വൃന്ദാവനത്തിലെ വേനലും മഴയും മഞ്ഞും എല്ലാം മനോഹരമായിരുന്നു. കാരണം ഭഗവാന്റെ പാദസ്പര്ശമേറ്റതെല്ലാം മനോഹരം തന്നെ. പിന്നീട് അധരസ്പര്ശമേല്ക്കുന്ന വേണുവിന്റെ കാര്യം പറയാനുണ്ടോ?
കാട്ടിലെ മുളന്തണ്ടിന്റെ അഹന്ത കണ്ടില്ലെ? മുജ്ജന്മത്തിലെ എന്തു സുകൃതം ചെയ്തിട്ടാണാവോ ഈ മുളം തണ്ട് ഭഗവാന്റെ കയ്യില്‍ കയറിപ്പറ്റിയത്? ഗോപികമാര്‍ അസൂയപ്പെട്ടു. ഗോപികമാര്‍ പരസ്പരം പറഞ്ഞു. വൃന്ദാവനത്തിലെ പുല്‍ക്കൊടികള്‍പോലും ദേവന്മാരേക്കാള് ധന്യരാണ്. ഭഗവാന്റെ പാദസ്പര്‍ശന സുഖം അനുഭവിക്കുന്നുണ്ടല്ലോ! ഭഗവാന്റെ സാമീപ്യത്താല്‍ ജലാശയങ്ങള്‍ കോള്‍മയിരണിഞ്ഞു. അവരുടെ ഉപരിതലം ചെന്താമരകള്‍ നിറയുന്നു.
വണ്ടുകളുടെ അഹങ്കാരമാണ് അസഹനീയം. അവര്‍ താമരപ്പൂവിലെ തേനുണ്ട് മത്തരായി പാറി നടക്കുന്നു. ഭഗവാന്റെ വര്ണ്ണസാദൃശ്യം മാത്രമല്ല സ്വരസാദൃശ്യവും ഞങ്ങള്‍ക്കുണ്ട് എന്നാണവരുടെ നാട്യം! പാറി നടക്കുമ്പോള്‍ വേണുഗാനം മുഴക്കുന്നു. പ്രണവം ജപിക്കുന്നു!
വൃന്ദാവനത്തിലെ കാറ്റിനാണ് ധിക്കാരം കൂടുതല്‍. അവന് താമരപ്പൂവിന്റെ മണം മേലാസകലം വാരിപ്പൂശിയിരിക്കുന്നു. അവന് പട്ടാപ്പകല്‍ ഭഗവാനെ കെട്ടിപ്പുണരുന്നു!
ഭഗവാന്റെ ശരീരസ്പര്‍ശം സദാ അനുഭവിക്കുന്ന മുളക്കഷണത്തിന്റെ ഭാഗ്യം പോലും നമുക്കില്ലല്ലോ എന്നു ഗോപികമാര്‍ പരിതപിക്കുന്നു.
ഭഗവാന്റെ കരവലയത്തിലൊതുങ്ങി അധരാമൃതം നുകരാന്‍ കാട്ടുമുളക്കെങ്ങനെ ഭാഗ്യം സിദ്ധിച്ചു? ഭഗവാന്റെ അരക്കെട്ടിലും അധരങ്ങളിലുമാണിവളുടെ നിത്യവാസം. നമ്മുടെ ജന്മം നിഷ്ഫലം തന്നെ! ജനിക്കുന്നെങ്കില്‍ മുളന്തണ്ടായി ജനിക്കണം!
മറ്റൊരു ഗോപിക പറഞ്ഞു. നമുക്കു കാട്ടിലെ മയിലായിട്ടു ജനിക്കാമായിരുന്നു. എങ്കില്‍ ഭഗവാന്റെ വേണുഗാനത്തിന്റെ താളത്തിനൊത്ത് നൃത്തമാടാമായിരുന്നു. വേണുഗാനം കേള്‍ക്കുമ്പോള്‍ അമ്പാടിയിലെ ഗോക്കള്‍ താനെ പാലുചുരത്തിക്കൊണ്ടിരിക്കുന്നു. മരക്കൊമ്പത്ത് കണ്ണടച്ചിരിക്കുന്ന പുള്ളിനോടാണ് ഒരുത്തിക്കു ദേഷ്യം തോന്നിയത്. കണ്ടില്ലെ വേണുഗാനത്തില്‍ മുഴുകി ധ്യാനത്തിലിരിക്കുന്നത്. ഇവന് പണ്ട് ഏതോ മുനിയായിരുന്നിരിക്കണം. വൃന്ദാവനത്തിലെ വള്ളികളും ചെടികളും വൃക്ഷങ്ങളും എല്ലാം വേണുഗാനം കേട്ട് ആടിപ്പാടുകയാണ്. അവരറിയുന്നില്ല അവര്‍ പുളകിതരാകുന്നത്. അവര്‍ ഭഗവാനെ പൂക്കള്‍കൊണ്ടും ഫലങ്ങള്‍കൊണ്ടും അര്‍ച്ചന ചെയ്യുന്നു. ഭഗവാനെ കാണുന്ന മാത്രയില്‍ പക്വഫലങ്ങള്‍ ഭഗവാന്റെ പാദനമസ്കാരം നടത്തുന്നു.
മറ്റൊരു ഗോപിക അദ്ഭുതപ്പെട്ടു രാധയുടെ കുചകുങ്കുമ ശോഭയെങ്ങനെ ഈ കാട്ടാള സ്ത്രീയുടെ കൈകളിലെത്തി. ഇവളും രാധയോ? കാര്യമിതാണ്. രാധ ഭഗവാനെ നമസ്കരിച്ചപ്പോള്‍ കുചകുങ്കുമം ഭഗവാന്റെ പാദത്തിലായി. ഭഗവാന്റെ പാദസ്പര്‍ശമേറ്റ പുല്‍ക്കൊടിയും കുങ്കുമ ശോഭയാര്ജിച്ചു. ആ പുല്ലുകള്‍ ശേഖരിച്ച കാട്ടാളത്തിയും കുങ്കുമാങ്കിതയായി ശോഭിച്ചു. കാട്ടാളത്തിയുടെ സൗഭാഗ്യം! ഇതു വൃന്ദാവനത്തിലായതിനാല് മാത്രം കൈവരിച്ച ഭാഗ്യമാണ്. നാളെ നമുക്കും പുല്ലരിയാന്‍ പോകണം. അവര്‍ കാട്ടാള സ്ത്രീയാകുന്നുമെന്ന് സ്വയം സ്വപ്നം കണ്ടു. സ്വപ്നത്തില്‍ മുരളികാനാദം കേട്ടു. മുരളിക പറഞ്ഞു. ഞാന്‍ പണ്ടു വെറും മണ്ണായിരുന്നു. വെള്ളവും വളവും പ്രകൃതിതന്നതനുസരിച്ചു ഞാനും മണ്ണിനു മുകളില്‍ വളര്‍ന്നു. കാറ്റും മഴയും വെയിലും സഹിച്ചു. ഞാനെപ്പോഴും എന്റെ ഹൃദയം ശുദ്ധമാക്കി സൂക്ഷിച്ചു. അതിനാല്‍ ഭഗവാനെന്നെ സ്വീകരിച്ചു. എന്നില്‍ തുളകളിട്ടു. ഒന്നും രണ്ടുമല്ല. ഏഴെണ്ണം. ഞാനതെല്ലാം ഭഗവദിച്ഛ എന്നു കരുതി സഹിച്ചു. എന്റെ ഉള്ളില്‍ ഗാനാമൃതം നിറച്ചു. ഞാന്‍ ഭഗവാനുവേണ്ടി നാദധാര ചൊരിയുന്നു അത്രമാത്രം. ആ നാദധാര ഭഗവാന് തന്നതാണ്. അതു ഞാന്‍ ഭഗവാനു സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: