തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റും വിവാദത്തില്‍. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്തക്ക് കേരള സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്.
യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെ ആര്‍ എഫ്)സ്‌റ്റൈപ്പന്റ് കൈപ്പറ്റുമ്പോള്‍ ‘വരുമാനമുള്ള മറ്റു ജോലികള്‍ ഒന്നും ചെയ്യുന്നില്ല’ എന്നൊരു സത്യവാങ്ങ്മൂലം ഒപ്പിട്ടു നല്‍കണം. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന ചിന്ത നിയമപ്രകാരം ജെ ആര്‍ എഫ് സ്‌റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്മൂലം ലംഘിച്ചിട്ടുണ്ട്.
ഫുള്‍ടൈം പി എച്ച് ഡി എടുക്കുന്ന ആള്‍ മറ്റ് ജോലികള്‍ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്. ചിന്ത എടുത്തിരിക്കുന്നത് ഫുള്‍ടൈം പി എച്ച് ഡി ആണ്.. പാര്‍ട്ട് ടൈം പി എച്ച് ഡിയ്‌ക്ക് ജെ ആര്‍ എഫ് ലഭിയ്‌ക്കുകയുമില്ല.
രണ്ടായാലും നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്‌ക്കടുത്ത് യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നത്.
ഒന്നുകില്‍ ജോലികള്‍ ഒന്നും ചെയ്തിരുന്നില്ല/ ശമ്പളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്‌ക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച പി എച്ച് ഡി രാഷ്‌ട്രീയസ്വാധീനം വഴി കേരളാസര്‍വ്വകാലാശാലയില്‍ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് വരുമാനം കിട്ടിയപ്പോള്‍ പി എച്ച് ഡി പാര്‍ട്ട് ടൈം ആക്കിയെന്നും ജെ ആര്‍ എഫ് നേടിയിരുന്നില്ല എന്നും തെളിയിയ്‌ക്കണം.
ഇതൊന്നുമല്ലെങ്കില്‍ സ്‌പെഷ്യല്‍ സ്റ്റുഡന്റ് ആയി യു ജി സി പരിഗണിച്ച് നിയമങ്ങള്‍ മുഴുവന്‍ ഇളവ് ചെയ്തു എന്ന് തെളിയിക്കണം.
കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്ത ഗവേഷണം ആരംഭിച്ചത്.
‘ചുംബനം, സമരം, ഇടതുപക്ഷം’ , ‘ചങ്കിലെ ചൈന’ ‘അതിശയപ്പത്ത്’ എന്നീ മൂന്ന് കൃതികളും രചിച്ചിട്ടുണ്ട്.
















