കാബൂള്‍: താലിബാന് പൂര്‍ണ്ണനിയന്ത്രണമുള്ള അഫ്ഗാനിസ്ഥാന് ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അഫ്ഗാന് സേന താലിബാന്റെ മുന്നില്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായും അടിയറ പറഞ്ഞ മട്ടാണ്. ഇതോടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന് സേനയ്ക്ക് അമേരിക്ക നല്കിയ മുഴുവന്‍ ആയുധങ്ങളും താലിബാന്റെ നിയന്ത്രണത്തിലായി. ഏകദേശം മൂന്ന് ലക്ഷം പേരാണ് അഫ്ഗാന് ദേശീയ സേനയില്‍ പട്ടാളക്കാരായുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം അത്യാധുനിക അമേരിക്കന്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കിയിരുന്നു. ഇതെല്ലാം താലിബാന് പിടിച്ചെടുത്തിരിക്കുകയാണ്. നേരത്തെ താലിബാന് തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നത് റഷ്യന്‍ നിര്‍മ്മിതമായ എകെ-47 ആണ്. എന്നാല്‍ അമേരിക്കയുടെ യന്ത്രത്തോക്കുകള്‍ ഇതിനേക്കാള്‍ പതിന്മടങ്ങ് ആധുനികയും യുദ്ധക്കളത്തില്‍ കൂടുതല്‍ ആള്‍നാശം വിതയ്ക്കാന്‍ ശേഷിയുള്ളതാണ്. എം4 കാര്‍ബൈനുകള്‍, എം16 റൈഫിളുകള്‍ തുടങ്ങിയ അമേരിക്കന്‍ നിര്‍മ്മിത ആധുനിക ആയുധങ്ങള്‍ കയ്യടക്കിയ താലിബാന് തീവ്രവാദികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ കാണാം. അതുപോലെ അഫ്ഗാന് സര്‍ക്കാരിന്റെ ആധുനിക വാഹനങ്ങളും താലിബാന് പിടിച്ചെടുത്തിട്ടുണ്ട്. ഇതാണ് കൂടുതല്‍ ആശങ്കയുളവാക്കുന്നത്.ഒപ്പം ചൈനയുടെയും റഷ്യയുടെയും പാകിസ്ഥാന്റെയും പിന്തുണയും താലിബാനുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാന്റെ ആധിപത്യം കശ്മീരില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കശ്മീരില്‍ കൂടുതലായി സുരക്ഷാ ജാഗ്രത പുലര്‍ത്താന്‍ നടപടികളെടുത്ത് കഴിഞ്ഞു.
ഇതിനിടെ താലിബാന്റെ ദോഹയിലുള്ള രാഷ്ട്രീയ ഓഫീസിന്റെ തലവനായ മുല്ല ബറദര്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെത്തി. ഖത്തറിലെ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് അല്‍ താനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബറദര്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തുന്നത്. ചൈന ഉള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുമായി നയതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബറദറാണ്. ഇദ്ദേഹം പുതിയ അഫ്ഗാന് ഭരണകൂടത്തിന്റെ പ്രസിഡന്റാകുമെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: