മാവേലിക്കര: സിമന്റിന് വിലയേറുന്നത് ജില്ലയിലെ നിര്‍മ്മാണമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഇതോടെ പലയിടത്തും പ്രവര്‍ത്തനങ്ങള്‍ പാതിവഴിക്ക് നിലച്ച അവസ്ഥയിലാണ്. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാന്‍ഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാന്‍ഡിന് 70 രൂപയോളവുമാണ് വര്‍ധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയില്‍നിന്നുള്ള കച്ചവടക്കാര്‍ പറയുന്നത്.
സാധാരണക്കാരെ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് പദ്ധതികളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയില്‍ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും അവര്‍ പറയുന്നു. പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഒരു മാസം മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും സിമന്റ് കമ്പനികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കുറഞ്ഞ ബ്രാന്‍ഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള നിരക്ക് (ഇറക്കുമതി നിരക്ക്) 325 രൂപയാണ്.
കണ്ടെയ്നര്‍ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉള്‍പ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും (റീട്ടെയില്‍) വില 390 മുതല്‍ 400 രൂപ വരെയാകും. കൂടിയ ബ്രാന്‍ഡിന് 470 രൂപ വരെയാണ് റീട്ടെയ്ല്‍ നിരക്ക്. കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വില്ക്കാന് കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വിലക്കയറ്റവും ഗതാഗത ചെലവിലുണ്ടായ വര്‍ധനയും കാരണം ഉത്പാദന-വിതരണ ചെലവ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ യൂണിറ്റുകളുടെ ഉത്പാദന ശേഷി പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയാത്തതിനാലും വില്പന തടസ്സപ്പെടുന്നതിനാലും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളമാണ് സിമന്റ് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ താത്പര്യമുള്ള വിപണിയും കേരളമാണ്. ഇവിടേക്ക് ഏറ്റവുമധികം സിമന്റ് വരുന്നത് ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: