മക്കളേ,
നമ്മുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും നഷ്ടമാകാന്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങള്‍ ധാരാളമുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സമചിത്തത കാത്തുസൂക്ഷിക്കാന്‍ നമ്മള് പ്രത്യേകം ശ്രദ്ധിക്കണം. തലയില്‍ കാക്ക കാഷ്ഠിച്ചാല്‍ നമ്മള് കാക്കയോടു ദേഷ്യപ്പെടാറില്ലല്ലോ. റോഡരികിലൂടെ നടക്കുമ്പോള്‍ അടുത്തുകൂടി പോകുന്ന ഒരു വാഹനം ചിലപ്പോള്‍ നമ്മുടെ മേല്‍ ചെളിവെള്ളം തെറിപ്പിച്ചെന്നിരിക്കാം. അറിയാതെ സംഭവിച്ചതായിരിക്കാമെന്നു ചിന്തിച്ച് നമ്മള് അവരോടു ക്ഷമിക്കാറില്ലേ. ശ്രമിച്ചാല്‍ അതുപോലെയുള്ള ഒരു മനോഭാവം ഏതു സാഹചര്യത്തിലും നമുക്കു നിലനിര്‍ത്താന്‍ സാധിക്കും.
ജയവും പരാജയവും, മാനവും അപമാനവുമെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണെന്നു തിരിച്ചറിഞ്ഞ് മനസ്സിന്റെ ശാന്തത നിലനിര്‍ത്തണം. ‘അങ്ങനെ എല്ലാം വിട്ടു കൊടുത്താല്‍ അത് തെറ്റു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കില്ലെ?’ എന്നു ചോദിക്കാം. പ്രതികരിക്കേണ്ടത് ആവശ്യമാണെങ്കില്‍ പ്രതികരിക്കുകതന്നെ വേണം. പക്ഷെ നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനം നമ്മുടെ മനസ്സിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തുക എന്നതാണ്. ക്ഷമ ഏറ്റവും വലിയ ഒരു മന്ത്രമാണ്, മനസ്സിനെ നമ്മുടെ കൈയില്‍ കൊണ്ടുവരാനുള്ള ഒരു മാര്‍ഗ്ഗമാണ്.
ശാന്തമായ മനസ്സിനുടമയായ ഒരാള്‍ക്ക് സാഹചര്യങ്ങളെ ശരിയായി കണ്ടറിഞ്ഞ് പ്രതികരിക്കാന്‍ കഴിയും. മനസ്സ് അസ്വസ്ഥവും കലുഷവുമായാല്‍ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനാവില്ല. അതു തെറ്റിദ്ധാരണയ്ക്കും തെറ്റായ പ്രതികരണത്തിനും കാരണമാകാം. അതുകൊണ്ട് ഏതു സാഹചര്യത്തിലും മനസ്സിനെ ശാന്തമാക്കി വെയേ്ക്കണ്ടത് അത്യാവശ്യമാണ്.
ഒരു രാജാവിന്റെ കൊട്ടാരത്തില്‍ സദസ്സ് നടക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടെവന്ന് രാജാവിനെ വണങ്ങിയശേഷം പറഞ്ഞു, ‘ഞാന്‍ ഒരു വ്യാപാരിയാണ്. അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയുള്ള പണ്ഡിതന്മാരോടെല്ലാം ഞാന്‍ ഒരു ചോദ്യം ചോദിച്ചു. എന്നാല്‍ എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം നല്കാന് അവര്‍ക്കാര്‍ക്കും സാധിച്ചില്ല. അങ്ങയുടെ സദസ്സിലുള്ള വിദ്വാന്മാരോടും ഇതേ ചോദ്യം ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
രാജാവ് അയാള്‍ക്ക് ചോദ്യം ചോദിക്കാന്‍ അനുമതി നല്കി. വ്യാപാരി തന്റെ സഞ്ചിയില്‍നിന്ന് ഒരേ വലിപ്പവും ആകൃതിയും നിറവുമുള്ള രത്നംപോലെ തോന്നിക്കുന്ന രണ്ടു കല്ലുകള്‍ പുറത്തെടുത്തു. അവ രാജാവിന്റെ മുമ്പിലുള്ള മേശപ്പുറത്തുവെച്ചുകൊണ്ട് അയാള്‍ രാജാവിനോടു പറഞ്ഞു,’ഈ രണ്ടു കല്ലുകളും ഒരേ വലിപ്പവും ആകൃതിയും നിറവുമാണ്. എന്നാല്‍ ഇവയിലൊന്ന് യഥാര്‍ത്ഥ രത്നവും മറ്റേത് സാധാരണ ഗ്ലാസ്സുമാണ്. ഈ രാജ്യത്തെ ആരെങ്കിലും ഇവയില്‍ ശരിയായ രത്നത്തെ തിരിച്ചറിഞ്ഞാല്‍ ആ രത്നം ഞാന്‍ അയാള്‍ക്കു സമ്മാനമായി നല്‍കാം. എന്നാല്‍ ആര്‍ക്കും അതു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ രത്നത്തിന്റെ മൂല്യത്തിന് തുല്യമായ തുക എനിക്ക് അങ്ങു നല്‍കണം.’
രാജാവ് വളരെ സൂക്ഷിച്ചു നോക്കിയെങ്കിലും അദ്ദേഹത്തിന് ആ രണ്ടു വസ്തുക്കളും തമ്മില്‍ യാതൊരു വ്യത്യാസവും കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം പരാജയം സമ്മതിച്ച്, തന്റെ മന്ത്രിമാരോട് രത്നം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിനു ധൈര്യപ്പെട്ടില്ല. രാജസദസ്സിലുള്ള മറ്റാരും തന്നെ ആ വെല്ലുവിളി സ്വീകരിക്കുവാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ രത്നം തിരിച്ചറിയേണ്ടത് രാജാവിനെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനപ്രശ്നമായി മാറി. അപ്പോഴാണ് അന്ധനായ ഒരാള്‍ വടിയും ഊന്നിപ്പിടിച്ചുകൊണ്ട് അവിടെ വന്നത്. അയാള്‍ വ്യാപാരിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ആദ്യം രാജാവ് മടിച്ചുനിന്നു. പക്ഷെ, മറ്റാരും ധൈര്യപ്പെടാത്ത സ്ഥിതിയ്ക്ക് അയാളെ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നി.
അന്ധന് രണ്ടുവസ്തുക്കളെയും കൈകൊണ്ട് തൊട്ടുനോക്കി. എന്നിട്ട് അതിലൊന്നു കൈയിലെടുത്തുകൊണ്ടു പറഞ്ഞു, ‘ഇത് യഥാര്‍ത്ഥ രത്നവും മറ്റേത് ഗ്ലാസ്സുമാണ്.’ അന്ധന് പറഞ്ഞത് ശരിയാണെന്ന് വ്യാപാരി സമ്മതിച്ചു. അപ്പോള്‍ രാജാവ് അന്ധനോടു ചോദിച്ചു, ‘യഥാര്‍ഥ രത്നവും ഗ്ലാസ്സും നിങ്ങള്‍ തിരിച്ചറിഞ്ഞത് എങ്ങനെയാണ്?’ അയാള്‍ പറഞ്ഞു, ‘അതു എളുപ്പമാണ്, ഞാന്‍ രണ്ടു വസ്തുക്കളും തൊട്ടുനോക്കി. അതിലൊന്ന് വെയിലേറ്റു ചൂടായിട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തേതിന് അല്പംപോലും ചൂടുണ്ടായിരുന്നില്ല. അതിനാല്‍ അതു യഥാര്‍ത്ഥ രത്നമാണെന്ന് എനിക്കു മനസ്സിലായി.’
പ്രതികൂല സാഹചര്യമാകുന്ന വെയിലേറ്റിട്ടും ചൂടാകാതിരിക്കുന്ന വ്യക്തി യഥാര്‍ത്ഥ രത്നം തന്നെയാണ്; അയാള്‍ ജീവിതത്തില്‍ വിജയം നേടും. ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ മനഃസാന്നിദ്ധ്യം നഷ്ടപ്പെടുന്ന ആള് വെയിലേറ്റു ചൂടാകുന്ന ഗ്ലാസ്സുപോലെയാണ്.
വൈരം കാഷ്ഠത്തില്‍ കിടന്നാലും നമ്മള് എടുക്കും. അതു പോലെയാണ് സമചിത്തതയുടെ മഹത്വം. കാര്യങ്ങളെ തെളിഞ്ഞ ബുദ്ധിയോടെ വിലയിരുത്താന്‍ അതു നമ്മളെ സഹായിക്കുന്നു. എല്ലാ സാഹചര്യങ്ങളെയും ശരിയായ രീതിയില്‍ നേരിടാനുള്ള പക്വത നമ്മള് അതിലൂടെ ആര്‍ജ്ജിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: