ബംഗളൂരു: കിരീടാവകാശിക്കെതിരെയും ഒരു സമുദായത്തിനെതിരെയും സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്ന കുറ്റം ചുമത്തപ്പെട്ട് 604 ദിവസം സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍നിന്നുള്ള എസി ടെക്നീഷ്യന് വീട്ടില്‍ മടങ്ങിയെത്തി. ഉഡുപ്പി പൊലീസ് നടത്തിയ അന്വേഷണത്തില്‍ 34-കാരനായ ഹരീഷ് ബംഗേരയെ ജയിലിലാക്കിയതിന് പിന്നില്‍ ആള്‍മാറാട്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമായിരുന്നു ഹരീഷിന്റെ പേരിലുണ്ടായിരുന്നത്. 2019 ഡിസംബര്‍ 22-നായിരുന്നു ജോലി ചെയ്തിരുന്ന സൗദി നഗരമായ ദമാമില്‍വച്ച് അറസ്റ്റിലായത്.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇതിനെതിരെ തൊഴിലുടമ രംഗത്തെത്തിയതോടെ ഹരീഷിന് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ‘പോസ്റ്റ് പങ്കുവച്ചതിന് ക്ഷമാപണം നടത്തി ഞാന്‍ വീഡിയോ നല്‍കിയിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടാണ് ഇതെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫെയ്സ്ബുക്ക് അക്കൗണ്ട് നിഷ്ക്രിയമാക്കി’.- ബുധനാഴ്ച രാവിലെ ബംഗളൂരു വിമാനത്താവളത്തിലെത്തിയ ബംഗാര ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ ഉടന്‍തന്നെ ഹരീഷിന്റെ പേരില്‍ മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് നിലവില്‍വന്നു. ഇതില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും സമുദായത്തിനെതിരെയും അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് അറസ്റ്റിന് ഇടയാക്കിയത്. തുടര്‍ന്ന് ഉഡുപ്പിയിലെ വീട്ടില്‍ തിരിച്ചെത്തി ഭാര്യ സുമന ജില്ലാ പൊലീസില്‍ പരാതി നല്കി. അജ്ഞാതരായ വ്യക്തികള്‍ ഫെയ്സ്ബുക്കില്‍ ബംഗേര എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
സഹോദരങ്ങളായ അബ്ദുള്‍ ഹുയെസ്, അബ്ദുള്‍ തുയെസ് എന്നിവരാണ് ബംഗേര അക്കൗണ്ട് നിര്‍ജീവമാക്കിയ ദിവസം തന്നെ അതേപേരില്‍ മറ്റൊന്ന് സൃഷ്ടിച്ചച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ദക്ഷിണ കന്നഡ ജില്ലയിലെ മൂദ്ബിദ്രിയില്നിന്ന് ഇരുവരും പൊലീസിന്റെ പിടിയിലായി. സിഎഎ പിന്തുണച്ചു പോസ്റ്റ് ചെയ്ത ബംഗേരയോടുള്ള വിദ്വേഷമായിരുന്നു ഇവരെ ഇതിന് പ്രേരിപ്പിച്ചത്. പത്തുദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയെന്ന് ഉഡുപ്പി ജില്ലാ പൊലീസ് മേധാവി എന്‍ വിഷ്ണുവര്ധന് പറഞ്ഞു. തുടര്‍ന്ന് കുറ്റപത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി വിദേശകാര്യമന്ത്രാലയം വഴി സൗദി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച സൗദി ബംഗേരയെ ജയില്‍ മോചിതനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: