അനുരാഗ് സിംഗ് ഠാക്കൂര്‍
കേന്ദ്ര കായിക-യുവജനകാര്യ-വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി
നീരജ് ചോപ്രയ്ക്ക് ചൂര്മയും പി.വി. സിന്ധുവിന് ഐസ്ക്രീമും നല്കി ബജ്റംഗ് പുനിയയോടും രവി ദഹിയയോടും ചിരിച്ച് മീരാഭായ് ചാനുവിന്റെ ജീവിതാനുനുഭവങ്ങള് ശ്രദ്ധയോടെ കേള്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെ കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഓരോ ഭാരതീയന്റെയും ഓരോ കായികപ്രേമിയുടേയും മുഖത്താണ് പുഞ്ചിരി വിരിയുന്നത്. ടോക്കിയോയില്‍ പങ്കെടുത്ത ഓരോ അത്ലറ്റിനുമൊപ്പം അദ്ദേഹം സമയം ചെലവഴിച്ചത് ഏറെ പ്രോത്സാഹജനകമായിരുന്നു. തൊട്ടടുത്ത ദിവസം പാരാലിമ്പിക് സംഘവുമായും അദ്ദേഹം ആശയവിനിമയം നടത്തി. അവരുടെ പ്രചോദനാത്മകമായ ജീവിത യാത്രകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കായികരംഗത്തോട് അഭിനിവേശമുള്ള, ഭാരതത്തിന്റെ കായികതാരങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ദൂരം പോകാന്‍ തയ്യാറായ വ്യക്തിയെ ആണ് നരേന്ദ്ര മോദിയില്‍ നാം കണ്ടത്. ടോക്കിയോ ഗെയിംസ് തുടങ്ങുന്നതിനുമുമ്പ് ഞങ്ങളുടെ തയ്യാറെടുപ്പിന്റെ കണക്കെടുക്കാന്‍ പ്രധാനമന്ത്രി വിപുലമായ അവലോകന യോഗമാണ് നടത്തിയത്.
യുവാക്കള്‍ക്കിടയില്‍ സ്പോര്ട്സിന്റെയും ഗെയിംസിന്റെയും സംസ്കാരത്തെ പിന്തുണക്കുന്നതില് നരേന്ദ്രമോദിക്കുള്ള വ്യക്തിപരമായ അഭിനിവേശം അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് വ്യക്തമായറിയാം. ചരിത്രപരമായിതന്നെ കായിക മികവിന് അറിയപ്പെടാത്ത ഒരു സംസ്ഥാനത്ത് താഴെത്തട്ടിലുള്ള കായിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഖേല്‍ മഹാകുംഭ് സംരംഭം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കായിക മേഖലയെയും കായികതാരങ്ങളെയും പിന്തുണയ്ക്കുന്ന കാഴ്ച ‘കായികതാരങ്ങളുടെ പ്രധാനമന്ത്രി’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 2013 ലെ ഒരു വീഡിയോ വൈറലായി. ആ വീഡിയോയില്‍ നരേന്ദ്രമോദി പൂനെയിലെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് എണ്ണത്തില്‍ വലുതും കഴിവുള്ളതുമായ ഒരു ജനസംഖ്യയും കായിക മികവിന്റെ ചരിത്രവുമുണ്ടെന്ന് അവിടെ അദ്ദേഹം പറഞ്ഞു. പക്ഷേ ഓരോ ഒളിമ്പിക്സിന് ശേഷവും നാം മെഡലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പാടുപെടുന്നു.
നമ്മളെപ്പോലുള്ള ഒരു രാജ്യം ഒളിമ്പിക് വിജയത്തില്‍ നിന്ന് പിന്നോട്ട് നില്ക്കാന് ഒരു കാരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പ്രശ്നം കളിക്കാരല്ല, മറിച്ച് സ്പോര്‍ട്സിന് അര്‍ഹമായ സ്ഥാനവും അന്തസ്സും പിന്തുണയും നല്‍കുന്നതിന് ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ കഴിവില്ലായ്മയാണ്. വനിതകളുടെയും പുരുഷന്മാരുടെയും ഹോക്കി ടീമിനോട് അവരുടെ തോല്‍വിക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ ഫോണ്‍ സംഭാഷണം അവരുടെ മനോവീര്യം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അവര്‍ പറഞ്ഞു. 2019 -ല്‍ നീരജ് ചോപ്രയ്ക്ക് ഗുരുതരമായ പരിക്കേറ്റപ്പോള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചത് പരക്കെ അഭിനന്ദിക്കപ്പെട്ടിരുന്നു.
കായികമേഖലയിലെ പ്രശ്നത്തിന്റെ വേരുകള്‍ പ്രധാനമന്ത്രി മനസ്സിലാക്കി. കായികരംഗത്തെ സമീപകാല വിജയങ്ങള്‍ കാണുമ്പോള്‍ കായികരംഗത്തോടുള്ള രക്ഷിതാക്കളുടെ മനോഭാവത്തില്‍ മാറ്റം വരുമെന്ന് ഉറപ്പുണ്ട് എന്ന് ഒളിമ്പിക് ജേതാക്കളെ കണ്ടുമുട്ടിയ ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പരാമര്‍ശത്തില്‍ വസ്തുതയും ശുഭാപ്തിവിശ്വാസവും ഉണ്ടായിരുന്നു. ഇന്ത്യയുടെ മെഡല്‍ എണ്ണം ഉയരുന്നത് മാതാപിതാക്കള്‍ കാണുമ്പോള്‍ സ്പോര്‍ട്സ് താല്പര്യമുള്ള കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് പുറമേ സര്‍ക്കാരിന്റെ എല്ലാവിധ സഹായവും കോര്‍പ്പറേറ്റ് മേഖലയുടെ പിന്തുണയും കാണുമ്പോള്‍ കായികരംഗം ആകര്‍ഷകമായതും മാന്യവുമായ ഒരു കരിയര്‍ ഉണ്ടാക്കുന്നുവെന്ന് പുതുതലമുറ മനസ്സിലാക്കും.
‘ഒരു സംസ്ഥാനം – ഒരു കായിക വിനോദം’ എന്നതിലേക്ക് നമ്മുടെ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ കായികവിജയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിവിധ മാര്‍ഗങ്ങളില്‍ ഒന്നാണ്. കൂടാതെ, ‘വണ്‍ സ്പോര്‍ട്സ് – വണ്‍ കോര്‍പ്പറേറ്റ്’ എന്നതിന് നമ്മുടെ കോര്‍പ്പറേറ്റ് ഇന്ത്യ മുന്നോട്ട് വരണം. വളര്‍ന്നുവരുന്ന പ്രതിഭകള്‍, ലീഗുകള്‍ രൂപീകരിക്കല്‍, ആരാധകരുടെ സൗകര്യം വര്‍ദ്ധിപ്പിക്കല്‍, വിപണനം, കച്ചവടക്കാരുടെ സാമ്പത്തിക ആനുകൂല്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കെല്ലാം കോര്‍പ്പറേറ്റുകളുടെ പിന്തുണ ലോകത്ത് വളരെ വലുതാണ്. വര്‍ഷങ്ങളായി ക്രിക്കറ്റിനൊപ്പം കോര്‍പ്പറേറ്റുകളുടെ വിജയം ഒരു ഒരു മാതൃക പഠനമാണ്.
രാജ്യത്ത് ഒരു അടിസ്ഥാന കായിക സംസ്കാരം കെട്ടിപ്പടുക്കുക എന്നത് പ്രധാനമാണ്. ഇതിനായി പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളില്‍ വിവിധ ഗെയിമുകളുടെ കലണ്ടര്‍ വിപുലീകരിക്കേണ്ടത് അനിവാര്യമാണ്. എല്ലാ കായിക ഇനങ്ങളിലും ഇന്ത്യയ്ക്ക് ‘പ്രാദേശിക ലീഗുകള്‍’ ആവശ്യമാണ്. അത് യുവ കായികതാരങ്ങള്‍ക്ക് വര്‍ഷം മുഴുവനും വിവിധ തലങ്ങളില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും മത്സര മനോഭാവം വളര്‍ത്താനും കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അവസരമൊരുക്കും. നമ്മുടെ സര്‍വ്വകലാശാല സംവിധാനത്തെ ഒളിമ്പിക്സ് മികവിനുള്ള ഒരു മരുപ്പച്ചയായി മാറ്റാന്‍ കഴിയും.
കായികരംഗത്തെ പരമ്പരാഗത രീതിയായ ഉദ്യോഗസ്ഥ തലത്തിലുള്ള ഭരണം മോദി സര്‍ക്കാരിന്റെ കീഴില്‍ മാറി. പ്രധാനമന്ത്രി പോലും കളിക്കാരില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നു. ടോക്കിയോ 2020 സംഘത്തെ കണ്ടുമുട്ടുമ്പോള്‍ കായിക അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ പങ്കിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കായികതാരങ്ങള്‍ക്ക് പരിക്ക് സംഭവിച്ചാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന് പ്രധാനമന്ത്രി ഓരോ കായികതാരങ്ങള്‍ക്കും വ്യക്തിപരമായി ഉറപ്പുനല്‍കിയിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്പോര്‍ട്സ് വിദ്യാഭ്യാസത്തെ ആകര്‍ഷകമായ ഒരു ഓപ്ഷനായി മാറ്റുന്ന സംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ മണിപ്പൂരിന് ഇന്ത്യയിലെ ആദ്യത്തെ കായിക സര്‍വകലാശാല ലഭിക്കും. അത് അത്ലറ്റുകള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും, പ്രത്യേകിച്ചും വടക്കുകിഴക്കന്‍ മേഖലയിലെ സമ്പന്നമായ കായിക പാരമ്പര്യം ഇതുവഴി പ്രയോജനപ്പെടുത്താനാകും .
ടോക്കിയോ 2020 ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരവധി മികവുകള്‍ സമ്മാനിച്ച ഒളിമ്പിക്സ് ആയിരുന്നു. അത്ലറ്റിക്സില് നാം ആദ്യത്തെ സ്വര്‍ണം നേടി. ഹോക്കി ടീം അത്ഭുതങ്ങള്‍ ചെയ്തു. ഡിസ്്കസ് ത്രോ, ഗോള്‍ഫ്, ഫെന്‍സിംഗ് തുടങ്ങിയ മറ്റ് കായിക ഇനങ്ങളിലും മികച്ച പ്രകടനങ്ങള്‍ നടന്നു. ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം, ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ കാമ്പെയ്ന് എന്നിവയാണ് ഈ മഹത്തായ വിജയത്തിന് അടിത്തറയിട്ടത്. നവഭാരതത്തില്‍ വിജയത്തിനായുള്ള ജ്വാല ഉണ്ട്. കായിക രംഗത്തെ മികവ് നേടിയെടുക്കുന്നതിന് നമ്മുടെ യുവാക്കള്‍ക്ക് സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്. ഭാവി ശോഭനം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: