തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലും മകന് അരവിന്ദ് വേണുഗോപാലും ചേര്‍ന്നൊരുക്കുന്ന ‘മെലഡി ടു’ എന്ന മ്യൂസിക്കല്‍ കവര്‍ സീരിസ് ലോഞ്ച് ചെയ്തു. ജി. വേണുഗോപാല്‍ പാടിയ ക്ലാസ്സിക് മലയാള സിനിമ ഗാനങ്ങളാണ് അച്ഛനും മകനും ചേര്‍ന്ന് ഈ സീരിസിലൂടെ പുനര്‍സൃഷ്ടിക്കുക. ആറു പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ഈ സീരിസിന്റെ ഓരോ പാട്ടുകള്‍ വീതം രണ്ടാഴ്ച ഇടവേളകളിലായി ശ്രോതാക്കളിലേക്ക് എത്തും. ഹൃദയവേണു ക്രിയേഷന്‍സ് എന്ന യൂടൂബ് ചാനല്‍ വഴിയാണ് ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്.
”പണ്ട് ഞാനീ പാട്ടുകള്‍ പാടുമ്പോള്‍ എന്റെ ശബ്ദം മാത്രമായിരുന്നു അവയ്ക്ക്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം മകനും എന്നോടൊപ്പം ഈ പാട്ടുകള്‍ക്ക് ശബ്ദം പകരുന്നു എന്നത് തീര്‍ച്ചയായും മെലഡി ടുവിനെ ഒരു അച്ഛന് മകന് മ്യൂസിക്കല്‍ ഫീറ്റ് ആക്കി മാറ്റുന്നു. ജീവിതത്തിലെ എല്ലാം അനുഗ്രഹങ്ങളിലും എന്റെ മകനോടൊപ്പം ഈ കവര്‍ സോങ്സ് ചെയ്യാന്‍ കഴിഞ്ഞതു വലിയൊരു അനുഗ്രഹമായി കരുതുന്നു” വേണുഗോപാല്‍ പറഞ്ഞു.
ഈ സീരിസിലെ ആദ്യ ഗാനം ‘സ്വാഗതം’ എന്ന ചിത്രത്തിനു വേണ്ടി 1989ല്‍ രാജാമണി ചിട്ടപ്പെടുത്തിയ ‘മഞ്ഞിന് ചിറകുള്ള’ എന്ന ഗാനമാണ്. ബിച്ചു തിരുമല രചിച്ച വരികള്‍ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് ജി. വേണുഗോപാല്‍, എം.ജി. ശ്രീകുമാര്‍, മിന്മിനി, മണികണ്ഠന് എന്നിവര്‍ ചേര്‍ന്നാണ്.
ജി. വേണുഗോപാലും അരവിന്ദ് വേണുഗോപാലും ചേര്‍ന്നൊരുക്കുന്ന ഈ കവര്‍ സോങ്ങുകള്‍ക്ക് വേണ്ടി കീബോര്‍ഡും റിതം പ്രോഗ്രാമിങ്ങും ചെയ്തിരിക്കുന്നത് അശ്വിന് ജോണ്‍സനും ഗിത്താര്‍ അനുരാഗ് രാജീവ് നയന്‍, ഫ്ളൂട്ട് അനില്‍ ഗോവിന്ദ് എന്നിവരുമാണ്. ‘മെലഡി ടു’ സീരിസിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സുഗീഷ് കുഞ്ഞിരാമന്, പ്രസാദ് എന്നിവരും ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരിക്കുന്നത് ദിനകരന് ദിനുവുമാണ്. വീഡിയോ എഡിറ്റ് നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് ഉണ്ണിയും വീഡിയോ ലൈറ്റ്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഗോകുല്‍ അശോകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: