രാംമാധവ്
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 1921- മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് ഇതിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. കേരളത്തിലെ രൂക്ഷമായ കൊവിഡ് തരംഗത്തെ തുടര്‍ന്നാണ് പരിപാടി സെമി-വെര്‍ച്ച്വല്‍ ആയി നടത്തുന്നത്. സാധാരണ സാഹചര്യമായിരുന്നെങ്കില്‍ വലിയ ജനപങ്കാളിത്തത്തോടെ നടക്കേണ്ടിയിരുന്ന ഒന്നാണിത്. ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃത് മഹോത്സവമെന്ന പേരില്‍ ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന്, പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത സ്വാതന്ത്ര്യ സമ്പാദനത്തോടൊപ്പം അന്നുസംഭവിച്ച ഭാരതവിഭജനത്തെക്കുറിച്ചും ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയില്‍ നടന്ന ഭാരതവിഭജനം ഓര്മ്മിപ്പിക്കപ്പെടണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നമ്മുടെ മതേതര ലിബറല്‍ സുഹൃത്തുക്കളെ അരിശം കൊള്ളിച്ചിരിക്കുന്നു. പണ്ടു നടന്ന ഒരു കാര്യം ഇനിയും എന്തിന് ഓര്‍മ്മിക്കപ്പെടണം? അത് അടഞ്ഞ അധ്യായമല്ലേ എന്നൊക്കെയാണ് അവരുടെ ചോദ്യം! നമ്മുടെ അയല്പക്കത്ത് ഉയര്‍ന്നുവന്ന ഒരു ഭീകരസംഘടനയായ താലിബാനെകുറിച്ച് ഇന്ന് ലോകം മുഴുവന്‍ ആശങ്കപ്പെടുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍, പത്രമാധ്യമങ്ങളില്‍, സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാം താലിബാന്റെ ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. മതേതര ലിബറല്‍ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ ചര്‍ച്ചചെയ്യുന്ന താലിബാന് എന്ന ഭീകരതയെകുറിച്ചുതന്നെയാണ് മാപ്പിളകലാപ അനുസ്മരണത്തിലൂടെയും വിഭജന ദുരന്ത അനുസ്മരണത്തിലൂടെയും നമ്മളും ചര്‍ച്ച ചെയ്യുന്നത് എന്നാണ്.
ഇന്ന് നമുക്ക് വിവരങ്ങള്‍ അറിയാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളുണ്ട്, ടെലിവിഷനുണ്ട്, ഇന്റര്‍നെറ്റുണ്ട്. സാമൂഹ്യ മാധ്യമങ്ങളാണ് താലിബാന്റെ ഭീകരതയെകുറിച്ച് തല്‍സമയ വിവരങ്ങള്‍ നമുക്ക് നല്‍കുന്നത്. ഇപ്പോള്‍ അധികാരത്തില്‍ വന്നപ്പോഴും അതിനു മുമ്പും താലിബാന് ചെയ്തുകൂട്ടിയ ക്രൂരതകള്‍ മാധ്യമങ്ങളിലൂടെ നാമറിഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷവും ഭൂരിപക്ഷവും താലിബാന് ക്രൂരതകളുടെ ഇരകളാണ്. സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും എത്രമാത്രം നിഷ്ഠൂരമായാണ് അവര്‍ പെരുമാറുന്നതെന്ന് മാധ്യമങ്ങളിലൂടെ നമ്മള് അപ്പപ്പോള്‍ അറിയുന്നുണ്ട്. ഭാരതത്തെ സംബന്ധിച്ച് ഈ ക്രൂരതകള്‍ പുതിയതല്ല. താലിബാന് എന്നത് കേവലം ഒരു സംഘമോ ഭീകരസംഘടനയോ മാത്രമല്ല, അതൊരു ചിന്താഗതിയാണ്. അപകടകരമായ മുസ്ലിം മതമൗലികവാദ ആശയങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒന്നാണത്. അതിന്റെ ഇരകള്‍ ലോകമെമ്പാടുമുണ്ട്. പലരാജ്യങ്ങളിലും ഈ ചിന്താഗതിയുടെ ഇരകള്‍ മുസ്ലിങ്ങള്‍ തന്നെയാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ തീവ്രചിന്താഗതിയുടെ പല രൂപങ്ങള്‍ പലരാജ്യങ്ങളിലും ഉണ്ട്. താലിബാന് ചിന്താഗതിയുടെ ഏറ്റവും കൊടിയ ദുരിതങ്ങള്‍ അനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ഭാരതം. 1947 ലെ ഭാരത വിഭജനത്തിനു വഴിവെച്ചതും ഈ മതമൗലികചിന്താഗതിയാണ്. ഈ ചിന്താഗതിയുടെ, ഭീകരവാദത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ ഇരകളിലൊന്ന് കേരളമാണ്. താലിബാനിസ്റ്റ് ചിന്താഗതിക്കാരുടെ പ്രാഗ്രൂപങ്ങളിലൊന്നാണ് മാപ്പിള കലാപം. 1921 ല്‍ ഇന്നത്തെ പോലെ പത്രമാധ്യമങ്ങളില്ല. വിവരങ്ങള്‍ അറിയാനും അറിയിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമായിരുന്നു. അന്ന് ഈ കലാപത്തിന്റെ ദയനീയചിത്രം മനസിലാക്കിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു. ഡോ.ബി.ആര്. അംബേദ്കറെ ഹിന്ദു ദേശീയവാദി എന്ന് ആരും കുറ്റപ്പെടുത്താനിടയില്ല. അംബേദ്കര്‍ മാപ്പിളക്കലാപത്തിന്റെ ഭയാനകചിത്രം വിവരിച്ചിട്ടുണ്ട്. ഗാന്ധിജി എഴുതി ” എന്റെ മുസ്ലിം സഹോദരന്മാര്ക്ക് എങ്ങനെ ഇത്ര ക്രൂരന്മാരാകാന് സാധിച്ചു. കലാപത്തില്‍ നടന്ന അക്രമങ്ങളെ കുറിച്ച് അറിയുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുന്നു” സ്വജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറയാതിരുന്ന ആളായിരുന്നു ഗാന്ധിജിയെന്നു നമുക്കറിയാം. മലബാറില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരായിരുന്നില്ല. അതിനാല്‍ ഈ കലാപത്തെ വെള്ളപൂശാനുള്ള ശ്രമങ്ങളും വലിയതോതില്‍ നടന്നു. വസ്തുതകളെ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളുണ്ടായി. ഇടതുപക്ഷം അതിനെ ബ്രിട്ടീഷ് വിരുദ്ധമായും ജന്മിവിരുദ്ധമായും കര്‍ഷക കലാപമായും സ്വാതന്ത്ര്യസമരമായും ചിത്രീകരിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, മാപ്പിള കലാപത്തെ മഹത്വവത്കരിക്കാനും ആഘോഷിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വില്ലനെ നായകനാക്കി കൊണ്ടുള്ള സിനിമകള്‍ അണിയറയിലൊരുങ്ങുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ മാപ്പിള കലാപത്തെ കുറിച്ചുള്ള വിവരണത്തില്‍ ഹിന്ദുവംശഹത്യയെ കുറിച്ചോ കൂട്ട മതംമാറ്റത്തെകുറിച്ചോ ക്രൂരതയുടെ പരമ്പരകളെക്കുറിച്ചോ ഒരു പരാമര്‍ശം പോലുമില്ല. സ്ഥിരം ഇടതു നുണപറയല്‍ തന്നെ അവിടെയും നമുക്കു കാണാവുന്നതാണ്. പക്ഷേ ഇത്തരം വെള്ളപൂശലുകള്‍ ഇവിടെ മാത്രമല്ല നടത്തിയിട്ടുള്ളത്. ലോകത്ത് പലയിടത്തും അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റഷ്യയില്‍ പോയിട്ട് സ്റ്റാലിന് ഹിറ്റ്ലറുമായിചേര്ന്ന് ലിത്വാനിയയും പോളണ്ടും ആക്രമിച്ചുവെന്നും ആയിരക്കണക്കിന് പോളിഷ് പൗരന്മാരെ കൊന്നൊടുക്കിയെന്നും പറഞ്ഞാല്‍ നിങ്ങള്‍ അഴിക്കുള്ളിലാകും. ചരിത്രം അറിയുന്ന ഏതു സാധാരണക്കാരനും അറിയാം ഇതെല്ലാം വസ്തുതകളാണെന്ന്. 1939 ല്‍ ഹിറ്റ്ലറും സ്റ്റാലിനും ഒരുമിച്ചായിരുന്നു. 1941 ല്‍ ഹിറ്റ്ലര്‍ സ്റ്റാലിനു നേരെ തിരിഞ്ഞു. അതോടെ സ്റ്റാലിനും പക്ഷം മാറി. 1939 മുതല്‍ 1942 വരെ അവരൊന്നിച്ചായിരുന്നു. ഇവിടുത്തെ ഇടതുസര്ക്കാരുംചെയ്യുന്നത് ചരിത്രത്തെ കുഴിച്ചുമൂടുകയാണ്. ഇതവരുടെ ജീനിലുള്ളതാണ്. ഐഎസിനെ കുറിച്ച് ഇന്ന് നമ്മള് കേള്‍ക്കുന്നുണ്ട്. അതിന്റെ പൂര്‍വ്വരൂപം 1921 ല്‍ മലബാറില്‍ ഉണ്ടായിരുന്നുവെന്നും നാം മനസിലാക്കണം. രണ്ട് ഗ്രാമങ്ങളെ അടിച്ചമര്‍ത്തി ഇസ്ലാമിക് സ്റ്റേറ്റായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഈ ലഹളയുടെ ചരിത്രം. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. മാപ്പിളകലാപത്തിന് കാരണമായ ചിന്താഗതി തന്നെയാണ് ഭാരതവിഭജനത്തിനും വഴി തെളിച്ചത് . 1946 ആഗസ്റ്റില്‍ ജിന്ന ഡയറക്ട് ആക്ഷന്‍ പ്രഖ്യാപിച്ചു. മാപ്പിള കലാപം ആഗസ്റ്റിലായിരുന്നു. 1947 ലെ ഭാരത വിഭജനവും ആഗസ്റ്റ് മാസത്തിലായിരുന്നു. 1947 ല്‍ കുറേക്കൂടി ദേശീയ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. 1921 ലെ അതേ ക്രൂരതകള്‍ 1946 ബംഗാളിലും 1947 ല്‍ ഭാരത വിഭജനത്തോടൊപ്പവും അരങ്ങേറി. ഗര്‍ഭിണികളുടെ മുലകള്‍ മുറിച്ചു മാറ്റിയ സംഭവത്തെക്കുറിച്ച് രേഖപ്പെടുത്തിയത് ഡോ.ബി.ആര്. അംബേദ്കറാണ്. ഭാരതവിഭജനം ഭയാനകമായ അനുഭവങ്ങളാണ് ജനതയ്ക്ക് നല്‍കിയത്. 1921 ലെ അതേ ക്രൂരതകള്‍! 1947 നു ശേഷമുള്ള കശ്മീരിന്റെ ചരിത്രം ഞാന്‍ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്. 1990 ല്‍ നടന്നത് 1921 ന്റെയും 1946 ന്റെയും 1947 ന്റെ ആവര്‍ത്തനമായിരുന്നു. സ്ത്രീകളോടും കുട്ടികളോടും കാട്ടിയ ക്രൂരത, അതിന്റെ പാരമ്യത്തിലായിരുന്നു. കുഞ്ഞമ്മദ് ഹാജി ഹിന്ദു പത്രത്തിനെഴുതിയ കത്ത് ഒരു വിരോധാഭാസമാണ്. സര്‍ക്കാരും ഹിന്ദുക്കളുമാണ് അക്രമത്തിനു കാരണമെന്നാണ് ഹാജി അതില്‍ എഴുതിയത്! നിങ്ങള്‍ക്കു ഓര്‍മ്മയുണ്ടാകും കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനമുണ്ടായപ്പോള്‍ മുസ്ലിം മതമൗലികവാദികള്‍ ഇതേ ന്യായം തന്നെയാണുയര്‍ത്തിയത്. ഗവര്‍ണര്‍ ജഗ്മോഹനാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് ജിഹാദികള്‍ ആരോപിച്ചത്. ഇതാണവരുടെ തന്ത്രം. ഇടതു ലിബറല്‍ സുഹൃത്തുക്കള്‍ പറയുന്നത് ഇത്തരം അനുസ്മരണങ്ങളിലൂടെ നമ്മള് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നു എന്നാണ്.
ചരിത്രം പഠിച്ചില്ലെങ്കില്‍ അതാവര്‍ത്തിക്കപ്പെടും എന്നാണ് എനിക്കവരോടു പറയാനുള്ളത്. ഈ ചരിത്രത്തെക്കുറിച്ച് സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധം കൊണ്ടല്ല. മറിച്ച് കേരളം ഇനിയും അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകരുത് എന്നാഗ്രഹിക്കുന്നതുകൊണ്ടാണ്. ഈ ചരിത്രം പഠിക്കുന്നതിലൂടെ താലിബാനിക് ചിന്താഗതി സൃഷ്ടിക്കുന്ന ദുരന്തങ്ങളെകുറിച്ച് സമൂഹം ബോധവാന്മാരാകും. താലിബാനിസത്തിന്റെ ഇരകള്‍ മറ്റു മതക്കാര്‍ മാത്രമല്ല. അഫ്ഗാനില്‍ താലിബാനിസം കൊണ്ട് ദുരിതക്കയത്തിലായത് ആരാണ്? മുസ്ലിം സമൂഹം തന്നെ ! പാകിസ്ഥാന് സന്തോഷിക്കുകയാണ്. അവര്‍ക്ക് നിയന്ത്രണമുള്ള ഭരണം കാബൂളില്‍ സ്ഥാപിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. കുടത്തില്‍ നിന്നും ഭൂതത്തെ അവര്‍ തുറന്നുവിട്ടിരിക്കുന്നു. ഭൂതം എപ്പോഴും അവര്‍ പറയും പോലെ കേള്‍ക്കുമെന്ന് പാക്കിസ്ഥാന് കരുതരുത്. ദുഃഖകരമെന്നു പറയട്ടെ തീവ്രഇസ്ലാമിക മൗലികവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐസിസില്‍ ചേരാന്‍ വേണ്ടി കേരളത്തില്‍ നിന്നും ആളുകള്‍ പോയിട്ടുണ്ട്.
പ്രതീക്ഷയുടെ രജതരേഖയെന്നോണം ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രമറിയുന്ന ദേശീയവാദികള്‍ നയിക്കുന്ന ഭരണകൂടം ഇന്ന് ഭാരതത്തിലുണ്ട്. നിശ്ചയദാര്‍ഢ്യമുള്ള ഒരു ഭരണനേതൃത്വം ഭാരതത്തിനുണ്ട്. 1921 ലെ കലാപം നിഷ്കളങ്കരായ ഹിന്ദുക്കളെ മാത്രമല്ല ദുരിതക്കയത്തിലാഴ്ത്തിയത്. കലാപം അടിച്ചമര്‍ത്തപ്പെട്ടു. മുസ്ലിംങ്ങളും കഷ്ടതകളനുഭവിച്ചു. പലരും തടവിലായി, ചിലര്‍ കൊല്ലപ്പെട്ടു. അതിനാല്‍ താലിബാനിസം ആരെയും വെറുതെ വിടില്ലെന്ന യാഥാര്‍ത്ഥ്യം നമ്മള് മനസിലാക്കണം.
ഇത് 1921 അല്ലെന്നു വിഘടനവാദശക്തികള്‍ മനസ്സിലാക്കണം.ജിഹാദികള്‍ താലോലിക്കപ്പെട്ടിരുന്ന കാലം പോയി. 1921 ലെ അക്രമങ്ങളെ തള്ളിപറയാനുള്ള ധൈര്യം അന്നത്തെ രാഷ്ട്രീയ നേതൃത്വം കാണിച്ചില്ല. ഈ താലിബാനിക് ചിന്താഗതിക്കെതിരെ നമുക്ക് പൊരുതേണ്ടതുണ്ട്. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന താലിബാനിക്ക്ചിന്താഗതി ഈ നൂറ്റാണ്ടിനു ആവശ്യമുണ്ടോ? ഈചിന്താഗതി വെച്ചു പുലര്‍ത്തുന്നവരാണ് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്ക്കുമിടയിലെ സഹോദര്യത്തിനു തുരങ്കം വെക്കുന്നത്. സുശക്തമായ ഭാരതമാണ് നമ്മുടെ ലക്ഷ്യം. ചരിത്രം എന്താണെന്നും യാഥാര്‍ത്ഥ്യം എന്താണെന്നും ജനങ്ങളറിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: