കൊച്ചി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അടക്കം പിടിമുറുക്കി ദേശവിരുദ്ധ സംഘടനകള്‍. കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലകളില്‍ മാവോവാദികള്‍ രഹസ്യ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
സര്‍വ്വകലാശാലകളില്‍ ദേശവിരുദ്ധ ശക്തികള്‍ താവളമാക്കുന്നുണ്ടെന്ന വിവരം കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. പന്തീരാങ്കാവ് മാവോവാദി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ മാവോവാദി-ഭീകര സംഘടനകള്‍ സാന്നിധ്യമുറപ്പിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളും, പോലീസ് വധിച്ച മാവോവാദി സി.പി. ജലീലും കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റികളില്‍ രഹസ്യ യോഗം ചേര്‍ന്നതിന്റെ തെളിവുകളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്. പന്തീരങ്കാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി വിജിത്തും, ഒളിവിലുള്ള സി.പി. ഉസ്മാനും, 2019ല്‍ കൊല്ലപ്പെട്ട സി.പി. ജലീലും രഹസ്യയോഗങ്ങളില്‍ പങ്കാളികളായി. 2016-2019 കാലത്താണ് മാവോവാദികള്‍ സര്‍വ്വകലാശാലകളില്‍ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി ഹോസ്റ്റലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വിജിത്ത് അനധികൃതമായി താമസിച്ചതിന്റെ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു. പന്തീരാങ്കാവ് മാവോവാദിക്കേസില്‍ അറസ്റ്റിലായ അലന് സുഹൈബ്, താഹ ഫസല്‍ എന്നിവരില്‍ നിന്ന് സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. വിജിത്ത് വിജയനെതിരേ സമര്‍പ്പിച്ച സപ്ലിമെന്ററി ചാര്‍ജ് ഷീറ്റിലും ഇയാളുടെ പങ്കാളിത്തവും, കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വവകലാശാലകളില്‍ നടന്ന നിരോധിത മാവോവാദി സംഘടനകളുടെ രഹസ്യ യോഗങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2018ല്‍ കല്ലേരി ജുമാ മസ്ജിദ്, പെരുവയല്‍ ജങ്ഷന്, 2019ല്‍ മാവൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും ക്യാമ്പസുകളെ ലക്ഷ്യമിട്ടുള്ള രഹസ്യ യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഐഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: