ന്യൂദല്‍ഹി: രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും പെഗാസസ് വിഷയത്തില്‍ ഇനി സത്യവാങ്മൂലം നല്കാന് ഉദ്യേശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പെഗാസസുമായി ബന്ധപ്പെട്ട എന്തു ചോദ്യത്തിനും വിദഗ്ധ സമിതിക്ക് മുന്നില്‍ വെളിപ്പെടുത്താമെന്നും അതു സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കടുത്ത നിലപാടെടുത്തതോടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.
രണ്ടു പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചതാണെന്നും പെഗാസസുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിക്ക് അന്വേഷണം നടത്താമെന്നും ഇന്നലെ കേസ് പരിഗണിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പല തരത്തിലുള്ള നിരീക്ഷണ സോഫ്റ്റ് വെയറുകളും രാജ്യങ്ങള്‍ വാങ്ങാറുണ്ട്. അത്തരം കാര്യങ്ങളൊന്നും പരസ്യപ്പെടുത്താന്‍ സാധിക്കുന്നവയല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തായാല്‍ ഭീകരസംഘടനകള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യമായ യാതൊരു വെളിപ്പെടുത്തലിനും തയ്യാറല്ല, സോളിസിറ്റര്‍ ജനറല്‍ തറപ്പിച്ചു പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീകരവാദത്തെ നേരിടുന്നതിനുമായി നിരീക്ഷണങ്ങള്‍ ആവശ്യമായി വരാറുണ്ട്. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ കോടതിക്ക് ഇടപെടാവുന്നതാണ്. ഇത്തരം വിഷയം പരിശോധിക്കുന്നിനായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുകയാണ് കോടതി ചെയ്യേണ്ടത്. ചാര സോഫ്റ്റ് വെയറുകള്‍ വാങ്ങിയോ എന്നത് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താനാവുന്ന തരത്തിലുള്ള ഒരു വിഷയമല്ല. ഏതു സോഫ്റ്റ്വെയറാണ് നിരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് അറിയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നല്ലതല്ല. രാജ്യസുരക്ഷയുടെ പ്രശ്നമാണിത്. ഇത് വെളിപ്പെടുത്തിയാല്‍ നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായും ചിലര്‍ കോടതിയിലെത്തും. എല്ലാ കാര്യവും വിദഗ്ധ സമിതിക്ക് മുന്നില്‍ വെളിപ്പെടുത്താം. പരസ്യമാക്കാന്‍ തയ്യാറല്ല. അതിനാല്‍ തന്നെ ഇതില്‍ കൂടുതല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും തുഷാര്‍ മേത്ത ശക്തമായി അറിയിച്ചു.
ഇതോടെ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ .വി രമണ അറിയിച്ചു. എന്നാല്‍ സാധാരണ പൗരന്മാരുടെ ഫോണ്‍ എന്തിന് ചോര്‍ത്തി എന്നതു വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിദഗ്ധസമിതി വേണമോയെന്ന കാര്യം പത്തുദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രഏജന്‍സികള്‍ ഉപയോഗിക്കുന്ന ചാര സോഫ്റ്റ് വെയറുകള്‍ ഏതൊക്കെയാണെന്ന് അറിയുകയാണ് ഹര്ജിക്കാരിലൂടെ ചില കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന ആക്ഷേപം ഇന്നലത്തെ വാദത്തോടെ ശക്തമായിട്ടുണ്ട്. ഹര്‍ജിക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: