ഭരണവര്‍ഗത്തിന്റെ മര്‍ദ്ദനോപകരണം പോലീസ്. അടുത്തകാലംവരെ കമ്മ്യൂണിസ്റ്റുകാരുടെ വിലയിരുത്തല്‍ അങ്ങനെയായിരുന്നല്ലോ. ഇന്നോ ? ഇന്നാകെ മാറി. നിയമസഭക്കകത്തായാലും പുറത്തായാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പോലീസിനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ എന്ന മുദ്രാവാക്യം കേള്‍ക്കാനേ ഇല്ല. ഖജനാവ് നിറയ്ക്കാനും കാശ് വരാനും പോലീസ് വേണം. അക്കാര്യത്തില്‍ കഠിനാദ്ധ്വാനം തന്നെയാണ് പോലീസ് നടത്തുന്നത്.
കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ദുരിതകാലത്ത് പോലീസ് പെറ്റിയടിച്ചത് 125 കോടിക്ക് മേലെ. രണ്ടാം ലോക് ഡൗണ്‍ കാലത്ത് മാത്രം നിയന്ത്രണ ലംഘനങ്ങളുടെ പേരില്‍ പെറ്റി എഴുതി നല്‍കിയത് 17.86 ലക്ഷം പേര്‍ക്ക്.
രണ്ടാം ലോക് ഡൗണ്‍ തുടങ്ങിയ മെയ് 8 മുതല്‍ 18 വരെ കൊവിഡ് നിയന്ത്രണ ലംഘന കേസുകളാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് മാത്രം എടുത്തത് 10.8 ലക്ഷം കേസാണ്. ഇതിന് 500 രൂപ വച്ച് പിഴ കണക്കാക്കിയാല്‍ ഇത് 85 കോടിയോളം വരും. രണ്ടായിരം രൂപ വച്ച് പിഴഈടാക്കുന്ന നിയന്ത്രണം ലംഘിച്ച 2.32 ലക്ഷം വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഇത് മാത്രം 53 കോടിയോളം വരും. 5920 ക്വാറന്റീന് ലംഘന കേസിന് 2000 രൂപ വച്ച് പിഴ കണക്കാക്കിയാല്‍ ലഭിച്ചത് 1.1 കോടിവരും. സാമൂഹിക അകലം പാലിക്കാത്ത 4.7 ലക്ഷം പേര്‍ക്കെതിരെ കോസെടുത്തിട്ടുണ്ട്. 500 മുതല്‍ 5000 വരെ പിഴ ഈടാക്കിയിട്ടുണ്ട്. ഇവ എല്ലാംകൂടി ചേര്‍ന്നാല്‍ 125 കോടിക്ക് മുകളില്‍ പിഴ ഇനത്തില്‍ പോലീസ് ഈടാക്കി.
എന്നാല്‍ ഈ തുകയുടെ കൃത്യമായ വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. എല്ലാവരും തുക പെറ്റി എഴുതുന്ന സമയത്ത് അടയ്ക്കാറില്ല. കോടതിയില്‍ അടയ്ക്കുന്നവരും പിന്നീട് അടയ്ക്കുന്നവരുമാണ് അധികവും. അതിനാല്‍ തന്നെ ഇത്രയും തുക പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ബലിതര്‍പ്പണത്തിന് പോയവര്‍ക്കും പുല്ലരിയാന്‍ പോയ ആള്‍ക്കും 2000 രൂപ പിഴ ഈടാക്കിയതും ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ എഴുതി നല്കിയതും അടക്കം പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മാത്രം നിയന്ത്രണങ്ങളുടെ ലംഘനത്തിന് 2553 കേസുകളും മാസ്ക് ധരിക്കാത്തത് 11558 കേസുകളും എടുത്തിട്ടുണ്ട്. അറസ്റ്റിലായത് 720 പേരാണ്. 2518 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന് ലംഘിച്ചതിന് 120 കേസുകളും എടുത്തിട്ടുണ്ട്. ഇതിനിടയില്‍ കീശ വീര്‍പ്പിക്കുന്ന പോലീസുകാരുണ്ട്.
കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പോയ വിദ്യാര്‍ത്ഥിയില്‍ നിന്ന് പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് കൊടുത്തത് പുലിവാലായി. 1500 രൂപ പോക്കറ്റിലിട്ട പോലീസുകാരനെ സസ്പെന്റ് ചെയ്തു. ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ശശിയെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സസ്പെന്റ്് ചെയ്തത്. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു. കാറില്‍ അമ്മയുമായി ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ നവീനെ പോലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കി രണ്ടായിരം രൂപ പിഴ നല്കാന് ആവശ്യപ്പെട്ടത്. കൈവശം പണമില്ലാത്തതിനാല്‍ എടിഎമ്മില്‍ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പോലീസ് നല്‍കിയത് 500 രൂപയുടെ രസീതാണെന്നും വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീന്‍ പറയുന്നു. എഴുതിയതില്‍ സംഭവിച്ച പിഴവാണെന്നാണ് പോലീസിന്റ വിശദീകരണം. ഇതറിയിക്കാന്‍ ഫോണില്‍ വിളിച്ചുവെന്നും നവീന്‍ ഫോണ്‍ എടുത്തില്ലെന്നുമാണ് ശ്രീകാര്യം പോലീസിന്റെ മറുപടി. രണ്ടായിരം രൂപക്കുള്ള കേസാണ് എടുത്തതെന്നും സ്റ്റേഷന് അക്കൗണ്ടില്‍ പണമുണ്ടെന്നും പോലീസ് വിശദീകരണമുണ്ടെങ്കിലും ഏശിയല്ല.
പോലീസ് അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് വരുമ്പോള്‍ പോലീസ് സേന സംസ്ഥാനത്തിന് അഭിമാനമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. പാലക്കാട് .ഷോളയൂര്‍ വട്ടലാക്കി ഊരില്‍ രണ്ട് വീട്ടുകാര്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് കേസെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പോയത് പുലര്‍ച്ചെ. അതും വന്‍ പോലീസ് സന്നാഹത്തോടെ ഉറക്കത്തിലായിരുന്ന ചെറിയമൂപ്പന്, മകന് മുരുകന്, മുരുകന്റെ ഭാര്യ രാജാമണി എന്നിവരെ വിട്ടിനകത്തിട്ട് തല്ലിച്ചതച്ച് വിലങ്ങിട്ട് ജീപ്പില്‍ കയറ്റി.തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു പോകരുതെന്ന് പോലീസിന്റെ കാലു പിടിച്ച് കരഞ്ഞ മനോവൈകല്യം വന്ന മകനെയും തല്ലിച്ചതച്ചു. ആദിവാസി ദിനത്തിന്റെ അന്നാണ് ആദിവാസികളെ ഊരില്‍ എത്തി പോലീസ് മര്‍ദ്ദിച്ചത്. ഈ പോലീസാണ് സംസ്ഥാനത്തിന് അഭിമാനമെന്ന മുഖ്യമന്ത്രിയുടെ പക്ഷം.
പുലര്‍ച്ചെ ആദിവാസി ഊരുകളില്‍ കയറി അക്രമം കാട്ടിയ പോലീസ്, തീവെട്ടികൊള്ള നടത്തിയവര്‍ വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും പിടികൂടാന്‍ സാധിച്ചില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്ജ്ജുന് ആയങ്കി, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍, മരം മുറി കേസിലെ പ്രതികളായ സഹോദരങ്ങള്‍ ഇവരെല്ലാം കീഴടങ്ങിയപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ മരിച്ചില്ലെങ്കില്‍ മരം മുറി കേസിലെ പ്രതികളെ ഇനിയും പിടികൂടില്ലായിരുന്നു. കൊവിഡ് പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ഡോക്ടറുടെ ചെകിട്ടത്ത് അടിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. പോലീസ് നമുക്ക് ഇന്ന് പുല്ലല്ല എന്നതിന് ഇതിലും വലിയ തെളിവെന്തെങ്കിലും വേണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: