തിരുവനന്തപുരം : എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ പരാതി നല്കിയ ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നടപടിയെടുക്കും. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതോടെ വനിത കമ്മിഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ ഹരിതയോട് അവശ്യപ്പെടുകയും ഇതിനായി നല്കിയ സമയ പരിധി അവസാനിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ലീഗ് നടപടിക്ക് ഒരുങ്ങുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. പ്രശ്നം വിവാദമായതോടെ ലീഗ് നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ചുവിടലിലേക്ക് എത്തിയത്. പ്രശ്നത്തില്‍ പരിഹാരം കാണുന്നതിനിടെ ഹരിത നേതാക്കള്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണുമെന്ന് പ്രസ്താവന നടത്തി. അബ്ദുള്‍ വഹാബും സമാന രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് വനിതാ കമ്മിഷന് നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.
അതിനിടെ ഹരിതയുടെ പ്രവര്‍ത്തനം ഇനി സംസ്ഥാന, ജില്ലാ തലത്തില്‍ വേണ്ടെന്ന് വെക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്. നിലവില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ മാത്രമേ ഹരിതയുടെ പ്രവര്‍ത്തനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: