ഫത്തേപൂര്‍(ഉത്തര്‍പ്രദേശ്): നിയമവിരുദ്ധമാക്കിയ മത്തലാഖിലൂടെ സൗദി അറേബ്യയില്‍നിന്ന് ഫോണിലൂടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ ആള്‍ക്കെതിരെ കേസ്. കുടുംബം വാഗ്ദാനം ചെയ്തിരുന്ന സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് തസാബുള്‍ തലാഖ് ചൊല്ലിയെന്ന് റാസിയ ബാനു നല്‍കിയ പരാതിയില്‍ പറയുന്നതായി ഹാത്ഗം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ കെ ഗൗതം അറിയിച്ചു.
തസാബുളിന്റെ എട്ടംഗ കുടുംബത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 2005 മെയ് 21ന് ആയിരുന്നു മുഹമ്മദ്പൂര്‍ ഗൗണ്ടി സ്വദേശിയായ തസാബുളുമായുള്ള റാസിയയുടെ വിവാഹം. ചൗക് ഓഹദ്പൂര്‍ സ്വദേശിയാണ് പരാതിക്കാരി. വിവാഹശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും നിരവധി തവണ യുവതിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ഗൗതം പറഞ്ഞു.
സൗദിയില്‍ ജോലി നോക്കുന്ന തസാബുള്‍ തിങ്കളാഴ്ചയാണ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതെന്നും കൂട്ടിച്ചേര്‍ത്തു. കേസ് എടുത്തുവെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: