കണ്ണൂരില്‍നിന്ന് രണ്ട് ഐഎസ് വനിതാ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പിടികൂടിയിരിക്കുന്നു. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് യുവാക്കളെ നേരത്തെ എന്‍ഐഎ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ പിടിയിലായത്. ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് സൃഷ്ടിച്ച് യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ യുവതികള്‍ പ്രചാരണം നടത്തിയിരുന്നു. ഇവരിലൊരാള്‍ കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഈ യുവതികളെ കൊച്ചിയിലെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. അതിനുശേഷം ഇവര്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റു ചെയ്തത്. ഇവരുള്‍പ്പെടുന്ന സംഘത്തില്‍ വേറെയും ആളുകളുള്ളതായി അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാനാണ് സാധ്യത. ഇവര്‍കൂടി പിടിയിലാകുന്നതോടെ മാത്രമേ യഥാര്‍ത്ഥ ചിത്രം വെളിപ്പെടൂ. അതിന് ഇനി അധികനാള്‍ വേണ്ടി വരില്ലെന്ന സൂചനയാണ് അന്വേഷണ ഏജന്‍സി നല്‍കുന്നത്.
എന്‍ഐഎയുടെ പിടിയിലായ വനിതാ ഭീകരര്‍ ഉള്‍പ്പെടെയുള്ളവര്‍ ഐഎസില്‍ ചേര്‍ന്നു പോരാടാന്‍ ഇറാനിലെ ടെഹ്റാനില്‍വരെ പോയെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിലൊരുവള്‍ കശ്മീരിലെ കൊടുംഭീകരര്‍ക്കു പണമെത്തിച്ചു നല്കിയെന്നതും അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഐഎസിനുവേണ്ടി പോരാടാന്‍ പോയി അഫ്ഗാന് ജയിലിലടയ്ക്കപ്പെട്ട നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളായ വനിതാ ഭീകരരെ താലിബാന് മോചിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് രണ്ട് ഐഎസ് വനിതാ ഭീകരര്‍ കൂടി കേരളത്തില്‍ നിന്ന് പിടിയിലായിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഐഎസിന്റെ വിളനിലമായ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന കൊച്ചു കേരളത്തില്‍പ്പോലും ഈ ഭീകര സംഘടന ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ഐഎസില്‍ ചേര്‍ന്ന് ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യക്കാരില്‍ അധികം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനോട് മുഖംതിരിക്കുന്ന സമീപനമാണ് സംസ്ഥാനം ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരളത്തിലെ സര്‍ക്കാരില്‍നിന്നും, അതിന് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഒരുതരം സംരക്ഷണം ഇവര്‍ക്ക് കിട്ടുന്നു എന്നത് കാണാതെ പോകരുത്.
കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിനു മുന്‍പ് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കടകവിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. ബെഹ്റ പറയുന്നതുപോലുള്ള സ്ലീപ്പിങ് സെല്ലുകള്‍ സംസ്ഥാനത്തില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചു. ജിഹാദികള്‍ക്കും അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാണ് ഇത്തരം നിരുത്തരവാദമായ പ്രസ്താവനകളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രാകൃതമായ മതശാസനകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന താലിബാന് അഫ്ഗാനില്‍ വീണ്ടും അധികാരം കൈക്കലാക്കിയതിനെക്കുറിച്ചും കേരളത്തില്‍ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ ഇസ്ലാമിക ഭീകരതയ്ക്ക് വളംവയ്ക്കുന്നതാണ്. അഫ്ഗാന് വനിതകളെ താലിബാന് ഭീകരര്‍ വെപ്പാട്ടികളാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും, മതതത്വങ്ങള്‍ അനുസരിക്കാത്തതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യുന്നതുമൊക്കെ അത്ര വലിയ പ്രശ്നമൊന്നുമല്ലെന്ന് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും വക്താക്കള്‍ പറയുന്നതിനെ നിസ്സാരമായി കാണാനാവില്ല. ഇടതു-ജിഹാദി വക്താക്കളിലൂടെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിലാണ് വനിതകള്‍ അടക്കമുള്ള ഇസ്ലാമിക ഭീകരര്‍ ഉണ്ടാവുന്നത്. താലിബാന്റെ ഭീകരവാഴ്ച അഫ്ഗാനില്‍ തിരിച്ചെത്തുകയും, പാക്കിസ്ഥാനെയും ചൈനയെയും പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങള്‍ അതിന് കുടപിടിക്കുകയും ചെയ്യുമ്പോള്‍ ഇടതു-ജിഹാദി ശക്തികള്‍ക്കെതിരെ വലിയ ജാഗ്രത ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: