ദുഷ്കര്‍മങ്ങള്‍ കൊണ്ട് ഭൂമിക്കു ഭാരമായിത്തീര്‍ന്ന രാവണനെ നിഗ്രഹിച്ച് ശ്രീരാമന് അവതാരലക്ഷ്യം പൂര്‍ത്തിയാക്കുന്നു. ശിഷ്ടസംരക്ഷണത്തിന്റെയും ശത്രുനിഗ്രഹത്തിന്റെയും കഥയായിട്ടും രാമായണത്തെ കാണാം. ജീവിതത്തില്‍ നമ്മളില്‍ പലര്‍ക്കും ശത്രുക്കളുണ്ടാകാം. എന്നാല്‍ പുറത്തുള്ള ശത്രുക്കളെ മാത്രമേ, നമ്മള് കാണാറുള്ളൂ. ഉള്ളിലെ ശത്രുക്കളെ പലരും കാണാറില്ല. കാണുന്നവരില്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു.
കാമക്രോധലോഭമദമാത്സര്യാദി തിന്മകളാണ് ഉള്ളിലുള്ള നമ്മുടെ ശത്രുക്കള്‍. ലളിതമായി പറഞ്ഞാല്‍ തിന്മകള്, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയാണ് മനസ്സിനുള്ളിലിരുന്ന് നമ്മെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കള്‍. പുറത്തുള്ള ശത്രുക്കളെ കീഴടക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ് ഉള്ളിലുള്ള ശത്രുക്കളെ കീഴടക്കാന്‍!
”തത്ര കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ”
ഇങ്ങനെ ശ്രീരാമന് വ്യക്തമായി തന്നെ ഇക്കാര്യം ലക്ഷ്മണനോടു പറയുന്നുണ്ട്. എല്ലാവരും മനസ്സിലാക്കേണ്ടതാണ് ഈ യാഥാര്‍ഥ്യം.
”ശ്രീരാമനോടുകലഹം തുടങ്ങിയാബ
ലാരും ശരണമില്ലെന്നതറിയണം”
വിഭീഷണന് രാവണനു നല്കുന്ന ഈ മുന്നറിയിപ്പും ഏറെ ശ്രദ്ധേയമാണ്. സത്യത്തിന്റെ, ധര്‍മത്തിന്റെ പ്രതീകമാണ് രാമന്. സത്യധര്മാധികളോടു കലഹിക്കുന്നവരെ രക്ഷിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ഈ വാക്യത്തില്‍ നിന്ന് നാം മനസ്സിലാക്കണം.
ബിരുദമോ, സ്ഥാനമോ, ധനമോ, കായികശക്തിയോ കൊണ്ട് ഉള്ളിലെ ശത്രുക്കളെ നശിപ്പിക്കാനാവില്ല. സ്വഭാവ സംസ്ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ത്ഥകമാണ്. അതിന് യഥാര്‍ത്ഥവിദ്യ അഭ്യസിക്കണം. മഹാന്മാരും മഹദ്ഗ്രന്ഥങ്ങളും നല്കുന്ന സന്ദേശം ഉള്‍ക്കൊള്ളണം. പരിശ്രമവും പരിശീലനവും വേണം. അങ്ങനെയേ മനസ്സിനെ നിയന്ത്രിച്ച് ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച് നന്മകളില് വ്യാപരിപ്പിക്കാനാവൂ.
സര്‍വലോകങ്ങളും കീഴടക്കിയ രാവണന് ഉള്ളിലെ ശത്രുവിനെ ജയിക്കാനായില്ല.
” ചിത്തമാം വലിയവൈരി കീഴമര്ബ
ന്നത്തല് തീര്‍ന്ന യമി തന്നെ ഭാഗ്യവാന്”
മനസ്സാകുന്ന വലിയ വൈരിയെ കീഴടക്കിയ സന്ന്യാസിയാണ് ഭാഗ്യവാന് എന്ന് കുമാരനാശാന് പാടിയതോര്‍ക്കുക.
അസഹിഷ്ണുത, അസൂയ, പക, വൈരം, അപകര്‍ഷബോധം, എന്നിവയെല്ലാം നമ്മുടെ സന്തോഷം നശിപ്പിക്കുന്ന ശത്രുക്കളാണ്. ഒരാളോട് മനസ്സില്‍ ശത്രുത വച്ചുകൊണ്ടിരുന്നാന് നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. അസൂയയും പകയുമെല്ലാം അസ്വസ്ഥതമാത്രമേ നമുക്കു തരൂ.
ഇവയെല്ലാം ഉപേക്ഷിക്കുമ്പോള്‍ നാം തോല്‍ക്കുകയല്ല, ജയിക്കുകയാണ് ചെയ്യുന്നത്. വെട്ടിപ്പിടിക്കലും കീഴടക്കലും മാത്രമല്ല വിജയം. വിട്ടുകൊടുക്കുമ്പോഴും കീഴടങ്ങുമ്പോഴുമാവാം ചിലപ്പോള്‍ നാം വിജയിക്കുക.
സ്വഭാവദൂഷ്യങ്ങളകറ്റി സ്വയം നന്നാകാന്‍ അര്‍പ്പണ ബോധത്തോടെ പരിശ്രമിക്കുക. അതാണ് രാമായണ സന്ദേശത്തിന്റെ അന്തസ്സത്ത. ഓരോ തവണ രാമായണം വായിക്കുമ്പോഴും മനസ്സിലെ ഒരു തിന്മയെങ്കിലും ഒഴിവാക്കാന്‍ നമുക്ക് കഴിയട്ടെ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: