കൊല്ലം: സംസ്ഥാനത്തെ പിന്നാക്കമേഖലകളിലെ വിദ്യാര്‍ഥികളും തൊഴിലന്വേഷകരുമായ 2500ല്‍പരം യുവാക്കള്‍ക്ക് അമൃതവിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം തൊഴില്‍ നൈപുണ്യ പരിശീലനം നല്കിക്കഴിഞ്ഞതായി അമ്മച്ചി ലാബ്സ്-പിഎംകെവിവൈ പ്രോജക്ടുകളുടെ പ്രധാന ചുമതലയുള്ള പ്രേമ പിള്ള, സ്റ്റെം ഇന്നോവേഷന്‍ റിസര്‍ച്ച് ചുമതല വഹിക്കുന്ന ഗായത്രി മണിക്കുട്ടി എന്നിവര്‍ അറിയിച്ചു.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പ്രകാരം നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (എന്‍എസ്ഡിസി) വഴി നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി പ്രകാരവും അമൃത വിശ്വവിദ്യാപീഠത്തിന്റെ ഫ്യൂച്ചര്‍ സ്‌കില്‍സ്: സ്‌കില്‍ ഫോര്‍ സ്‌കൂള്‍സ് പദ്ധതി പ്രകാരവുമാണ് പരിശീലനം. രണ്ട് പദ്ധതികള്‍ക്കും നേതൃത്വം കൊടുക്കുന്നത് സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്മച്ചി ലാബുകളാണ്.
2018 നവംബറിലാണ് ഒന്‍പത് പരിശീലന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി അമൃത-പിഎംകെവിവൈ പരിപാടി ആരംഭിച്ചത്. കേരളത്തിന് പുറമെ ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി 800 യുവാക്കളെ പരിശീലിപ്പിച്ചു. പ്ലംബിങ്ങ്, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ (ഇരുചക്ര, മുച്ചക്രവാഹന റിപ്പയര്‍), ടെയിലര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളാണ് പദ്ധതി വഴി നടത്തിയത്.
കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കൊല്ലം ജില്ലകളിലെ ഗ്രാമീണ സ്‌കൂളുകളിലും ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍, കൃഷ്ണ ജില്ലകളിലുമാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്‌കില്‍സ് ഇന്‍ സ്‌കൂള്‍സ് പരിപാടി നടപ്പാക്കുന്നത്.
















