കാസര്‍കോട്: കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാതെ സൂക്ഷിച്ച പണം പിടിച്ചെടുത്തു. തലപ്പാടിയില്‍ നിന്ന് 16,900 രൂപയും പെര്‍ളയില്‍ നിന്ന് 750 രൂപയുമാണ് പിടിച്ചെടുത്തത്. സംസ്ഥാനതലത്തില്‍ നടത്തിയ ‘ഓപ്പറേഷന്‍ ബ്രെസ്റ്റ് നിര്‍മൂലന്‍’ പ്രകാരമാണ് കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.സി. വേണുഗോപാലന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
ഡ്രൈവര്‍മാരില്‍ നിന്നും വാങ്ങുന്ന കൈക്കൂലി പണം ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റില്‍ നിന്നും കടത്തിക്കൊണ്ടുപോയി മറ്റൊരിടത്ത് സൂക്ഷിക്കാന്‍ നിയുക്തരായ ഏജന്റുമാരില്‍ രണ്ടു പേരെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കൈക്കൂലി പണം കടത്തുന്നതിന് പ്രത്യേകം ഏജന്റുമാര്‍ ഉണ്ടെന്ന് റെയ്ഡില്‍ വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് പരിശോധന പ്രതീക്ഷിക്കുന്ന ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ അനധികൃത പണം വേഗത്തില്‍ മാറ്റുകയാണ് ചെയ്യുന്നത്. പണവുമായി ഏതെങ്കിലും ലോറിയില്‍ കയറിപ്പോയി പണം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ച ശേഷം അടുത്ത ലോറിയില്‍ കയറി തിരിച്ചെത്തും. ദിവസവും ലക്ഷങ്ങള്‍ ചെക്ക്‌പോസ്റ്റുകളില്‍ കൈക്കൂലി പണം എത്തുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇക്കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
തലപ്പാടിയില്‍ നടന്ന റെയ്ഡിൽ എസ്.ഐ. കെ. രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.കെ. രഞ്ജിത്ത് കുമാര്‍, കെ.പി. പ്രദീപ്, എ.വി. രജീഷ് എന്നിവരും പെര്‍ളയില്‍ നടന്ന പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്.ഐ. പി.പി മധു, എ.എസ്.ഐ സുഭാഷ് ചന്ദ്രന്‍, പി.വി. സതീശന്‍, എസ്.സി.പി.ഒ സുധീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: