മലപ്പുറം: തിരൂരങ്ങാടിയിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കിയാണ് ഇവർ ശ്രദ്ധേയമായത്. വാഹന പരിശോധനക്കൊപ്പമാണ് പായസക്കിറ്റും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം നടത്തിയത്.
ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരുടെ പുതുമയാര്‍ന്ന ഈ പ്രവര്‍ത്തനം. പോലീസ് വളണ്ടിയര്‍മാര്‍, താലൂക്ക് റോഡ് സുരക്ഷ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ ചങ്കുവെട്ടി മുതല്‍ തലപ്പാറ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പായസ കിറ്റ് വിതരണവും ബോധവല്‍ക്കരണവും നടത്തിയത്.
റോഡരികില്‍ കാത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മധുരം മാത്രം പ്രതീക്ഷിച്ച് വാഹനവുമായി ഇറങ്ങേണ്ടെന്നും നിയമ ലംഘനങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാഹനങ്ങളിലെ രൂപമാറ്റം, അമിത ലൈറ്റുകള്‍, എയര്‍ഹോണ്‍ തുടങ്ങിയവക്കെതിരെയും, ലൈസന്‍സ്, ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്.എ. ശങ്കരപ്പിള്ള പറഞ്ഞു.
കൊവിഡ് സമയത്ത് വന്ന വിഷു, പെരുന്നാള്‍ ആഘോഷനാളുകളിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുപോലുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്.എ. ശങ്കരപിള്ള, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ പ്രമോദ് ശങ്കര്‍, വി.കെ. സജിന്‍, എ.എം.വി.ഐ. കെ. സന്തോഷ് കുമാര്‍, ഷാജില്‍ കെ രാജ്, ടി.പി. സുരേഷ് ബാബു, പോലീസ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: