വിരസമായ ഉല്ബോധനങ്ങള്, പൊള്ളയായ പ്രഖ്യാപനങ്ങള്‍, അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍, ഒരു ദിവസത്തെ കേവലം ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുവേണ്ടി എഴുതിത്തയ്യാറാക്കുന്ന വാചകങ്ങള്‍. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതായിരുന്നു നമ്മുടെ പ്രധാനമന്ത്രിമാര്‍ വര്‍ഷംതോറും ആഗസ്ത് പതിനഞ്ചിന് നടത്തിവരാറുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍. നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷമാണ് ഇതിന് പ്രകടമായ മാറ്റം വരാന്‍ തുടങ്ങിയത്. രാജ്യതലസ്ഥാനത്തെ ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി ചെയ്ത പ്രസംഗങ്ങള്‍ പുതിയ ഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നതായിരുന്നു. ജനകോടികളുടെ ജീവിതത്തെ സ്പര്‍ശിക്കാതെയുള്ള, ഭരണകൂടത്തിന്റെ നിര്‍ബന്ധങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതും, ജനങ്ങളുടെ അഭിലാഷം പ്രതിഫലിപ്പിക്കുന്നതുമായ ഉത്സവങ്ങളാക്കി മാറ്റുവാന്‍ കഴിഞ്ഞതിന്റെ ബഹുമതി നരേന്ദ്രമോദി എന്ന ഭരണാധിപന് അവകാശപ്പെട്ടതാണ്. കൊവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടും സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തുന്ന നയപ്രഖ്യാപനങ്ങള്കൊണ്ട് ശ്രദ്ധേയമാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം.
രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമഗ്രമായി അവലോകനം ചെയ്യുന്ന പ്രസംഗമാണിത്. കൊവിഡ് മഹാമാരി, വാക്സിനേഷന്, ആത്മനിര്‍ഭര ഭാരത്, ചെറുകിട കര്‍ഷകരുടെ ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവയിലൊക്കെ കഴിഞ്ഞ ഒരു വര്‍ഷം എന്താണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കിയുള്ള പ്രധാന്‍മന്ത്രി ഗതി ശക്തി പദ്ധതിയുടെ പ്രഖ്യാപനമാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എടുത്തുപറയേണ്ടത്. വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന പദ്ധതിയാണിത്. സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ മാറ്റത്തിനുവേണ്ടിയുള്ള ഈ പദ്ധതിയില്‍ നൂറുലക്ഷം കോടി രൂപയാണ് വകയിരുത്തുക. ഉടന്‍ തന്നെ തുടക്കം കുറിക്കുന്ന പദ്ധതി പ്രാദേശിക നിര്‍മാതാക്കളെ ആഗോളതലത്തിലുള്ള മത്സരത്തിന് പ്രാപ്തരാക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കും. പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിച്ച് യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും കൊണ്ടുവരും. ഓരോ രാഷ്ട്രത്തിന്റെയും ശരിയായ വികസന യാത്രയുടെ സമയം വരുന്നത് സ്വന്തമായ ലക്ഷ്യങ്ങള്‍ കണ്ടെത്തുമ്പോഴാണെന്നും, ഭാരതത്തിന്റെ കാര്യത്തില്‍ അത് സംഭവിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ ഓരോ പൗരനും അത് നല്കുന്ന ആത്മവിശ്വാസം വലുതാണ്. ആത്മനിര്‍ഭര ഭാരതത്തിന്റെ ലക്ഷ്യം നൂറാം സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രം പൂര്‍ത്തീകരിക്കുമെന്നു പറയുമ്പോള്‍ ഭാവിഭാരതത്തിന്റെ ശോഭനമായ ചിത്രമാണ് പ്രധാനമന്ത്രിയുടെ മനസ്സിലുള്ളത്.
ബലിദാനികളായ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിന്റെ മഹത്തായ യാത്രയില്‍ മുഖ്യ പങ്കുവഹിച്ച എല്ലാവര്ക്കും അഭിവാദ്യം നേര്‍ന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഈ കഠിന കാലത്ത് മറ്റുള്ളവര്‍ക്കായി ത്യാഗം അനുഷ്ഠിച്ചവര്‍ രാജ്യത്തിന്റെ അഭിമാനമര്ഹിക്കുന്നുവെന്നും പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സില്‍ മെഡലുകള്‍ നേടിയ താരങ്ങളുടെ നേട്ടങ്ങള്‍ വാഴ്ത്തപ്പെടേണ്ടതുണ്ടെന്നും, നമ്മുടെ ഹൃദയം കവര്‍ന്ന ഇവര്‍ ഭാവി തലമുറയ്ക്ക് പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടത് രാജ്യത്തെ മുഴുവന്‍ കായികതാരങ്ങള്‍ക്കുമുള്ള അംഗീകാരമാണ്. ആഗസ്ത് പതിനാല് വിഭജന ഭീകരതയുടെ ഓര്‍മദിനമായി ആചരിക്കാന്‍ തീരുമാനിച്ച കാര്യം ആവര്‍ത്തിച്ച പ്രധാനമന്ത്രി, രാജ്യം കൈക്കൊണ്ട വൈകാരിക തീരുമാനമാണിതെന്നു പറയാനും മടിച്ചില്ല. ചരിത്രത്തിലെ ദുരന്തങ്ങള്‍ മറച്ചുപിടിച്ചുകൊണ്ടല്ല, അതിന്റെ ശരി തെറ്റുകള്‍ ഉള്‍ക്കൊണ്ടു മാത്രമേ ഒരു രാഷ്ട്രത്തിന് മുന്നോട്ടു പോകാനാവൂ എന്ന പാഠമാണ് ഈ തീരുമാനം നല്‍കുന്നത്. രാഷ്ട്രം ഭീകരവാദത്തിന്റെയും കടന്നാക്രമണ നയങ്ങളുടെയും ഭീഷണി നേരിടുകയാണെന്ന് പാക്കിസ്ഥാന്റെയും ചൈനയുടെയും പേരു പറയാതെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത്തരം ഭീഷണികള്‍ സഹിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ചുരുക്കത്തില്‍ ഭാരതത്തിന്റെ വര്‍ത്തമാന ഭാവി കാലങ്ങള്‍ ഈ ഭരണാധികാരിയുടെ കൈയില്‍ സുരക്ഷിതമാണെന്ന സന്ദേശമാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന പ്രസംഗം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: