1921 ലെ മലബാറിലെ ചില പ്രദേശങ്ങളില്‍ നടന്ന മാപ്പിള ലഹള എന്ന് ചരിത്രം രേഖപ്പെടുത്തിയ സംഭവവികാസങ്ങളെ നടുക്കത്തോടെ മാത്രമേ കേരളസമൂഹത്തിന് ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. 1000 ഓളം പേര് കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേര് പലായനം ചെയ്യേണ്ടിവരികയും ചെയ്ത മാപ്പിള കലാപം ഏകപക്ഷീയമായ വര്ഗീയലഹളതന്നെയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന മലബാര്‍ പ്രദേശത്ത് ലഹള അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് നിരവധി മുസ്ലിങ്ങളും കൊല്ലപ്പെടുകയോ പലായനം ചെയ്യേണ്ടിവരികയോ ചെയ്തത്. കലാപത്തെത്തുടര്‍ന്ന് വാരിയന്‍കുന്നന്റെ നേതൃത്വത്തില്‍ അധികാരം സ്ഥാപിക്കുകയും സ്വന്തം സൈന്യം രൂപീകരിക്കുകയും ചെയ്ത് കീഴടക്കിയ പ്രദേശങ്ങളെ അവരുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബലപ്രയോഗം നടത്തുകയും ചെയ്തു. ലഹളക്കാര്‍ വീണ്ടും തലപൊക്കുന്നത് തടയാനാണ് എംഎസ്പി എന്ന പോലീസ്സേനയെ രൂപീകരിച്ച് മലബാറില്‍ നിലയുറപ്പിച്ചത്. 100 വര്‍ഷത്തിനുശേഷം ഈ ദാരുണ സംഭവത്തെ നാം എന്തിനാണ് വീണ്ടും ഓര്‍ക്കുന്നത്. വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്.
ചരിത്രസത്യങ്ങള്‍ പുറത്തുവരണം
മലബാര്‍കലാപം സംഭവിച്ചിട്ട് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇതിന്റെ ചരിത്രത്തെ എത്രമാത്രം വളച്ചൊടിക്കലിനാണ് വിധേയമാക്കിയിരിക്കുന്നത്. കേരളം ഭരിച്ച എല്ലാ ഭരണകൂടങ്ങളും ചരിത്രത്തെ തമസ്കരിക്കാനും വളച്ചൊടിക്കാനുമാണ് കൂട്ടുനിന്നത്. കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ക്ക് അതുകൊണ്ട് കുറെയൊക്കെ വിജയിക്കാനായിട്ടുമുണ്ട്. എന്നാല്‍ കലാപം കഴിഞ്ഞ് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രരേഖകള്‍ കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമല്ല. ആ കാലഘട്ടത്തിലെ പ്രസിദ്ധീകരണങ്ങളും കലാപത്തില്‍ നശിപ്പിക്കപ്പെടാതെ ബാക്കിയായ പുരാരേഖകളും കലാപബാധിതരായവര്‍ അന്ന് നല്കിയ വാമൊഴികളും ശേഖരിച്ചാല്‍ തന്നെ യഥാര്‍ത്ഥ ചരിത്രരചനയ്ക്ക് അത് മുതല്‍കൂട്ടാണ്. ഇത് വരെ ചരിത്രം എഴുതാന്‍ ശ്രമിച്ചവരാരും ഇത്തരം മുഴുവന്‍ ചരിത്രരേഖകളും ശേഖരിച്ചില്ല.
1921 ല്‍ മലബാറിന്റെ ചില ഭാഗങ്ങളില്‍ സംഭവിച്ചതെന്തെന്ന് സത്യസന്ധമായി അവതരിപ്പിക്കുകയായിരിക്കണം 100-ാം വാര്‍ഷികാചരണത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇതിലൂടെ ചരിത്രത്തെ മൂടിവയ്ക്കാനും വളച്ചൊടിക്കാനും കമ്മ്യൂണിസ്റ്റ് മുസ്ലിംലീഗ്, മുസ്ലീം തീവ്രവാദ ശക്തികള്‍ നടത്തിയ പരിശ്രമങ്ങളെ അതിജീവിക്കാനാകും.
ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കണം
വാര്‍ഷികാചരണങ്ങളുടെ മറ്റൊരു ലക്ഷ്യം കലാപത്തില്‍ ഇരയാവുകയും കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്ത ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം ഉണര്‍ത്തുക എന്നതാണ്. മലബാര്‍ കലാപം തികച്ചും ഏകപക്ഷീയമാവാന്‍ കാരണം ഹിന്ദുസമൂഹത്തിന്റെ അസംഘടിതാവസ്ഥയും നേതൃത്വമില്ലായ്മയും ആണ്. മലബാറില്‍ മാത്രമല്ല ഇന്ത്യയിലുടനീളം അവസ്ഥ അതുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ വര്‍ഗീയകലാപങ്ങള്‍ ഒരു നിത്യസംഭവങ്ങളായിരുന്നു. മുസ്ലിംസമൂഹത്തിന് ശക്തിയും സ്വാധീനവും ഉള്ള മേഖലകളില്‍ തുടര്‍ച്ചയായി വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും അതില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാല്‍ 1925 നുശേഷം ഈ സാഹചര്യത്തിന് മാറ്റമുണ്ടായി. ഹിന്ദുസമൂഹം സംഘടിക്കാന്‍ തുടങ്ങി. ലഹളകളെ പ്രതിരോധിക്കാന്‍ തുടങ്ങി. ഇതോടെ പല ഭാഗങ്ങളിലും വര്‍ഗീയ ലഹളകള്‍ കുറഞ്ഞു.. ഇന്ന് കേരളത്തിലായാലും ഭാരതത്തിലായാലും ഹിന്ദുസമൂഹം അസംഘടിതരോ നേതൃത്വം ഇല്ലാത്തവരോ അല്ല. ഏത് വെല്ലുവിളിയേയും നേരിടാനും അഭിമുഖീകരിക്കാനും തക്ക ആത്മവിശ്വാസവും നേതൃത്വവുമുണ്ട്. അതുകൊണ്ടുതന്നെ പഴയതുപോലെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവുന്നുമില്ല. പിറന്ന വീടും മണ്ണും വിട്ട് ഓടിപ്പോകേണ്ട അവസ്ഥയിലല്ല ഇന്നത്തെ ഹിന്ദു സമൂഹം. ഇത് ഇന്നത്തെ മലബാറിലെ ഹിന്ദുസമൂഹത്തിനുമുണ്ട്. 1921 അല്ല 2021 എന്ന യാഥാര്‍ത്ഥ്യം ഏവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
മുസ്ലിം സമൂഹം ഭീകരവാദത്തെ തള്ളിപ്പറയണം
സ്വസ്ഥമായും സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിച്ചിരുന്ന മലബാറിലെ മുസ്ലീങ്ങള്‍ ഹൈദറിന്റെയും ടിപ്പുവിന്റെയും ആക്രമണങ്ങള്‍ക്ക് ശേഷമാണ് അക്രമാസക്തരായത്. ബ്രിട്ടീഷ് സര്‍ക്കാര്‍ തുര്‍ക്കിയിലെ ഖാലിഫിനെ നീക്കംചെയ്ത നടപടിയില്‍ വിഷമമുള്ള മുസ്ലിംസമൂഹത്തിന്റെ സാമുദായിക വികാരത്തെ ആൡക്കത്തിച്ച് ദേശീയസമരത്തോടൊപ്പം അണിനിരത്താമെന്നാണ് ഖിലാഫത്ത് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. വര്‍ഗീയത ആളിക്കത്തിയെങ്കിലും അത് ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പം അണിനിരക്കുന്നതിന് പകരം അത് വിഘടനവാദത്തിലേക്ക് വഴിതെറ്റുകയാണുണ്ടായത്. ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ഏകപക്ഷീയമായ വര്‍ഗീയ കലാപമായി മാറിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒരു വിഭാഗം മുസ്ലിംനേതാക്കള് തയ്യറായിരുന്നു.
ലഹള കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരുന്നതിന്റെ ഒരു കാരണവും ഇതുതന്നെയാണ്. പുതിയ കാലഘട്ടത്തിലും പാന്‍ ഇസ്ലാമിക് മൂവ്മെന്റുകളോട് ചേര്‍ന്നുനിന്ന് ജിഹാദിനും കലാപത്തിനും ആഹ്വാനം ചെയ്യുന്ന ശക്തികള്‍ ഇപ്പോഴും കേരളത്തിലെ മുസ്ലിംസമൂഹത്തിന് ഇടയില്‍ സജീവമാണ്. ഈ പ്രവണത ആപത്താണെന്ന് മുസ്ലിംസമൂഹം തിരിച്ചറിയണം. ബഹുഭൂരിപക്ഷം മുസ്ലീങ്ങളും അക്രമവും ഭീകരവാദവും ആഗ്രഹിക്കുന്നില്ലെങ്കിലും അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ല എന്ന ശൂന്യത നിലനില്‍ക്കുകയാണ്. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് സിപിഎമ്മും കോണ്‍ഗ്രസ്സും മാറിമാറി മുസ്ലിംതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.
മാര്‍ക്സിസ്റ്റുകളും മൗദൂദിസ്റ്റുകളും ഏതാണ്ട് ഒരേ ഭാഷയിലാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഈ കമ്മ്യൂണിസ്റ്റ് ജിഹാദി ഐക്യം കേരളത്തിന് വലിയ ആപത്താണ് ക്ഷണിച്ചുവരുത്തുന്നത്. ഭീകരവാദശക്തികള്‍ക്ക് പതുങ്ങാനും പ്രവര്‍ത്തിക്കാനും കേരളം താവളമാവുകയാണ്. ഇത് അപകടമാണ് എന്ന തിരിച്ചറിവ് കേരളത്തിലെ മുസ്ലിംസമൂഹത്തിനുണ്ടാവണം. ഭീകരവാദത്തോട് ഒത്തുതീര്‍പ്പില്ലെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറിനുള്ളത്. കശ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും ഉണ്ടായിരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ സമാധാനപരമായ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിരിക്കുന്നു.
മുസ്ലിംസമൂഹത്തെ അരാജകത്വത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കുന്നതും തള്ളിവിടുന്നതും കേരളത്തിലെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സമൂഹത്തിന് ഒട്ടും ഹിതകരമായിരിക്കില്ല. കലാപം ആഘോഷമാക്കുകയല്ല മറിച്ച് മലബാര്‍ കലാപത്തിന്റെ തെറ്റ്തിരുത്താനാണ് മുസ്ലിം സമൂഹം മുന്നിട്ടിറങ്ങേണ്ടത്. മുസ്ലിം സമൂഹത്തില്‍നിന്നുതന്നെ ഇത്തരമൊരു നീക്കം ഉയര്‍ന്നുവരേണ്ടതുണ്ട്.
ഭീകരവാദത്തിനെതിരായ ജനാഭിപ്രായ രൂപീകരണത്തിന് അവര്‍ നേതൃത്വം നല്കട്ടെ. സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുക്കുന്ന കെണിയില്‍ കുടുങ്ങി മതതീവ്രവാദത്തിന്റെയും ഭീകരതയുടെയും സമീപനത്തിലേക്ക് മുസ്ലിം സമൂഹത്തെ നയിക്കുന്നതിന് പകരം മാറിവരുന്ന ലോകത്തിന്റെ ചുവരെഴുത്തുവായിക്കാനുള്ള ജനാധിപത്യ ബോധം മുസ്ലിം സമൂഹത്തിലുണ്ടാവണം. ഇതിന് മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാര്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
1921 ലെ മാപ്പിള കലാപത്തിന്റെ 100-ാം വാര്‍ഷികം ആചരിക്കുന്നത് ചരിത്രത്തില്‍നിന്ന് പാഠം പഠിച്ച് കേരളത്തെ മുന്നോട്ട് നയിക്കാനായിരിക്കണം.
പി.എന്‍. ഈശ്വരന്
പ്രാന്തകാര്യവാഹ് ആര്‍എസ്എസ്, കേരളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: