കട്ടപ്പന: വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് 13,000 രൂപ കൈക്കൂലി വാങ്ങിയ കട്ടപ്പന നഗരസഭ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഷിഫ ഹൗസ് ഷിജു എ. അസീസാ(47) ണ് പിടിയിലായത്. കട്ടപ്പനയിലെ വ്യാപാരിയായ വള്ളിയാംതടം ജോഷിയുടെ പക്കല്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷിയുടെ അമ്മയുടെ പേരിലേക്ക് മറ്റൊരാളില്‍ നിന്ന് സ്ഥലവും വീടും വാങ്ങിയിരുന്നു. സ്ഥലം പേരിലേക്ക് മാറ്റിയിരുന്നെങ്കിലും വീടിന്റെ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരില്‍ തന്നെയായിരുന്നു. ഉടമസ്ഥാവകാശം മാറ്റുന്നതിന് കഴിഞ്ഞ ഫെബ്രുവരി 16നാണ് നഗരസഭയില്‍ ആദ്യം അപേക്ഷ നല്‍കിയത്. എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ല.
രണ്ടാഴ്ച മുമ്പാണ് ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് സ്ഥലം മാറി ഷിജു കട്ടപ്പനയില്‍ ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ 12ന് ഉടമസ്ഥാവകാശം മാറ്റി നല്കാന് വീണ്ടും അപേക്ഷ നല്കി. ഷിജുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വീടും സ്ഥലവും അളന്ന ശേഷം 20,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അത്രയും പണം നല്കാന് കഴിയില്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥന് വഴങ്ങിയില്ല. തുടര്‍ന്ന് ജോഷി കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി. വിനോദ് കുമാറിനെ വിവരമറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ജോഷി നഗരസഭ ഓഫീസിലെത്തി റവന്യു ഇന്‍സ്പെക്ടറുമായി സംസാരിക്കുന്ന ദൃശ്യങ്ങളും പെന്‍ക്യാമറയില്‍ പകര്‍ത്തി. സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചതോടെ കൈക്കൂലി തുക പലതവണയായി കുറച്ച് ഒടുവില്‍ 13,000 രൂപ നല്‍കണമെന്ന് റവന്യൂ ഇന്‍സ്പെക്ടര്‍ ശഠിച്ചു. ഇന്നലെ നഗരസഭയിലെ ഓണാഘോഷത്തിനിടെ ഉച്ചയ്ക്ക് 12.45 ഓടെ ഉദ്യോഗസ്ഥര്‍ നല്കിയ പണവുമായി ജോഷി ഓഫീസിലെത്തി ഷിജുവിന് കൈമാറി. തുടര്‍ന്ന് പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി വി.ആര്. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: