കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കി താലിബാന്. തലസ്ഥാമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന് സൈന്യം പിന്മാറുകയായിരുന്നു. പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി താലിബാന്. ഇനി ഇസ്ലാമിക ഭരണമെന്ന് ഉടന്‍ പ്രഖ്യാപിക്കും. കാബൂള്‍ വളഞ്ഞ ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന് പിടിച്ചെടുത്തത്. നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിട്ടു. താലിബാന് കമാന്‍ഡര്‍ മുള്ള അബ്ദുള്‍ ഘനി ബറാദറിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിക്കും.
താലിബാന്റെ മിന്നല്‍ മുന്നേറ്റത്തില്‍ സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായി തകരുകയും ഗോത്രനേതാക്കളുള്‍പ്പെടെ കൈവിടുകയും ചെയ്തതോടെയാണ് പ്രസിഡന്റ് അഷ്റഫ് ഘനി താജിക്കിസ്ഥാനിലേക്ക് പോയത്.രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഷ്റഫ് ഗാനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗാനിയുടെ ആദ്യപ്രതികരണം ആണിത്. നിര്‍ണായക യുഎന്‍ യോഗം ഇന്ന് ചേരും.
അയല്‍ രാജ്യത്തെ സംഭവ വികാസങ്ങളെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.ഇന്ത്യക്കാരുടെ ആവശ്യത്തിനായി വ്യോമസേനയുടെ കൂറ്റന്‍ സി – 17 ഗ്ലോബ് മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിറുത്തിയിട്ടുണ്ട്. 300 പേര്‍ക്ക് കയറാവുന്ന വിമാനമാണ്. ഇന്ത്യന്‍ എംബസിയിലെ എല്ലാ രേഖകളും കമ്പ്യൂട്ടറുകളും നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കാബൂള്‍ വിമാനത്താവളവും ഏത് നിമിഷവും താലിബാന് പിടിച്ചേക്കും.ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡറെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനായി വിമാനത്താവളത്തില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്. അമേരിക്കന്‍ എംബസി ജീവനക്കാരെമുഴുവന്‍ ഹെലികോപ്റ്ററുകളില്‍ ഒഴിപ്പിച്ചു. പൗന്മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന് അറിയിച്ചിരുന്നു.
കാബൂളിലെ എംബസി ഒഴിപ്പിക്കില്ലെന്നും താലിബാന് സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ബുദ്ധിജീവികളും വനിതാ ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ വധിക്കുമെന്ന് താലിബാന് ഭീഷണി. ഇവര്‍ക്ക് അഭയം നല്‍കുമെന്ന് അല്‍ബേനിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: