കണ്ണൂര്‍: മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയ്ക്ക് പിന്നാലെ പോലീസിനെതിരെ ആരോപണമുന്നയിച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്. പോലീസ് മനഃപൂര്‍വ്വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുമാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. എബിനും ലിബിനും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം പുറത്തുവരുന്നത്.
എബിന് വര്‍ഗീസിനും ലിബിനിനും അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലാണ് സഹോദരന്മാരുടെ പ്രതികരണം. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് ബസുകളില്‍ കഞ്ചാവും ആയുധങ്ങളും കടത്തുന്നുണ്ടെന്നു തുറന്ന് പറഞ്ഞതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് പിന്നില്‍. ഉദ്യോഗസ്ഥര്‍ അന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മാനസ കൊല്ലപ്പെടില്ലായിരുന്നു. കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ നഷ്ടം സംഭവിച്ച മാഫിയയാണ് പണമിറക്കി കുരുക്കാന്‍ ശ്രമിക്കുന്നതെന്നാണ് യൂട്യൂബര്‍മാരുടെ ആരോപണം.
യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. പലവഴിയില്‍ യാത്ര ചെയ്യുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വീഡിയോയില്‍ കാണിച്ചു. കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ അതും കാണിച്ചു എന്ന് മാത്രം. എന്നാല്‍ തങ്ങളുടെ അറിവില്ലായ്മയെ മുതലാക്കി നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്രൂശിക്കാനാണ് ശ്രമം നടക്കുന്നത്. സാധാരണ എല്ലാ കാര്യങ്ങളും ഇഴഞ്ഞുനീങ്ങുന്ന കേരളത്തില്‍ നിയമസംവിധാനവും ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് എതിരെ എത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചു, യൂട്യൂബ് വീഡിയോയില്‍ എബിന് വ്യക്തതമാകുന്നു.
വീട്ടില്‍ കിടന്നിരുന്ന വണ്ടിയാണ് അനധികൃതമായി ഇപ്പോള്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. സ്വന്തം വീടുപോലെ കരുതിയ വാഹനം പിടിച്ചെടുത്തപ്പോള്‍ കരഞ്ഞുപോയി. ‘ സ്വന്തം വീട് നശിക്കുമ്പോള്‍ കരയും. എല്ലാദിവസവും കയറിക്കിടക്കുന്ന വീട്ടില്‍ നിന്നിറക്കി വിട്ടാല്‍ ഉള്ള അവസ്ഥയാണ് ഇപ്പോള്‍,’ എബിന് വീഡിയോയില്‍ പറയുന്നു. കോടികളുടെ ആസ്തി ഉണ്ടെന്ന് വ്യാജ പ്രചരണമാണ് നടക്കുന്നത്. എരിതീയിലിട്ട് വറുക്കുന്നു. താമസിക്കുന്ന വീട്ടില്‍ നിന്ന് പോലും ഇപ്പോള്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്, സഹോദരങ്ങള്‍ പറയുന്നു.
കേരളം കത്തിക്കുമെന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ പലതും അടിച്ചിറക്കുന്നു. എന്നാല്‍ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നും ഇരുവരും വീഡിയോയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇനിയും പീഡിപ്പിച്ചാല്‍ വാന്‍ ലൈഫ് വീഡിയോകള്‍ നിര്‍ത്തി ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ രംഗത്തിറങ്ങുമെന്നു ഇരുവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: