ജനകോടികളുടെ നൂറ്റാണ്ടുകള്‍ നീണ്ട സ്വാതന്ത്ര്യാഭിവാഞ്ഛയുടെ സാക്ഷാത്കരണത്തിന്റെ 75 വര്‍ഷങ്ങള്‍. സ്വതന്ത്രഭാരതം എഴുപത്തിയഞ്ചാം വയസ്സിലേക്ക് നടന്നടുക്കുന്നു. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികം അവിസ്മരണീയമാക്കാനാണ് ലോകമെങ്ങുമുള്ള ഭാരതീയരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്തിനകത്തും പുറത്തുമായി നടക്കാന്‍ പോകുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ സ്വാതന്ത്ര്യത്തിനായി പൊരുതി മരിച്ച വീരനായകരുടെ സ്മരണയില്‍ ഒരോ ഭാരതീയനും ആവേശഭരിതരാവും.
നവഭാരത സൃഷ്ടിക്കായുള്ള പ്രയത്നങ്ങള്‍ക്ക് ഗതിവേഗം പകരാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടികളിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധങ്ങളായ പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജനങ്ങളുടെ ഉത്സവമായി ഇതു കൊണ്ടാടണം എന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 2022 ആഗസ്റ്റ്15 വരെ നീണ്ടുനില്‍ക്കുന്ന 75 ആഴ്ച ദൈര്‍ഘ്യമുള്ള പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ മഹാത്മാഗാന്ധിയുടെ സ്മരണകള്‍ നിറഞ്ഞ സബര്‍മതി ആശ്രമത്തില്‍ നടന്ന പദയാത്രയോടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കാനും, അവരുടെ ജീവിതം പുതുതലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനുമുള്ള വേദിയാക്കി ആഘോഷങ്ങളെ മാറ്റണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യ പോരാട്ടം, ആശയങ്ങള്‍@75, നേട്ടങ്ങള്‍@75, പ്രവൃത്തികള്‍ @75, പരിഹാരങ്ങള്‍@75 എന്നിങ്ങനെ അഞ്ച് ഘടകങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ ആണ് നടക്കുന്നത്. നമ്മുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരവും കടമകളെപ്പറ്റിയുള്ള ബോധ്യവും മുന്നോട്ടുള്ള പ്രയാണവുമെല്ലാം പുതുതലമുറയ്ക്ക് പകരാന്‍ ആസാദി കാ അമൃത് മഹോത്സവ് ലക്ഷ്യമിടുന്നു. ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്ക് സാധിക്കുമെന്ന് സബര്‍മതി ആശ്രമത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മോദി വ്യക്തമാക്കിയിരുന്നു.
സ്മൃതിപഥങ്ങളിലെ നക്ഷത്രങ്ങള്‍
സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയില്‍ സ്വയം എരിഞ്ഞടങ്ങിയ ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ മണ്ണാണ് ഇത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി മരിച്ചുവീണ ധീരര്‍ ഓരോ ഗ്രാമങ്ങളിലും അനവധി. എന്നാല്‍ കാലചക്രത്തില്‍ വിസ്മൃതിയിലാണ്ടുപോയ അവരുടെ ജീവത്യാഗങ്ങളുടെ വീണ്ടെടുപ്പുകൂടിയാണ് ആസാദി കാ അമൃത് മഹോത്സവ്. എല്ലാവരും മറന്ന അത്തരത്തിലുള്ള ധീരരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിചയപ്പെടുത്തലുകളുമാണ് കഴിഞ്ഞ ആഴ്ചകളില്‍ രാജ്യമെങ്ങും നടന്നത്.
പതിനേഴാം വയസ്സില്‍ കൈകളില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റുവീണ അസമീസ് ധീരവനിത കനകലതാ ബറുവയും, ബ്രിട്ടീഷ് ഭരണത്തിനെതിരെ രഹസ്യ റേഡിയോ സംപ്രേക്ഷണം നടത്തിയ സൂറത്തിലെ ഉഷാ മേത്തയും, പഴയ യുണൈറ്റഡ് പ്രൊവിന്‍സിലെ ബ്രിട്ടീഷ് സൈന്യത്തിന് മുഴുവന്‍ തലവേദനയായി മാറിയ അയോധ്യയിലെ ധീര വിപ്ലവകാരി വസുധാ സിങ്ങും, നാടോടിപ്പാട്ടുകളിലൂടെയും കവിതകളിലൂടെയും ജനങ്ങളില്‍ സ്വാതന്ത്ര്യബോധം ശക്തമാക്കിയ മലമുകളിലെ ഗാന്ധി എന്നറിയപ്പെട്ട ഹിമാചലിലെ ബാബാ കാന്‍ഷിറാമും, ഇരുണ്ട രാത്രികളില്‍ ദേശഭക്തിഗാനങ്ങള്‍ പാടി സ്വാതന്ത്ര്യപ്പോരാട്ടത്തെ ആളിക്കത്തിച്ച കന്നഡ കവി രാമപ്പ നായിഡുവുമെല്ലാം അങ്ങനെ രാജ്യത്തിന്റെ സ്മൃതിപഥങ്ങളില്‍ വീണ്ടും നക്ഷത്രങ്ങളായി തിളങ്ങിത്തുടങ്ങി. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലെയും സ്വാതന്ത്ര്യസമര പോരാളികളെ ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വാതന്ത്ര്യം നേടിത്തന്നത് ഏതെങ്കിലും ഒരു വ്യക്തിയല്ല, ഒരായിരം പേരുടെ ജീവത്യാഗമായിരുന്നു എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് മോദി.
1857 മുതലുള്ള പോരാട്ടമായിരുന്നു അത്
”1857ലെ ഒന്നാം സ്വാതന്ത്ര്യസമരം, മഹാത്മാഗാന്ധിയുടെ വിദേശത്തുനിന്നുള്ള മടങ്ങിവരവും അദ്ദേഹം ആവിഷ്ക്കരിച്ച സത്യഗ്രഹം എന്ന സമര രീതി, സമ്പൂര്‍ണ്ണ സ്വരാജ്യമെന്ന ലോകമാന്യ തിലകന്റെ ആഹ്വാനം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ആസാദി ഹിന്ദു ഫൗജിന്റെ ദല്‍ഹി മാര്‍ച്ച് എന്നിവയെല്ലാം നമ്മുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തെ ആളിക്കത്തിച്ചു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും നമ്മുടെ ആചാര്യന്മാരും സംന്യാസിമാരും അധ്യാപകരുമെല്ലാം ചേര്‍ന്ന് സ്വാതന്ത്ര്യപ്പോരാട്ടത്തെ അനുദിനം ശക്തിപ്പെടുത്തി. ദളിതരും ആദിവാസികളും വനിതകളും യുവാക്കളും രാജ്യമെമ്പാടും സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തു. ബ്രിട്ടീഷുകാര്‍ തലയില്‍ വെടിവച്ചിട്ടും നമ്മുടെ പതാക താഴെയിടാതെ ജീവത്യാഗം ചെയ്ത തമിഴ്നാട്ടുകാരനായ കൊടികാത്ത കുമാരന് എന്ന തിരുപ്പൂര്‍ കുമാരനും,
ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ പോരാട്ടം നടത്തിയ മഹാറാണിയായ രാമനാഥപുരത്തെ വേലു നാച്ചിയാരും അറിയപ്പെടാതെ പോയ നായകരാണ്. ബിര്‍സാ മുണ്ടയും മുര്‍മു സഹോദരങ്ങളും ഒഡീഷയിലെ ചക്ര ബിസോയിയും ധീരമായ പോരാട്ടങ്ങള്‍ നടത്തിയവരാണ്. ഇത്തരത്തില്‍ സ്വാതന്ത്ര്യത്തിനായി ജീവന് വെടിഞ്ഞ ധീരരെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ രാജ്യത്തെ യുവാക്കളോടും എഴുത്തുകാരോടും പണ്ഡിതരോടും ഞാന്‍ ആവശ്യപ്പെടുകയാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ അവരുടെ നേട്ടങ്ങള്‍ ലോകമറിയേണ്ടതുണ്ട്. കല, സാഹിത്യം, നാടകം, സിനിമ എന്നീ വിവിധ മേഖലകളിലൂടെ, അറിയപ്പെടാത്ത ഈ ധീരനായകരെ നമുക്ക് ലോകത്തിന് പരിചയപ്പെടുത്താം.”
രാഷ്ട്രഗാന്‍ ഡോട്ട് ഇന്‍
ഓരോ ഇന്ത്യക്കാരും ദേശീയഗാനം ആലപിക്കുന്ന പരിപാടിയാണിത്. ദേശീയഗാനം ആലപിച്ച് വീഡിയോയില്‍ ചിത്രീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രഗാന്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ആദ്യം പേരുവിവരങ്ങള്‍ നല്കിയ ശേഷം സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ചിത്രീകരിക്കുക. തുടര്‍ന്ന് അത് അപ്ലോഡ് ചെയ്യുകയും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. വലിയ പ്രതികരണമാണ് രാഷ്ട്രഗാന്ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റിന് ലഭിച്ചത്. ഇതുവരെ 83 ലക്ഷം പേരാണ് ദേശീയഗാനം പാടി അപ്ലോഡ് ചെയ്തത്. ഏറ്റവും മികച്ച 100 വീഡിയോകള്‍ തെരഞ്ഞെടുത്ത് ടിവിയിലും റേഡിയോയിലും യുട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.
എന്താണ് ലക്ഷ്യം
സ്വാതന്ത്ര്യ ലബ്ധിയുടെ ഏഴര പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന 2022 ആഗസ്റ്റ് 15 ആവുമ്പോഴേക്കും പുതിയതും ആത്മനിര്‍ഭരവുമായ ഭാരതത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ലക്ഷ്യം. ഭരണം, വികസനം, സാങ്കേതിക വിദ്യ, പരിഷ്കരണങ്ങള്‍, പുരോഗതിയും നയങ്ങളും തുടങ്ങിയ ഘടകങ്ങള്‍ കേന്ദ്രീകരിച്ചുള്ള നാളത്തെ വികസിത ഭാരതമാണ് ലക്ഷ്യം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ മന്ത്രാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടികള്‍ നടക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലും ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
യുവ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. രാജ്യമെങ്ങുമുള്ള 75 യുവ എഴുത്തുകാരെ കണ്ടെത്തി അവര്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപ വീതം നല്‍കും. ഇവരുടെ പുസ്തകങ്ങള്‍ നാഷണല്‍ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. 10 ശതമാനം റോയല്‍റ്റിയും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കും. 2022 ജനുവരി 12ന് ദേശീയ യുവജനദിനത്തിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക.
ഹ്രസ്വചിത്ര മത്സരം
സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിമുകളുടെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ദേശീയ കുടിവെള്ള, ശുചിത്വ മന്ത്രാലയമാണ്. ഒന്നാം സമ്മാനമായി 1.60 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 60,000, 30,000 രൂപ വീതവും നല്‍കും. രണ്ടാം കാറ്റഗറിയില്‍ രണ്ടുലക്ഷം, 1.20 ലക്ഷം, 80,000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. വിശദ വിവരങ്ങള്‍ വേേു:െ//ശിിീ്മലേശിറശമ.ാ്യഴീ്.ശി/യൊഴശിിീ്മശേീിരവമഹഹലിഴല എന്ന വെബ് സൈറ്റിലുണ്ട്.
ആസാദി കാ അമൃത് മഹോത്സവ് എന്ന ആശയത്തെപ്പറ്റി ഓണ്‍ലൈന്‍ ലേഖന മത്സരവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ ഡിസൈനും നവഭാരത് ഉദ്യാന്റെ രൂപരേഖാ മത്സരവും ആസാദി കാ അമൃത് മഹോത്സവ് ലോഗോ ഡിസൈന്‍ മത്സരവുമെല്ലാം നടക്കുന്നുണ്ട്. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ലോഗോ രൂപകല്‍പ്പനാ മത്സരവും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ടാഗ് ലൈന്‍ നിര്‍ദ്ദേശിക്കാനുള്ള മത്സരവും പദ്ധതിയെപ്പറ്റിയുള്ള ക്വിസ് മത്സരവും യുവാക്കളെ ഏറെ ആകര്‍ഷിക്കുന്നു.
ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതി ഏതൊക്കെ തരത്തില്‍ നടത്തണം എന്നത് രാജ്യത്തെ യുവജനതയുടെ അഭിപ്രായം മൈഗവ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റിലൂടെ സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: