സര്‍വ്വേന്ത്യാ മുസ്ലിംലീഗ് എന്ന പേരില്‍ 1906 ല്‍ ധാക്കയില്‍ രൂപംകൊണ്ടതാണ് മുസ്ലിം ലീഗ്. ഹിന്ദുക്കളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്ന മുദ്രാവാക്യവുമായി ജനിച്ച ലീഗ് ഭാരത വിഭജനത്തിന് മുഖ്യ പങ്കാണ് വഹിച്ചത്. പാക്കിസ്ഥാന് രൂപീകരണം മാത്രമല്ല മുസ്ലീങ്ങള്‍ ഏറെയുള്ള പ്രദേശങ്ങള്‍ക്കെല്ലാം സ്വയം ഭരണവും അവരുടെ പദ്ധതിയായിരുന്നു. പാക്കിസ്ഥാന് രൂപീകരണത്തോടൊപ്പം മലബാര്‍ പ്രദേശം, പ്രത്യേക ഭരണ മേഖലയാക്കണമെന്നും ആവശ്യപ്പെട്ടതാണ്. അത് അന്ന് നടന്നില്ലെങ്കിലും ആ ആവശ്യം ഇന്നും ഉപേക്ഷിച്ചിട്ടില്ല. അതിന്റെ ഭാഗമാണ് മലപ്പുറം ജില്ലാ രൂപീകരണം. അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ ഈ ആവശ്യത്തോടൊപ്പമാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന സത്യം.
വിഘടനവാദത്തോടും വര്‍ഗ്ഗീയ വിധ്വംസക നിലപാടുകളോടും മൃദു സമീപനമാണ് എന്നും അവര്‍ക്കുള്ളത്. മുസ്ലിം രാജ്യങ്ങളിലെ അപകടകരമായ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒട്ടും മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് പലകുറി തെളിഞ്ഞിട്ടുണ്ട്. അറാഫത്തിന്റെ ചിത്രം കാണിച്ച് വോട്ടു ചോദിക്കാന്‍ മടി കാണിക്കാത്തവര്‍ സദ്ദാം ഹുസൈന്റെ കാര്യത്തിലും സ്വീകരിച്ച സമീപനം വ്യക്തമാണ്.
ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് കാട്ടുന്ന കാട്ടാളത്തെ ന്യായീകരിക്കാനും, അവര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. മുസ്ലിം രാഷ്ട്രീയം ലോകത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന തെമ്മാടിത്തത്തെ അപലപിക്കാന്‍ തയ്യാറാകാത്ത മുസ്ലിം ലീഗും ഇടതുപക്ഷവും വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്നുറപ്പാണ്. അതിന്റെ ഭാഗമാണ് മുസ്ലിംലീഗിലെ പ്രതിസന്ധി. മതമൗലികവാദ നിലപാട് മുറുകെപ്പിടിക്കുന്നതില്‍ മുസ്ലിം ലീഗ് ഒരിക്കലും പിന്നിലല്ല. സ്ത്രീകളെ അടിമകളെപ്പോലെ പരിഗണിക്കുന്ന മുസ്ലിംലീഗ് ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത്. മഹിളാലീഗും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹരിത എന്ന പേരില്‍ മഹിളാവിഭാഗവും രൂപംകൊണ്ടെങ്കിലും അവരെയെല്ലാം നാലാംകിടക്കാരായേ പരിഗണിച്ചുള്ളൂ. അതാണിപ്പോള്‍ പുലിവാലായിരിക്കുന്നത്. സമസ്തമേഖലയിലും പൊട്ടിത്തെറി തുടങ്ങി. അകത്താക്കലും പുറത്താക്കളും നിത്യസംഭവമായി. ആരോപണ പ്രത്യാരോപണങ്ങള്‍ തുടര്‍ക്കഥയായി.
ലീഗീന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതി പറഞ്ഞ എംഎസ്എഫ് വനിതാ വിഭാഗം ‘ഹരിത’യ്ക്കെതിരെ ഒടുവില്‍ ലീഗിന്റെ നടപടി. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഔദ്യോഗികമായ അറിയിപ്പ് നല്കി. പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.
ഹരിത ഭാരവാഹികള്‍ ആരോപണമുന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവരോട് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗില്‍ ധാരണയായത്.
പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷനല്‍ പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എംഎസ്എഫ് യോഗത്തില്‍ പി.കെ. നവാസ് ഹരിതയിലെ പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ സംസാരിച്ചതാണ് വിവാദമായത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.
ഹരിത വിവാദത്തില്‍ മുസ്ലിം ലീഗ് നടത്തിയ അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. വനിത കമ്മീഷനെ സമീപിച്ച പരാതിയാണ് വാര്‍ത്താ മാധ്യമങ്ങളിലൂടെ കണ്ടത്.
ഇത്തരം ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് മുതിര്‍ന്ന വനിതകളോടെങ്കിലും പങ്ക് വെയ്ക്കേണ്ടതായിരുന്നു. ലീഗ് എടുത്ത തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളില്‍ പറയണം. വനിതാ കമ്മീഷന്, സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പെരുമാറിയത്. പാര്‍ട്ടി എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കാന്‍ തയ്യാറാകണമെന്നും നൂര്‍ബിന റഷീദ് വ്യക്തമാക്കി.
ക്യാമ്പസ് കഴിഞ്ഞാല്‍ ഹരിത പ്രവര്‍ത്തകര്‍ വനിതാ ലീഗിലാണ് പ്രവര്‍ത്തിക്കുന്നത്. ഹരിത എന്ന സംഘടന തന്നെ വേണമോയെന്ന് ആലോചിക്കണം. മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്കൊന്നും ഇങ്ങനെയൊരു വനിതാ വിഭാഗം ഇല്ലെന്നും നൂര്‍ബിന റഷീദ് പറയുന്നു.
‘ഹരിത’യുടെ നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ നടപടി ആവശ്യപ്പെട്ടും 11 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്. നടപടി നിര്‍ദേശിച്ച് എംഎസ്എഫ് ദേശീയ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റിക്ക് കത്തയച്ചത്. ഹരിത വിവാദത്തില്‍ എംഎസ്എഫില്‍ ഉണ്ടായ കടുത്ത ഭിന്നതയാണ് കൂട്ടപ്പരാതിയില്‍ എത്തിയത്.
കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പാലക്കാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളാണ് പ്രതിഷേധം അറിയിച്ചത്. പ്രസ്ഥാനത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ കുറ്റക്കാരായ നേതാക്കളെ മാറ്റണമെന്ന് കത്തില്‍ പറയുന്നു. പ്രശ്നം സംഘടനയ്ക്ക് കോട്ടമുണ്ടാക്കി. ക്യാമ്പസില്‍ പെണ്‍കുട്ടികളുടെ അടുത്ത് പോകാനാകാത്ത സാഹചര്യമാണുള്ളത്. പരാതി നല്കിയ ഹരിത പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ഏതായാലും ഇപ്പോള്‍ തുടരുന്ന വിവാദം തുടക്കം മാത്രമാണ്. ലീഗിലത് കടുത്ത ചേരിതിരവ് ഉണ്ടാക്കിയെങ്കില്‍ തികച്ചും അനിവാര്യമായ തര്‍ക്കം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: