കാബൂൾ: ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രവിശ്യകളോരോന്നായി കീഴടക്കി തങ്ങളുടെ ഭരണം സ്ഥാപിച്ച താലിബാന് ഭീകരര്‍ ഏത് നിമിഷവും കാബൂൾ പിടിച്ചടക്കും. കാബൂളിന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് താലിബാന്.
അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലെത്തി. നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. പ്രധാനമായും വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കാതെ തങ്ങളുടെ പൗരന്മാരെ പുറത്തെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
600 സൈനികരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബ്രിട്ടണ് അയച്ചത്. ആക്രമണം അവസാനിപ്പിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ,് ലോകരാജ്യങ്ങള്‍ അഫ്ഗാന് അഭായര്‍ത്ഥികള്‍ക്കായി അതിര്‍ത്തി തുറന്നിടണമെന്നും അഭ്യര്‍ത്ഥിച്ചു. സ്ഥിതി വിലയിരുത്താന്‍ യോഗം ചേര്‍ന്ന നാറ്റോ സൈന്യം അഫ്ഗാന് സര്‍ക്കാരിന് പൂര്‍ണ പിന്തുണ പിന്തുണ പ്രഖ്യാപിച്ചു.
താലിബാന് ഭീകരര്‍ക്കു മുന്നില്‍ പിടിച്ചു നില്ക്കാന് സാധിക്കില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ഭരണ പങ്കാളിത്തം നല്കി സമവായത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ വിജയം ഉറപ്പാണെന്നു വിശ്വസിക്കുന്ന താലിബാന് ഇത് അംഗീകരിച്ചില്ല. രാജ്യത്തെങ്ങും അരാജകത്വവും കടുത്ത പട്ടിണിയുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൗരന്മാരില് നിരവധി പേര് പാകിസ്ഥാനിലേയ്ക്ക് പാലായനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: