കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയതോടെ നാറ്റോ, യുഎസ് അഫ്ഗാന് സൈന്യങ്ങള്‍ക്കായി താലിബാന് വ്യാപകമായി തെരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെ പിന്തുണച്ചവര്‍ക്കായി വീടുകള്‍തോറും കയറി ഇറങ്ങി അവരെ വധിക്കുന്നതായും വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
നാറ്റോ, യുഎസ് സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയും താലിബാന് തെരഞ്ഞുപിടിച്ച് വകവരുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി യുഎന്‍ ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിട്ടുണ്ട് മുന്‍ അഫ്ഗാന് സര്‍ക്കാരിനെ പിന്തുണച്ചവരെയും കണ്ടെത്തി അവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഉള്‍പ്പടെ ക്രൂരമായ പ്രതികാരങ്ങളാണ് അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന് കര്‍ശ്ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവില്‍ താലിബാന് പരിശോധന നടത്തുന്നത്. ശരീഅത്ത് നിയമപ്രകാരം അവരേയും കുടുംബത്തേയും വിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. താലിബാന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജീവന് അപകടത്തിലാണ്. ഇവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോള്‍ താമസിക്കുന്നുള്ളു. പുരുഷന്മാര് താലിബാനെ ഭയന്ന് ഒളിവില്‍ താമസിക്കുകയാണ്. ചിലര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇത്തരത്തിലുള്ള വീടുകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന് സൈന്യത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുടുംബങ്ങളേയും അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാബൂള്‍ വിമാനത്താവളം വഴി 18,000 ആളുകളെ പുറത്തെത്തിച്ചെന്ന് നാറ്റോ വക്താവ് പറഞ്ഞു.
പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാന് ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാന് പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാന് ഭരണത്തിന്റെ ഓര്‍മകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്. അന്നത്തെ ഭരണകാലയളവില്‍ സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷന്‍ പരിപാടികള്‍ക്കും താലിബാന് ഭരണകാലയളവില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതിനിടെ ജര്‍മ്മന്‍ ദൂഷെ വെല്ലെയിലെ(ഡിഡബ്ല്യൂ) മാധ്യമ പ്രവര്‍ത്തകന്റെ ബന്ധുവിനെ താലിബാന് കൊലപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായി വേണ്ടി വീടുകള്‍ തോറും കയറി ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. കഴിഞ്ഞ ദിവസം സിഎന്‍എന്‍ മാദ്ധ്യമപ്രവര്‍ത്തകയേയും ക്യാമറമാനേയും താലിബാന് ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കറുത്ത ഹിജാബ് ധരിച്ച വനിതാ റിപ്പോര്‍ട്ടറെ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ട് താലിബാന് ഭീകരര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കാണ്ഡഹാറില്‍ കൊല്ലപ്പെട്ടതും താലിബാന്റെ ആക്രമണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: