ഭോപ്പാൽ: മുഹറം ഘോഷയാത്രയ്ക്കിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് മധ്യപ്രദേശിലെ ഉജ്ജയിനിൽ ആറുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ‘രാജ്യത്ത് താലിബാൻ സംസ്കാരം അനുവദിക്കില്ല’ എന്ന് സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ മുന്നറിയിപ്പ് നൽകി. ‘പാക്കിസ്ഥാൻ സിന്ദാബാദ്’ ഉൾപ്പെടെ മുദ്രാവാക്യങ്ങൾ മുഴക്കിയവരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലരെക്കൂടി തിരിച്ചറിയാനുണ്ട്.
വ്യാഴാഴ്ച ഉജ്ജയിനിലെ ഗീതാ കോളനി പ്രദേശത്തുകൂടി മതഘോഷയാത്ര കടന്നുപോകുമ്പോഴായിരുന്നു സംഭവം നടന്നത്. കോവിഡ് സാഹചര്യത്തിൽ അത്തരം ചടങ്ങുകൾ അനുവദിച്ചിട്ടില്ലാത്തതിനാൽ ഘോഷയാത്രയിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞു. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. തിരിച്ചറിഞ്ഞ പത്ത് പേർക്കെതിരെയും മറ്റുള്ളവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതെന്ന് എസ്പി സതേന്ദ്രകുമാർ ശുക്ല പറഞ്ഞു. 20നും 25നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിതന്നെ വീഡിയോ വൈറലായിരുന്നു. തുടർന്ന് രാവിലെ വരെ നടപടിക്കായി കാത്ത പൊലീസ് അറസ്റ്റിന് മുൻപ് പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: