കാബൂള്‍: താലിബാന് തീവ്രവാദികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇറാന് ഭരണകൂടവും നല്‍കുന്നുണ്ടെന്ന് പാകിസ്ഥാന് ഫോര്‍വേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രികാഴ്ച നല്കുന്ന നൈറ്റ് വിഷന്‍ ഉപകരണം, ഉഗ്രമാരകശേഷിയുള്ള ബോംബുകള്‍, ചില മാരകശേഷിയുള്ള വലിയ ആയുധങ്ങള്‍ എന്നിവ ഇറാനില്‍ നിന്നാണ് താലിബാന് കിട്ടുന്നത്. ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ് ( ഐആര്‍ജിസി) ആണ് അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ മേഖലയിലെ താലിബാനെ ആയുധവല്‍ക്കരിക്കുന്നത്. ഒരു താലിബാന് കമാന്‍ഡര്‍ ഏപ്രില്‍ 30ന് മൂന്ന് വിഷമുള്ള ഗ്യാസ് ബലൂണ്‍ ബോംബുകള്‍ ഇറാനില്‍ നിന്നും ഫാറ പ്രവിശ്യയിലെ ബാലാ ബുലുകിലേക്ക് എത്തിച്ചതായി ചില സുരക്ഷാ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിലെ ഒരു സൈനിക കേന്ദ്രം ആക്രമിക്കുന്നതിന് മുന്നോടിയായി അഫ്ഗാന് നാഷണല്‍ ആര്‍മിയിലെ പട്ടാളക്കാര്‍ക്ക് ബലൂണ്‍ ബോംബുകള്‍ വഴി വിഷമേല്പിക്കാന് താലിബാന് പരിശ്രമിച്ചതായി പറയുന്നു. എന്നാല്‍ ഈ പദ്ധതി അഫ്ഗാന് സുരക്ഷാ സേന തകര്‍ത്തു. ഇറാനിലെ ഖോറാസന്‍, സഹേദന്‍ പ്രവിശ്യകളില്‍ വസിക്കുന്ന ഇറാന് സേനയിലെ 25 ഐആര്‍ജിസി അംഗങ്ങള്‍ ഏപ്രില്‍ 30ന് അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലെ ഷിന്ദാന്ദ് ജില്ലയിലേക്ക് നുഴഞ്ഞ കയറിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: