തിരുവനന്തപുരം: സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ 75ാം ഓര്‍മപുതുക്കലിന്റെ ഭാഗമായി യുവമോര്‍ച്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മാരത്തോണ്‍ സംഘടിപ്പിച്ച്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയാണ് മാരത്തോണ്‍ യുവസങ്കല്പ യാത്ര നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 75 ഓളം പേര് അണിനിരന്ന പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നിര്‍വ്വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങനൂര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.
രാവിലെ 10ന് വിവേകാനന്ദ പാര്‍ക്കില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചൊതുന്ന പ്രത്യേക ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് മാരത്തോണിനായി അണിചേര്‍ന്നത്. യുവതീയുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ദേശീയ പതാകയുമേന്തി അന്തപുരിയുടെ വീഥിയിലൂടെ ദേശീയ ചിന്തയുണര്‍ത്തുന്ന മുദ്രാവാക്യമുരുവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നീങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ കാഴ്ച്ചകാരില്‍ ദേശീയത ഉണര്‍ത്തി.
ഗാന്ധിപാര്‍ക്കില്‍ സമാപിച്ച പരിപാടി മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോന് ഉദ്ഘാടനം ചെയ്തു. ലോകരാഷ്ട്രത്തിന്റെ മുന്നില്‍ ഇന്ത്യനടത്തുന്ന കുതുപ്പിന് പതാകാവാഹകരായി പ്രവര്‍ത്തിക്കേണ്ടത് ഭാരതത്തിന്റെ യുവത്വമാണെന്ന് അവര്‍ പറഞ്ഞു. ഭാരതം 25 വര്‍ഷങ്ങള്‍ക്ക് ശേഷം 100ാം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ ഭാരതത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെക്കാന്‍ പോകുന്നത് യുവത്വത്തിലൂടെയാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപാദിച്ചത്്. ഇതിന്റെ മുന്നോടിയായാണ് യുവാക്കളെ അണിനിരത്തി ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഭാരതമൊട്ടാകെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാരത്തോണ്‍ ഓട്ടം നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, സംസ്ഥാന മീഡിയ കണ്‍വീനര്‍ ചന്ദ്രകിരണ്‍, സംസ്ഥാന ഐടി കണ്‍വീനര്‍ അഭിലാഷ്, അയോധ്യ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീണ്‍, ജില്ലാ നേതാക്കളായ വലിയവിള ആനന്ദ്, നെടുമങ്ങാട് വിജിത്ത്, കിരണ്‍, രാമേശ്വരം ഹരി, ആശനാഥ് ചുണ്ടിക്കല്‍ ഹരി, അനന്തു വിജയ്, മണിനാട് സജി, കവിത സുബാഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മോദിയുടെ നേതൃത്വം ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്ന് സിപിഎമ്മിനും ബോധ്യമായി: കെ. സുരേന്ദ്രന്
തിരുവനന്തപുരം: നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. എഴുപത്തിനാലു വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്. യുവമോര്‍ച്ചയുടെ മാരത്തോണ്‍ യുവ സങ്കല്‍പ്പയാത്ര കവടിയാര്‍, ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപതാക ഉയര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എത്തിയില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ അവരും പങ്കാളികളാവും. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സിപിഎം വന്ദേമാതരം ചൊല്ലാനും രാമായണം വായിക്കാനും തുടങ്ങും. സബ്കാസാത് സബ്കാവികാസ് എന്ന നയം മോദി സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. മോദിയുടെ കീഴില്‍ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്. പാവപ്പെട്ടവര്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരാണെന്നത് അഭിമാനാര്‍ഹമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: