മലപ്പുറം: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റികള്‍. വിഷയത്തില്‍ ഹരിത നേതാക്കള്‍ക്ക് പിന്തുണ അറിയിക്കുന്നതായും 12 ജില്ലാ കമ്മിറ്റികള്‍ അറിയിച്ചു. വനിത കമ്മിഷന് ഹരിത നേതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ജില്ലാഘടകങ്ങളും കത്ത് അയച്ചിരിക്കുന്നത്.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ വനിത കമ്മിഷനില്‍ നല്കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്. ഹരിതയ്ക്കെതിരായ നടപടിയില്‍ എംഎസ്എഫിനുള്ളിലെ പ്രതിഷേധമാണ് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
അതിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ രാജിവെക്കാനുള്ള ഒരുക്കത്തിലാണ്. ജില്ലാ കമ്മിറ്റികളും രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകും. അച്ചടക്ക നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തെഹ്ലിയയും കോഴിക്കോട് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: