നെയ്റോബി: ഇന്ത്യയുടെ ഷൈലി സിങ് അണ്ടര്‍-20 ലോക അത്ല്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിനാണ് ഷൈലി സിങ്ങിന് സ്വര്‍ണം നഷ്ടമായത്. ഷൈലി സിങ് 6.59 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ സ്വീഡന്റെ മജ അസ്കാഗ് 6.60 മീറ്റര്‍ താണ്ടി സ്വര്‍ണം കരസ്ഥമാക്കി.
ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. കഴിഞ്ഞ ദിവസം അമിത് ഖാത്രി 10 കിലോ മീറ്റര്‍ നടത്തത്തില്‍ വെളളി മെഡല്‍ നേടിയിരുന്നു. ആദ്യ ദിനത്തില്‍ ഇന്ത്യയുടെ മിക്സഡ് റിലേ ടിം 4-400 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.
പത്ത് കിലോ മീറ്റര്‍ നടത്തത്തില്‍ പതിനെട്ടുകാരനായ അമിത് ഖാത്രി 42 മിനിറ്റ് 17.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. 42 മിനിറ്റ് 10.84 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ കെനിയയുടെ ഹെരിസ്റ്റോണിനാണ് സ്വര്‍ണം. പത്ത് കിലോ മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോഡ് ജേതാവാണ് ഹരിയാനക്കാരനായ അമിത് ഖാത്രി.
പുരുഷന്മാരുടെ ട്രിപ്പില്‍ ജമ്പില്‍ ഇന്ത്യയുടെ ഡൊണാള്‍ഡ് മക്കിമൈരാജിന് നേരിയ വ്യത്യാസത്തിന് വെങ്കലം നഷ്ടമായി. 15.82 മീറ്റര്‍ ദൂരം ചാടിക്കടന്ന ഡൊണാള്‍ഡിന് 0.3 സെന്റീ മീറ്ററിനാണ് മൂന്നാം സ്ഥാനം നഷ്ടമായത്. ഫ്രാന്‍സിന്റെ സിമോണിനാണ് വെങ്കലം. ദൂരം 15.85 മീറ്റര്‍. സ്വീഡന്റെ ഗബ്രീയേല്‍ വാള്‍മാര്‍ക്ക് സ്വര്‍ണവും (16.43 മീ), ജമൈക്കയുടെ ജേഡണ്‍ ഹിബര്‍ട്ട് (16.05) വെള്ളിയും സ്വന്തമാക്കി.
വനിതകളുടെ പത്ത് കിലോ മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ ബല്‍ജീത് കൗര്‍ മികച്ച വ്യക്തിഗത സമയം കുറിച്ചെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്്തത്. 48 മിനിറ്റ് 58.15 സെക്കന്‍ഡിലാണ് ബല്‍ജീത് കൗര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ രോഹന് കാംബ്ലെയ്ക്ക് ഫൈനലില്‍ എത്താനായില്ല. 52.88 സെക്കന്‍ഡില്‍ ഓടിയെത്തിയ രോഹന് സെമിയില്‍ ഏഴാമനായി. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേ യില്‍ ഇന്ത്യന്‍ ടീം മികച്ച സമയം കുറിച്ചെങ്കിലും ഫൈനലില്‍ ഇടം നേടാനായില്ല. മൂന്ന്് മിനിറ്റ്് 10.62 സെക്കന്‍ഡിലാണ് ഇന്ത്യന്‍ ടീം ഓടിയെത്തിയത്. വനിതകളുടെ നാനൂറ് മീറ്ററില്‍ പ്രിയ മോഹന്‍ നാലാം സ്ഥാനം നേടി. 52.77 സെക്കന്‍ഡിലാണ് പ്രിയ ഫിനിഷ് ചെയ്തത്. പ്രിയയുടെ ഏറ്റവും മകിച്ച സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: