ന്യൂദല്‍ഹി: ഇ-ഫയലിങ് നടത്താനുള്ള ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് ഇന്‍ഫോസിസിന് അന്ത്യശാസനം നല്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്.
ആദായനികുതി പോര്‍ട്ടലിന്റെ ഇ-ഫയലിങ് പോര്‍ട്ടല്‍ സൃഷ്ടിച്ചത് ഇന്‍ഫോസിസാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതികമായി നിയന്ത്രിച്ചുവരുന്നതും ഇന്‍ഫോസിസാണ്. എന്നാല്‍ ജനങ്ങളുടെ പരാതി തുടരെ ലഭിച്ച സാഹചര്യത്തിലാണ് യാതൊരു മറയുമില്ലാതെ ധനമന്ത്രി ഇന്‍ഫോസിസ് സിഇഒയെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാനുള്ള അന്ത്യശാസനം ധനമന്ത്രി നല്‍കിയത്. സപ്തംബര്‍ 15നകം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍മ്മല സീതാരാമന് ഇന്‍ഫോസിസ് സിഇഒ ആയ സലീല്‍ പരേഖിനോട് ആവശ്യപ്പെട്ടു.
പോര്‍ട്ടലിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും രണ്ടരമാസമായി ഈ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും അതിനായി 750 പേര് അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും സലീല്‍ പരേഖ് പറഞ്ഞു.
ആദായനികുതി റിട്ടേണുകള്‍ പ്രോസസ് ചെയ്യുന്ന സമയം കുറയ്ക്കാനും റീഫണ്ട് വേഗത്തിലാക്കാനും 2019ലാണ് ധനമന്ത്രി ഇന്‍ഫോസിസുമായി കരാറിലെത്തിയത്. 2020 ജൂണ്‍ ഏഴിന് ഇ-ഫയലിങ് പോര്‍ട്ടല്‍ നിലവില്‍ വന്നതുമുതല്‍ ഉപയോക്താക്കള്‍ ഈ പോര്‍ട്ടലിനെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: