്കില്‍ നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: