ലഖ്നോ: ക്രമസമാധാന പാലനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നു. സംസ്ഥാനത്തിനകത്ത് വര്‍ഗ്ഗീയ കലാപങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം നേട്ടമായി എടുത്തു പറഞ്ഞു. പൗരന്മാര്ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കാന്‍ സാധിച്ചു. ഉത്തര്‍പ്രദേശ് കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം ഇപ്പോള്‍ ഇല്ലെന്നും യോഗി പറഞ്ഞു.
സമ്പദ് വ്യവസ്ഥയില്‍ രാജ്യത്ത് ആറാമതായിരുന്നു ഉത്തര്‍പ്രദേശ്. എന്നാല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ നാല് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ നിക്ഷേപത്തിന്റെ പുതുയുഗമാണ്. സാമ്പത്തികമായി പന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിനെയും പെടുത്തിയിരുന്നു. എന്നാല്‍ ബിമാരു സംസ്ഥാനങ്ങള്‍ എന്ന വിളിപ്പേരില്‍ നിന്നും (ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങള്‍ ചേര്‍ന്നതാണ് ബിമാരു സംസ്ഥാനങ്ങള്‍) ഉത്തര്‍പ്രദേശിന് മോചനം ലഭിച്ചു. രാജ്യത്തോടുള്ള പൗരന്മാരുടെ കടമ പ്രധാനമാണ്. പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചത് മോദി സര്‍ക്കാരാണെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: