ലഖ്നോ: ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യുപി ലോ കമ്മീഷന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചു.
ബില്ലില്‍ രണ്ട് കുട്ടികള്‍ക്ക് മുകളില്‍ അനുവദിക്കേണ്ടെന്ന കര്‍ശന നിര്‍ദേശമുണ്ട്. നേരത്തെ തയ്യാറാക്കിയ ജനസംഖ്യാനിയന്ത്രണ ബില്ലിന് ജൂലായ് 19 വരെ 8500 നിര്‍ദേശങ്ങളും എതിര്‍പ്പുകളും കിട്ടിയിരുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ കരട് ബില്‍. രണ്ട് കുട്ടികളേക്കാള്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കും. ഇപ്പോഴെ മഹാരാഷ്ട, ആന്ധ്ര, തെലുങ്കാന, ഉത്തരാഖണ്ഡ്, ഹരിയാന, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വിലക്ക് നിലനില്‍ക്കുന്നതായും ലോ കമ്മീഷന് പറയുന്നു.
രണ്ടും പെണ്‍കുട്ടികളാണെങ്കില്‍ മൂന്നാമതൊരു കുട്ടിയെക്കൂടി പരീക്ഷിക്കാനുള്ള അവസരം മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ലോ കമ്മീഷന് തള്ളി. പുതിയ ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നിയമത്തിലെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരൂ. ഇത് ഉത്തര്‍പ്രദേശ് സംസ്ഥാനത്തില്‍ മുഴുവന്‍ ബാധകമായിരിക്കും.
രണ്ട് കുട്ടികള്‍ മാത്രമായി നിയന്ത്രിച്ച് സ്വമേധയാ വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് വീട് പണിയുന്നതിനും വീട് വാങ്ങുന്നതിനും കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാര്‍ വായ്പ നല്‍കും. 45 വയസ്സുള്ള ഒരാള്‍ 10 വയസ്സുള്ള ഒരു കുട്ടിയുള്ളപ്പോള്‍ തന്നെ ഇനി കുട്ടിവേണ്ടെന്ന് തീരുമാനത്തോടെ വന്ധ്യംകരണത്തിന് വിധേയമാവുകയാണെങ്കില്‍ കൂടുതല്‍ സൗജന്യങ്ങള്‍ ലഭ്യമാകും. കുട്ടിക്ക് 20 വയസ്സ് വരെ ഇന്‍ഷുറന്‍സ് ലഭിക്കും. കുടുംബത്തിന് സൗജന്യമായ ആരോഗ്യസേവനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നല്‍കും. ഇത്തരം ദമ്പതികള്‍ക്ക് ഒറ്റത്തവണ മൊത്തമായി ഒരു തുകയും സഹായധനമായി നല്‍കും.
രണ്ട് കുട്ടികള്‍ എന്ന പരിധി ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വകയുള്ള സൗജന്യങ്ങള്‍ നിഷേധിക്കപ്പെടും. ഇവര്‍ക്ക് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന പദ്ദതികള്‍, തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പുകളില് മത്സരിക്കല്‍, സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റം, സര്‍ക്കാര്‍ സബ്സിഡി ലഭിക്കല്‍ എന്നിവ ഒഴിവാക്കപ്പെടും.
അതേ സമയം ഇന്ത്യയുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ ദേശീയ തലത്തില്‍ ഇത്തരത്തില്‍ ഒരു ബില്ല് കൊണ്ടുവരാന്‍ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: