കാബൂള്‍: രാജ്യംവിട്ടത് രക്തചൊരിച്ചില്‍ ഒഴിവാക്കാനെന്ന് വ്യക്തമാക്കി അഫ്ഗാന് പ്രസിഡന്റ് അഫ്റഫ് ഘനി. ഫേസ്ബുക്കിലൂടെയാണ് ഘനി പ്രതികരിച്ചത്. താലീബാന് തീവ്രവാദികള്‍ തലസ്ഥാനമായ കാബൂളും കൈയ്യടക്കിയതോടെയാണ് ഘനി അഫ്ഗാനിസ്ഥാനില്‍ നിന്നും പാലായനം ചെയ്തത്.
ഘനി താജിക്കിസ്ഥാനിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉസ്ബക്കിസ്ഥാനിലേക്കാണ് പാലായനം ചെയ്തതെന്നും അഭ്യൂഹമുണ്ട്. ജനകീയ സര്‍ക്കാരിലെ പ്രമുഖരും ഘനിയ്ക്കൊപ്പം അഫ്ഗാന് വിട്ടതായാണ് ലഭിക്കുന്ന വിവരം.
താലിബാന്റെ മിന്നല്‍ മുന്നേറ്റത്തില്‍ സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായി തകരുകയും ഗോത്രനേതാക്കളുള്‍പ്പെടെ കൈവിടുകയും ചെയ്തതോടെയാണ് പ്രസിഡന്റ് അഷ്റഫ് ഘനി പാലായനം ചെയ്തത്. നിര്‍ണായക യുഎന്‍ യോഗം ഇന്ന് ചേരും.
അയല്‍ രാജ്യത്തെ സംഭവ വികാസങ്ങളെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യത്തിനായി വ്യോമസേനയുടെ കൂറ്റന്‍ സി 17 ഗ്ലോബ് മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിറുത്തിയിട്ടുണ്ട്. 300 പേര്‍ക്ക് കയറാവുന്ന വിമാനമാണ്. ഇന്ത്യന്‍ എംബസിയിലെ എല്ലാ രേഖകളും കമ്പ്യൂട്ടറുകളും നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കാബൂള്‍ വിമാനത്താവളവും ഏത് നിമിഷവും താലിബാന് പിടിച്ചേക്കും.ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡറെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനായി വിമാനത്താവളത്തില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്. അമേരിക്കന്‍ എംബസി ജീവനക്കാരെമുഴുവന്‍ ഹെലികോപ്റ്ററുകളില്‍ ഒഴിപ്പിച്ചു. പൗന്മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: