കോട്ടയം: മാപ്പിളക്കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും ഇതില്‍ പങ്കെടുത്തവര്‍ രക്തസാക്ഷികളെല്ലെന്നും പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ. സി.ഐ. ഐസക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിഎച്ച്ആറിന് താന്‍ 2016ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.
1921ലെ മാപ്പിളക്കലാപത്തില്‍ ഉള്‍പ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് എന്നിവരുള്‍പ്പെടെ 387 പേരെ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രാക്രമണം എന്നിവയാണ് കലാപത്തിന്റെ പേരില്‍ നടന്നതെന്ന അന്നത്തെ പോലീസ് ചാര്‍ജ്ജ് ഷീറ്റ് രേഖയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ദേശീയതയ്ക്കു വേണ്ടി ഒന്നും ചെയ്യാതെ മാപ്പിളസ്ഥാന് ഉണ്ടാക്കാനുള്ള യുദ്ധമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. തിരൂരങ്ങാടി പള്ളി പട്ടാളം ആക്രമിച്ചെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലാപം തുടങ്ങിയത്. എന്നാല്‍, പട്ടാളം ഇവിടെയെത്തിയത് ആക്രമണം ഉണ്ടായെന്ന് പറയുന്നതിന് നാല് ദിവസത്തിന് ശേഷമാണ്. 1981 ഡിസംബര്‍ അഞ്ചിന് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. കേരളത്തിലെ മുന്നണി രാഷ്ട്രീയ താത്പര്യത്തിനായാണ് മുസ്ലിം ലീഗിന്റെ ആവശ്യപ്രകാരം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
1857 മുതല്‍ 1947 വരെയുള്ള സംഭവങ്ങളെ പ്രതിപാദിക്കുന്ന രക്തസാക്ഷി നിഘണ്ടുവിലെ അഞ്ചാം വാല്യം തിരുത്തണമെന്നാണ് നിര്‍ദേശം. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ഈ നിഘണ്ടുവിലാണുള്ളത്. ആഭ്യന്തര സഹമന്ത്രിയായിരുന്ന എഫ്.എച്ച്. മൊഹിസിന്‍ 1973 ജൂലൈ 25ന് പാര്‍ലമെന്റില്‍ 1921ലെ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നത്തെ കമ്യൂണിസ്റ്റ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2016ലാണ് ഐസിഎച്ച്ആര്‍ അംഗം കൂടിയായ ഡോ. സി.ഐ. ഐസക് അന്നത്തെ ചെയര്മാന് വൈ.എസ്. ആര്. റാവുവിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഗോരഖ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഹിമാനുഷ് ചതുര്‍വേദിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടുത്തു ചേരുന്ന ഐസിഎച്ച്ആര്‍ ജനറല്‍ ബോഡി പരിശോധിക്കും. അതിനു ശേഷമാകും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: