ഇടുക്കി: ജില്ലയില്‍ കുട്ടികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് തടയിടാനുള്ള പദ്ധതികളുമായി ജില്ലാ ശിശു സംരക്ഷണ വകുപ്പ്. ജില്ലയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായും ഇതിന് തടയിടാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും കാട്ടി ജന്മഭൂമി നിരവധി വാര്‍ത്തകള്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്‍സിലിങ് അടക്കമുള്ള വലിയ പദ്ധതിയുമാണ് ശുശു സരംക്ഷണ വകുപ്പ് രംഗത്തെത്തുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ 16 വയസില്‍ താഴെയുള്ള ആറ് വിദ്യാര്‍ഥികളാണ് ഇടുക്കി ജില്ലയില്‍ ജീവനൊടുക്കിയത്. ഇതില്‍ അഞ്ചുപേരും ആത്മഹത്യ ചെയ്തത് ജൂലൈ മാസത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്കാന് തീരുമാനിച്ചത്. ഇതിനായി സ്കൂള്‍ കൗണ്‍സിലര്‍മാരും അധ്യാപകരുമടങ്ങുന്ന 500 അംഗ കൂട്ടായ്മ രൂപീകരിക്കും. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ പ്രശ്ന സങ്കീര്‍ണ കുടുംബങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും നേരില്‍ കണ്ട് കൗണ്‍സലിംഗ് നല്‍കും.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികള്‍ വിട്ടുനില്‍ക്കുന്നതും ഫോണുകള്‍ക്ക് അടിമയാകുന്നത് മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് മിക്ക ആത്മഹത്യകള്‍ക്കും പിന്നിലെന്ന് അധികൃതര്‍ പറയുന്നു. തോട്ടം, കാര്‍ഷിക മേഖലകളില്‍ മാതാപിതാക്കല്‍ രാവിലെ തന്നെ കുട്ടികളെ ഫോണ്‍ ഏല്‍പ്പിച്ച് പോയാല്‍ വൈകിട്ടാണ് തിരിച്ചുവരുന്നത് ഇതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമാകുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
അതേ സമയം തൊടുപുഴയിലും കുമളിയിലും അടുത്തിടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞ് കയറിയത് പോലീസിനും സ്കൂള്‍ അധികൃതര്‍ക്കും വലിയ തലവേദന ആയിരുന്നു. സൂം, ഗൂഗിള്‍ മീറ്റ് പോലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ക്ലാസുകള്‍ക്കിടെ ചിലര്‍ നുഴഞ്ഞ് കയറി അശ്ലീല ദൃശ്യങ്ങളടക്കം കാണിച്ച സംഭവങ്ങളുമുണ്ട്. പെണ്‍കുട്ടികളടക്കമുള്ള ക്ലാസിലാണ് ഇത്തരം വിഷയങ്ങള്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കൃത്യമായി കണ്ടെത്താനാകാത്തതും വലിയ തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: