ജനകോടികളുടെ ആരാധ്യദേവനായ ശബരീശന്റെ സന്നിധിയില്‍ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുമ്പോഴും ദൗര്‍ഭാഗ്യവശാല്‍ പവിത്രമായ ഈ ദേവഭൂമി പച്ചയായ ജാതിവിവേചനത്തിന് വേദിയാകുന്നു.
ജാതിമതഭേദമന്യേ നൂറ്റാണ്ടുകളായി ഭക്തരെത്തുന്ന അപൂര്‍വതകളേറെയുള്ളതാണ് ശബരിമല ക്ഷേത്രം. ഇവിടുത്തെ മേല്‍ശാന്തി നിയമനത്തില്‍ പുലര്‍ത്തുന്ന വിവേചനം കേരളത്തിന് തീരാകളങ്കമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഈ പിന്തിരിപ്പന് നിലപാട് തിരുത്തിക്കാനുള്ള പ്രക്ഷോഭ പാതയിലാണ് ബി.ഡി.ജെ.എസ്.
ബ്രാഹ്മണരിലെ തന്നെ ഒരു വിഭാഗത്തിന് പ്രത്യേക ജാതിവിശേഷണം നല്കി മറ്റെല്ലാവരെയും ശബരിമല ശ്രീകോവിലില്‍ നിന്ന് അകറ്റി നിറുത്തുന്ന പച്ചയായ തട്ടിപ്പിനെതിരായ പോരാട്ടമാണ് ബി.ഡി.ജെ.എസ് നയിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ ഒരു നിയമനത്തിനും ജാതി പാടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും 2002ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ കക്ഷിയായ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. എന്നിട്ടും ഈ അന്യായം തുടരുന്നതിന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പറയുന്ന ന്യായങ്ങള്‍ ബാലിശമാണ്. മലയാള ബ്രാഹ്മണന് മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പത്രപ്പരസ്യം നല്‍കിയാണ് ശ്രീനാരായണ ഗുരുദേവനും മന്നത്തു പത്മനാഭനും വി.ടി.ഭട്ടതിരിപ്പാടും ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിക്കുന്നത്.
2002 മുതലാണ് ഈ വ്യവസ്ഥ ബോര്‍ഡ് കൊണ്ടുവരുന്നത്. ഇതിന് മുമ്പ് ബ്രാഹ്മണരല്ലാത്തവരെയും ശബരിമല മേല്‍ശാന്തി പദവിയിലേക്ക് പരിഗണിച്ചിരുന്നു. നിലവിലെ മേല്‍ശാന്തി ജയരാജ് പോറ്റി ബ്രാഹ്മണനാണെങ്കിലും മലയാള ബ്രാഹ്മണനല്ല. എന്ത് സാമൂഹ്യനീതിയാണ് പുരോഗമനവാദികളെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം അവകാശപ്പെടുന്നവരും ദേവസ്വം ബോര്‍ഡും പുലര്‍ത്തുന്നത്. ഇന്ത്യാ മഹാരാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും 29 കേന്ദ്രമന്ത്രിമാരും കേരള മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പിന്നാക്ക വിഭാഗക്കാരാണെന്ന കാര്യമെങ്കിലും ഇവര്‍ മനസിലാക്കണം.
ശബരിമല യുവതീപ്രവേശനത്തിനായി ചാനലുകളിലും പത്രങ്ങളിലും തെരുവുകളിലും പടവെട്ടിയിരുന്ന ഇടതു- വലതു ബുദ്ധിജീവികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ എന്നു പറഞ്ഞവര്‍ 2002ലെ സുവ്യക്തമായ നിര്‍ദേശമുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസു നടത്തുന്നു.
തലമുറകളായി കേരളത്തില്‍ വസിക്കുന്ന തമിഴ്, കര്‍ണാടക, ആന്ധ്ര ബ്രാഹ്മണരേയും നായര്‍ സമുദായം ഉള്‍പ്പെടുന്ന മുന്നാക്ക വിഭാഗക്കാരെയും പിന്നാക്ക, പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെയും ഈ നിയമനത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ഭരണകൂടം തയ്യാറാകണം. ഈ അനീതി അവസാനിപ്പിക്കും വരെ ബി.ഡി.ജെ.എസ് സമരരംഗത്തുണ്ടാകും. എല്ലാ ഹിന്ദുക്കള്‍ക്കും ശ്രീകോവില്‍ പ്രവേശനത്തിനായുള്ള ഈ ധര്‍മ്മസമരത്തിന് പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: