തൃശൂര്‍: നടന് ആദിത്യന് ജയനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് നടി അമ്പിളീ ദേവിക്ക് നിര്‍ദ്ദേശം. തൃശൂര്‍ കുടുംബ കോടതിയില്‍ ആദിത്യന് നല്കിയ കേസ് പരിഗണിച്ചാണ് ഈ നിര്‍ദ്ദേശം. കേസ് തീര്‍പ്പാകുന്നത് വരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഒരു പ്രസ്താവനയും നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പിളീ ദേവി പണയംവെച്ച ആദിത്യന്റേതടക്കമുള്ള ആഭരണങ്ങള്‍ കേസ് തീര്‍പ്പാകുന്നത് വരെ ഇവ വിട്ടുകൊടുക്കുന്നതില്‍ നിന്ന് ബാങ്ക് മാനേജരെ കോടതി വിലക്കി. അമ്പിളി ദേവി നടത്തുന്ന പരാമര്‍ശങ്ങള്‍ അസത്യവും തന്റെ ജോലി സാധ്യതകള്‍ തകര്‍ക്കുന്നതും ആണെന്നാണ് ആരോപിച്ചാണ് ആദിത്യന് കുടുംബ കോടതിയെ സമീപിച്ചത്. ഇതില്‍ അമ്പിളീ ദേവി 10 കോടി നഷ്ടപരിഹാരം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടന്നാണ് കോടതിയുടെ നിര്‍ദ്ദേശം. നേരത്തെ അമ്പിളിയുടെ പരാതിയെത്തുടന്ന് സീരിയല്‍ നടന്മാരുടെ സംഘടനയായ ആത്മയില്‍ നിന്ന് ആദിത്യനെ പുറത്താക്കിയിരുന്നു.
2019 ലാണ് നടന് ആദിത്യന് ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. അമ്പിളിയുടെയും ആദിത്യന്റേയും ആഭരണങ്ങള്‍ അമ്പിളി ബാങ്കില്‍ പണയം വെച്ചതിന്റെ രേഖകള്‍ ആദിത്യന് ഹാജരാക്കി. ഇത് പരിഗണിച്ച കോടതി കേസ് തീര്‍പ്പാക്കുന്നത് വരെ അവ വിട്ടു നല്കുന്നതില് നിന്നും ബാങ്കിനെ വിലക്കി. അമ്പിളീ ദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന രേഖകളും ആദിത്യന് കോടതിയില്‍ ഹാജരാക്കി.
ആദിത്യന് സ്ത്രീധനവും സ്വര്‍ണവും ചോദിച്ച് പീഡിപ്പിച്ചെന്നും 10ലക്ഷം രൂപയും 100പവന് സ്വര്‍ണ്ണാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നുമാണ് അമ്പിളി പരാതി നല്‍കിയത്. എന്നാല്‍ താന്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നതിന്റെ തെളിവുകളും ആദിത്യന് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കോടതി ഉത്തരവിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും നിയമ നടപടികള്‍ മുന്നോട്ടു പോകട്ടെയെന്നുമാണ് അമ്പിളി ദേവി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: