പ്രാപഞ്ചികവും ഈശ്വരീയവുമായ അവബോധതലത്തിലേയ്ക്ക് മനുഷ്യ രാശിയെ നയിച്ച ആത്മചേതസ്സാണ്ശ്രീനാരായണഗുരുദേവന്‍. നിരന്തരമായ തപസ്സില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ജ്ഞാനംകൊണ്ട് പാപത്തെ ഭസ്മീകരിച്ച് ജ്ഞാനത്തിന്റെ പരമോന്നതിയിലേക്കുയര്‍ന്ന് ഗുരുദേവന് സ്ഥിതപ്രജ്ഞനായി; പരബ്രഹ്മമായി.
‘ഓം ബ്രഹ്മണേ മൂര്‍ത്തി മതേ
ശ്രീതാനാം ശുദ്ധികേതവേ
നാരായണയതീന്ദ്രായ
തസ്മൈശ്രീ ഗുരവേ നമഃ’
ഗുരുവിന്റെ പ്രഥമ ശിഷ്യനായിരുന്ന ശിവലിംഗദാസ സ്വാമികള്‍ ഗുരുഷ്ടകമെന്ന കൃതിയിലൂടെ ഗുരുവിനെ വിലയിരുത്തുന്നു. ആശ്രയിക്കുന്നവരുടെ ശുദ്ധീകരണത്തിന് ഹേതുവായ പരബ്രഹ്മം തന്നെ ശ്രീനാരായണഗുരുദേവന്‍.
അനന്തമായി നീളുന്ന യോഗനേത്രങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖചേതസ്സും ഗുരുവിനെ ദൈവത്തോട് അടുപ്പിക്കുന്നു. അഖിലാണ്ഡമണ്ഡലം അക്ഷരങ്ങള്‍കൊണ്ട് അണിയിച്ചൊരുക്കിയ മഹാഗുരു കൊളുത്തിവച്ച ജ്ഞാനത്തിന്റെ ഭദ്രദീപം 167-ാം ജന്മദിനത്തിലും മങ്ങലേല്ക്കാതെ നിലകൊള്ളുന്നു. ആദിമൂലമായ പരബ്രഹ്മം തന്നെയാണ് ധര്‍മ്മമെന്നും ആ ധര്‍മ്മമാണ് ഏവരും പാലിയ്ക്കേണ്ടത് എന്നും ഗുരു ഘോഷിക്കുന്നു.
അവര്‍ണര്‍ക്ക് വിദ്യാഭ്യാസം പോലും വിലക്കിയിരുന്ന കാലം. ജാതിജന്യമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മലയാളനാട്ടില് അരങ്ങുവാണിരുന്നകാലം. അടിമത്തം കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട അധഃസ്ഥിത ജനതയെ ആത്മവിശ്വാസത്തിലേയ്ക്ക് കൈ
പിടിച്ചുയര്‍ത്താന്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി ഗ്രാമത്തില്‍ വയല്‍വാരത്തു വീട്ടില്‍ 1030-ാം മാണ്ട് (1954) ചിങ്ങമാസത്തിലെ ചതയം നാളില്‍ സൂര്യതേജസ്സിനു സമാനമായി ആ പുണ്യപുരുഷന് ഭൂജാതനായി. മാതാപിതാക്കളായ മാടനാശാനും കുട്ടിയമ്മയും കുഞ്ഞിന് നാണു എന്ന് പേരിട്ടു. നാണുവില്‍ നിന്നും ശ്രീനാരായണഗുരുവിലേയ്ക്കുള്ള അകലം സംഭവബഹുലമായ
ജീവിതത്തിലെ എണ്ണപ്പെട്ട കാലടികള്‍ മാത്രം.
നവോത്ഥാനത്തിന്റെ നാള്‍വഴിയില്‍ ജ്വലിച്ചുനിന്ന യുഗപുരുഷന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്ന് പ്രസക്തിയേറുകയാണ്. തിരക്കിട്ട ജീവിതയാത്രയില്‍ മറന്നുപോയ അമൂല്യമായ ജീവിതശൈലികള്‍ ശീലമാക്കാന്‍ ഇന്നത്തെ മഹാമാരിയുടെ സാഹചര്യം ഒരു നിമിത്തമായി. പരിസരശുചിത്വം, മിതമായ ജീവിതശൈലി തുടങ്ങി രണ്ടുവര്‍ഷമായി ലോകം അനുഷ്ഠിച്ചുപോരുന്ന ജീവിതരീതികള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഗുരുദേവന് പറഞ്ഞുവച്ചതായിരുന്നു.
അദ്ധ്യാത്മീകാനുഭൂതിയുടെ സമുന്നതതലങ്ങളിലേയ്ക്ക് ഉയര്‍ന്ന സ്വാമിയുടെ ഉദ്ദേശ്യം തന്നെ മനുഷ്യനെ ഒന്നായി കാണുക എന്നതായിരുന്നു.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
എന്ന സന്ദേശത്തോടെ 1888ല്‍ മഹാശിവരാത്രി ദിനത്തില്‍ അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠ മനുഷ്യനെ ആന്തരികവും ബാഹ്യവുമായി പരിവര്‍ത്തനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.
54 ക്ഷേത്രങ്ങളിലാണ് സ്വാമി പ്രതിഷ്ഠ നടത്തിയത്. ശിവന്, സുബ്രഹ്മണ്യന്, ഗണപതി, ദേവി തുടങ്ങിയ ദേവതാ വിഗ്രഹങ്ങള്‍, കളവംകോടം, വൈക്കം, ഉല്ലല ക്ഷേത്രങ്ങളില്‍ ‘ഓം ശാന്തി’ എന്നു രേഖപ്പെടുത്തിയ കണ്ണാടി, കാരമുക്ക് ചിദംബര ക്ഷേത്രത്തില്‍ ദീപം, മുരുക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്നീ സനാതന മൂല്യങ്ങള്‍ ആലേഖനം ചെയ്ത ഫലകം, ശിവഗിരിയില്‍ വിദ്യാദേവതയായ ശാരദാദേവി തുടങ്ങിയ പ്രതിഷ്ഠകള്‍ ഗുരുദേവന് നടത്തി.
സമൂഹത്തിന്റെ സര്‍വതോമുഖമായ ഉയര്‍ച്ചയ്ക്കുവേണ്ടി വിവിധ മണ്ഡലങ്ങളില്‍ അനവരതം പ്രയത്നിച്ച ആ മഹാത്മാവ് വിവിധ ഭാഷകളിലായി 54 ല്‍പരം കൃതികള്‍ രചിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഭഗവത്ഗീത എന്ന് സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ച ആത്മോപദേശശതകം, ഉപനിഷത് ദര്‍ശനമായ
ദര്‍ശനമാല, നന്മയുടെ ചിന്തയിലേയ്ക്ക് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിനുള്ള പ്രാര്‍ത്ഥനാഗീതമായ ദൈവദശകം, വേദാന്തസാരസര്‍വസ്വം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അദൈ്വത ദീപിക തുടങ്ങി ഉന്നത ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന എത്രയോ കൃതികള്‍.
1923ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച ശേഷം പറഞ്ഞത് ‘ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ധാരാളം പുണ്യാത്മാക്കളെയും മഹര്‍ഷിമാരേയും കണ്ടുമുട്ടിയുണ്ടെങ്കിലും ശ്രീനാരായണഗുരുവിനേക്കാള്‍
അദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ കാണാന്‍ കഴിഞ്ഞിട്ടില്ല’ എന്നായിരുന്നു. ശങ്കരാചാര്യര്‍, വിവേകാനന്ദസ്വാമികള്‍, രവീന്ദ്രനാഥടാഗോര്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍ തുടങ്ങി തലമുറകളില്‍ വല്ലപ്പോഴും ജന്മംകൊള്ളുന്നമഹാത്മാക്കള്‍, തങ്ങളുടെ ആയുസ്സും വപുസ്സും തപസ്സും മാത്രമല്ല സമസ്തവും ലോകനന്മക്കുവേണ്ടി സമര്‍പ്പിച്ച് ദൈവതുല്യരായവര്‍ ലോകചരിത്രത്തില്‍ അധികംപേര്‍ ഉണ്ടാകില്ല.
അത്തരം പരമാത്മാക്കളെ സമുചിതമായി ആരാധിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. വിദേശീയര്‍ ഗുരുദേവ കൃതികള്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഗുരുവിനു ജന്മം നല്കിയ കേരളീയര്‍ മാനസികാവസ്ഥയ്ക്കനുസരിച്ച് ഗുരുവിനെ വിലയിരുത്തുന്നു. ആ കരകാണാക്കടലിലെ ഒരു തുള്ളി വെള്ളം പോലും മലിനമാകാതെ സൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്.
ജീവാത്മാ പരമാത്മാ ഐക്യത്തിന്റെ മഹാദര്‍ശനം സാക്ഷാത്കരിച്ച ഗുരുദേവന് പരബ്രഹ്മം തന്നെ.
‘നമിക്കുവിന്‍ സഹജരെ
നിയതമീ ഗുരുപാദം
നമുക്കതില്പരം ദൈവം
നിനക്കിലുണ്ടോ?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: