കോട്ടയം: യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുകയും ചരിത്രബോധമുള്ളവരായി വളര്‍ത്തുകയും വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗം ഡോ. സി.ഐ. ഐസക്. കെ. മോഹനകണ്ണന്‍ രചിച്ച് ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ചരിത്രം നിര്‍മ്മിച്ച ഛത്രപതി എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ചരിത്രം പഠിക്കുന്നില്ല. ശിവജിയുള്പ്പെടെയുള്ള മഹാന്മാരെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവു ലഭിക്കുന്നില്ല. അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലാണ് ചരിത്രം പഠിക്കുന്നത്. ഈ പുസ്തകങ്ങള്‍ നോക്കിയാല്‍ ശിവജിയുള്പ്പെടെയുള്ളവരെ കാണാനാകില്ല. മോഷ്ടാവായ ടിപ്പുവിനെവരെ മഹത്വവത്ക്കരിക്കുകയാണിവിടെ. ചരിത്രത്തിന്റെ ഭാഗമായ മഹത്സംഭവങ്ങളില് ഊറ്റം കൊള്ളുന്നവരാകുകയും തെറ്റുകള്‍ തിരുത്തുകയും വേണം. അല്ലാതെ ചെറിയ പുഴുക്കുത്തുകള്‍ എടുത്ത് ഉയര്‍ത്തിക്കാണിക്കുകയല്ല വേണ്ടത്. യഥാര്‍ത്ഥ ചരിത്രം പകര്‍ന്നു നല്‍കാനുള്ള ജന്മഭൂമിയുടെ ശ്രമം അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ് പുതിയ വഴികള്‍ തേടുന്നതെന്ന് പുസ്തകം സ്വീകരിച്ച ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന് പറഞ്ഞു. ആന്തരിക ശക്തികൊണ്ടാണ് ശിവജിയ്ക്ക് ഔറംഗസേബിനെ നേരിടാനായത്. ആന്തരികശക്തിയുള്ള സമൂഹം ഉണ്ടെങ്കില്‍ ആര് രാജ്യത്തെ വളഞ്ഞാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി അദ്ധ്യക്ഷനായി. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, ഗ്രന്ഥകര്‍ത്താവ് കെ. മോഹനകണ്ണന്‍, കോട്ടയം ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, കോട്ടയം യൂണിറ്റ് മാനേജര്‍ എം.ആര്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: